|    Nov 14 Wed, 2018 12:32 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

വയല്‍വരമ്പിലെ എടിഎം

Published : 5th August 2016 | Posted By: SMR

slug-thalavattamവയലില്‍ പണിതന്നാല്‍ വരമ്പത്തു തന്നെ കൂലികൊടുക്കണമെന്നല്ലേ സഖാവ് കോടിയേരി സഹസഖാക്കളെ ഉപദേശിച്ചിട്ടുള്ളൂ. അതില്‍ എന്താണിത്ര തെറ്റ്? ഇതുവരെ കൊയ്ത വയലെല്ലാം ഇപ്പോള്‍ നമ്മുടേതായിക്കഴിഞ്ഞു. പിന്നെ ഇനി നമ്മളാരാ? തൊഴിലുടമ. അഥവാ കൂലികൊടുക്കേണ്ടവര്‍. പണിയെടുത്ത നാളുകളില്‍ കാണിച്ച അവകാശബോധം ഇനിമേലില്‍ കൂലികൊടുക്കേണ്ട ഉത്തരവാദിത്തബോധമായി മാറണം. അത്രയേ ഉള്ളൂ. എന്നിരിക്കെ തൊഴിലാളിവര്‍ഗബോധത്തിലൂന്നിയ ഈ ചുകപ്പന്‍ പഴഞ്ചൊല്ലിനെ കുറ്റംപറയാന്‍ ഇതുവരെ വയലിലിറങ്ങാത്ത, മണ്ണിന്റെ മണമറിയാത്ത ഫ്യൂഡല്‍ മനോഭാവക്കാര്‍ക്കു മാത്രമേ സാധിക്കൂ. അല്ലാതെ കൂലി വാങ്ങാനോ കൊടുക്കാനോ ഉള്ള നെട്ടോട്ടത്തിനിടയിലെ വിയര്‍പ്പിന്റെ വില അറിഞ്ഞവര്‍ക്കോ അതിനു നീരാക്കിയ ചോരയുടെ മണം അറിഞ്ഞവര്‍ക്കോ സാധ്യമല്ല.
സംസ്ഥാന സെക്രട്ടറിയുടെ പഴഞ്ചൊല്ലില്‍ പതിരില്ലെന്ന് പാര്‍ട്ടിയുടെ കണ്ണൂര്‍ സര്‍വകലാശാല സെക്രട്ടറി പി ജയരാജനും സമര്‍ഥിച്ചുകഴിഞ്ഞു. കാര്യങ്ങള്‍ പുസ്തകങ്ങളില്‍നിന്നു പഠിച്ച വര്‍ഗബോധത്തില്‍ മാത്രം ഊന്നിനിന്ന് സമര്‍ഥിക്കുന്ന നേതാവല്ല ജയരാജന്‍. അനുഭവസമ്പത്തിന്റെ വെളിച്ചംകൂടിയുണ്ടാവും അദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങളില്‍. വയലിലെ സമഗ്രസംഭാവനയ്ക്ക് പെന്‍ഷന്‍ വാങ്ങുന്ന ആളാണ്! അതുകൊണ്ടാണ് വരമ്പത്ത് കൂലി കിട്ടാതിരിക്കാന്‍ വരമ്പത്ത് വരാതിരിക്കണമെന്ന് ഒന്നുകൂടി ബൊള്‍ഷെവിക്കായി കോടിയേരിച്ചൊല്ലിനെ അദ്ദേഹം വിശദമാക്കിയത്.
ഇനി മറ്റൊരു നിര്‍ദേശം വരുന്നതുവരെ വേതന വിതരണ കേന്ദ്രങ്ങള്‍ വരമ്പുകളായിരിക്കുമെങ്കിലും കാണെക്കാണെ പാടങ്ങളും വരമ്പുകളും ഇല്ലാതായിക്കൊണ്ടിരിക്കുന്നതു കണക്കിലെടുത്ത് കാലേക്കൂട്ടി ചില തീരുമാനങ്ങള്‍ നടപ്പാക്കിയിട്ടുള്ളതും ഓര്‍മവേണം. അതായത്, വരമ്പു കാണുന്നില്ലല്ലോ എന്നോര്‍ത്ത് സഞ്ചിയിലും മടിയിലും വാഹനങ്ങളിലും നിറച്ച കൂലിയുമായി അലയേണ്ടതില്ല. അത്തരം ഘട്ടങ്ങളില്‍ മുകളില്‍നിന്നുള്ള മെസേജ് അനുസരിച്ച് വേതനം നല്‍കാവുന്നതാണ്. ഉദാഹരണമായി തളിപ്പറമ്പ് അരിയില്‍ ഷുക്കൂറിനു കൂലികൊടുത്തത്. ആളെ കണ്ടെത്തിയെന്ന് അറിയിച്ചിട്ടല്ലേയുള്ളൂ? കുറച്ച് കഷ്ടപ്പെട്ടിട്ടാണെങ്കിലും വയലിലൂടെ നടത്തിച്ച് ഒടുവിലൊരു വരമ്പ് കണ്ടുപിടിച്ചപ്പോള്‍ അവിടെ വച്ചുതന്നെ കൂലികൊടുക്കാന്‍ മെസേജ് വന്നില്ലേ, അതുമാതിരി.
