|    Feb 26 Sun, 2017 11:37 am
FLASH NEWS

വയലുകള്‍ വറ്റിവരണ്ടു;കര്‍ഷകര്‍ ദുരിതക്കയത്തില്‍

Published : 2nd December 2016 | Posted By: SMR

വി.പി അബ്ദുല്‍ ഖാദര്‍

ചങ്ങരംകുളം: മഴക്കാലം ചതിച്ചതോടെ പ്രദേശത്തെ നൂറ് കണക്കിന് ഏക്കര്‍ വയലുകളില്‍ കൃഷിയിറക്കിയ നെല്‍ കര്‍ഷകര്‍ക്ക് പറയാനുള്ളത് കണ്ണീരിന്റെ കഥകള്‍. സംസ്ഥാനത്തെ കാലാവസ്ഥ തകിടം മറിച്ച് ഇത്തവണ കാലവര്‍ഷവും തുലാവര്‍ഷവും ഒരേ പോലെ ചതിച്ചതാണ് മഴ പ്രതീക്ഷിച്ച് കൃഷി ഇറക്കിയവരെ ചതിച്ചത്. മഴ ലഭിക്കാത്തത് മൂലം വെള്ളമില്ലാത്ത വയലുകളില്‍ ഒരു വിഭാഗം നേരത്തെ തന്നെ കൃഷിയില്‍ നിന്ന് പിന്‍മാറിയെങ്കിലും ഞാറ് നടീല്‍ പൂര്‍ത്തിയാക്കിയ പ്രദേശത്തെ ഏക്കര്‍ കണക്കിന് വയലുകളാണ് പ്രതീക്ഷിച്ച തുലാവര്‍ഷവും എത്താതിരുന്നത് മൂലം ദുരിതത്തിലായത്. വെള്ളം പൂര്‍ണമായും വറ്റി വരണ്ട വയലുകളിലേക്ക് തൊട്ടടുത്ത തോടുകളില്‍ നിന്നും കുളങ്ങളില്‍ നിന്നുമെല്ലാം വെള്ളമെത്തിച്ച് പല കര്‍ഷകരും കൃഷി കതിരിടുന്ന അവസ്ഥയില്‍വരെ എത്തിച്ചെങ്കിലും പ്രദേശത്തെ തണ്ണീര്‍തടങ്ങളും തോടുകളും കുളങ്ങളും വറ്റിത്തുടങ്ങിയതോടെ ഇനി എന്തു ചെയ്യും എന്ന ആശങ്കയിലാണ് ലക്ഷങ്ങള്‍ മുടക്കിയ കര്‍ഷകര്‍. സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക നയം കൂടിയായതോടെ കര്‍ഷകര്‍ക്ക് കൃഷിവകുപ്പില്‍ നിന്ന് ലഭിക്കേണ്ട ലോണടക്കമുളള സാമ്പത്തിക സഹായങ്ങളോ മറ്റു കൃഷി നാശങ്ങള്‍ക്കുളള സഹായങ്ങളോ ലഭിക്കാനുള്ള സാധ്യതയും കൂടി ഇല്ലാതയതോടെ പല കര്‍ഷകരും ആത്മഹത്യയുടെ വക്കിലാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ കോള്‍പടവുകള്‍ സ്ഥിതി ചെയ്യുന്ന പൊന്നാനി കോള്‍ മേഖലയിലെ ആയിരക്കണക്കിന് ഏക്കറില്‍ കൃഷി ചെയ്തു വരുന്ന പുഞ്ചക്കര്‍ഷകരുടെയും അവസ്ഥ ഇത്തവണ കണ്ണീരിന്റെതാവും. പ്രദേശത്ത് തരിശായി കിടന്ന നൂറ് കണക്കിന് ഏക്കര്‍ വയലുകളില്‍ കഴിഞ ഏതാനും വര്‍ഷമായി വിവിധ കര്‍ഷകരും കര്‍ഷക കൂട്ടായ്മകളും കൃഷിക്ക് തുടക്കം കുറിച്ചിരുന്നു. അടുത്തിടെയായി കാര്‍ഷിക മേഖലയില്‍ ഒരു പുത്തന്‍ ഉണര്‍വ്വ് നല്‍കാനും പല യുവകൂട്ടായ്മകളും ഈ മേഖലയിലേക്ക് തിരിയാനും കാരണമായിരുന്നു. ഇത്തവണത്തെ കാലാവസ്ഥയുടെയും ഗവണ്‍മെന്റിന്റെ പുതുക്കിയ സാമ്പത്തിക നയത്തിന്റെയും ചതിയില്‍ പെട്ട് ഇല്ലാതാകുന്നത് പലരുടെയും സ്വപ്‌നങ്ങളാണ്. നെല്‍കൃഷി കതിരിട്ടുവെങ്കിലും വെള്ളം ലഭിക്കാത്തത് മൂലം ഉണങ്ങിയ അവസ്ഥയിലാണ് ഉള്