കടകളിലും വീടുകളിലും ചെന്ന് തല്‍ക്കാലം കണക്കുതീര്‍ക്കേണ്ടെന്ന് കോടിയേരി സഖാവ് പറയാന്‍ മറ്റു ചില കാരണങ്ങള്‍കൂടിയുണ്ട്. അതിലൊന്ന് വിദഗ്ധ             കണക്കുതീര്‍പ്പുകാരുടെ താല്‍ക്കാലിക ക്ഷാമമാണ്. സമീപകാലം വരെ മിടുമിടുക്കന്‍മാരായ കോ-ഓഡിനേറ്റര്‍മാരും വിതരണക്കാരും വാഹനസൗകര്യവും 24 മണിക്കൂറും സേവനവും ഒക്കെ ഉണ്ടായിരുന്നു. അവരില്‍ വിദഗ്ധ പരിശീലനം നേടിയ കൊടി സുനി, കിര്‍മാണി മനോജ്, ഷാഫി തുടങ്ങിയവരൊന്നും സ്ഥലത്തില്ല. ഒഞ്ചിയം വരമ്പിലെ കൂലികൊടുപ്പ് കഴിഞ്ഞ് ഭാവിപരിപാടികള്‍ക്കുവേണ്ടി ചില പേപ്പറുകള്‍ ശരിയാക്കാനും ഏറെനാള്‍ വിശ്രമമില്ലാതെ കഠിനാധ്വാനം ചെയ്തതിന്റെ ക്ഷീണമകറ്റാന്‍ ചില്ലറ ഉഴിച്ചില്‍ പിഴിച്ചില്‍ ചികില്‍സയ്ക്കുമായി പോയിരിക്കുകയാണ്.
കോടിയേരി സഖാവിന്റെ പഴഞ്ചൊല്‍ പ്രസംഗത്തില്‍ കായികമേഖലയ്ക്കും ചില പ്രതീക്ഷകള്‍ക്കു വക കാണുന്നുണ്ട്. പണിക്കു മാത്രമല്ല, ഇനി കളിച്ചാലും കൂലി കിട്ടുമെന്ന് അദ്ദേഹം പരാമര്‍ശിച്ചിട്ടുണ്ട്. ലോങ് ജംപ് കളിച്ചുകളിച്ചു വളര്‍ന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുവരെയായ അഞ്ജു ബോബിജോര്‍ജിനോട് വിളിച്ചുവരുത്തിയിട്ട് കണക്കുതീര്‍ക്കുമെന്ന് കോടിയേരി സഖാവിന്റെ നാട്ടുകാരന്‍കൂടിയായ കായികമന്ത്രി സൂചനകൊടുത്തത് ഇതിനു മുന്നോടിയായാണ്. മാത്രമല്ല; കൂലികൊടുക്കല്‍ കാര്യക്ഷമവും കുറ്റമറ്റതുമാക്കാന്‍ ആവശ്യമായ കായിക പരിശീലനം നേടണമെന്നും കോടിയേരി നിര്‍ദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പു വരെ യോഗയും ധ്യാനവുമൊക്കെ മതിയായിരുന്നു. ഇനി ചുറുചുറുക്കോടെ പ്രകടനപത്രിക നടപ്പാക്കേണ്ട സമയമാണ്. അതുകൊണ്ട് കായിക പരിശീലനം ഒഴിച്ചുകൂടാനാവാത്തതാണ്. പഴയ കളരികളും പടവാളുമൊക്കെ ചാണകം തളിച്ചും ചോര തുടച്ചും വെടിപ്പാക്കിയിട്ടേക്കണം. പണിക്കോ കളിക്കോ വരുന്ന ആരെയും വെറും കൈയോടെ മടക്കിയയക്കരുത്. അത് നാടിനോ നാടുഭരിക്കുന്നവര്‍ക്കോ ചേര്‍ന്നതല്ല. കോടിയേരി സഖാവിന്റെ നിര്‍ദേശത്തെക്കുറിച്ച് സംസ്ഥാനത്തിനകത്ത് പാര്‍ട്ടിയിലാരോടും അധികമൊന്നും ഇനി ചോദിക്കേണ്ടതില്ല. മുന്‍ സെക്രട്ടറി ഇപ്പോള്‍ വഹിക്കുന്ന ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ക്കിടയ്ക്ക് ഇത്തരം കാര്യങ്ങള്‍ക്കു കൂടി ഒരു ഉപദേഷ്ടാവിനെ നിയമിക്കാന്‍ നേരമില്ല. അതുകൊണ്ടാണ് കോടതിവളപ്പിലെ വരമ്പത്ത് കറുത്ത കുപ്പായക്കാര്‍ കൂലികൊടുക്കാനിറങ്ങിയതിനെപ്പറ്റി ചോദിച്ചപ്പോള്‍ അതെല്ലാം അടഞ്ഞ അധ്യായങ്ങളാണെന്ന് അദ്ദേഹം മറുപടി പറഞ്ഞത്.
കോടിയേരി സഖാവിന്റെയും ജയരാജന്‍ സഖാവിന്റെയും ഈ കൂലിനയം പുതിയതൊന്നുമല്ലെന്നും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിശാലമായ പാടവരമ്പുകളില്‍ വച്ച് വര്‍ഷങ്ങളായി തങ്ങള്‍ ദലിതര്‍ക്ക് കൂലികൊടുത്തുവരുന്നതിന്റെ പച്ചയായ അനുകരണം മാത്രമാണിതെന്നും ചില പശുസംരക്ഷണ സേനാ മുഖ്യ കാര്യവാഹകുമാര്‍ വിമര്‍ശിക്കുന്നുണ്ട്. എന്നാലും കാര്യത്തില്‍ യോജിപ്പുള്ളതുകൊണ്ട് കൂലി കിട്ടേണ്ടവര്‍ക്ക് നഷ്ടമൊന്നും സംഭവിക്കാനില്ല. രണ്ടുകൂട്ടരും സീറോ ബാലന്‍സില്‍ ഫ്രീയായി അക്കൗണ്ട് അനുവദിച്ചാണ് കൂലിതരാന്‍ വരുന്നത്. വരമ്പത്ത് കൈയും നീട്ടി നിന്നാല്‍ മാത്രം മതി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss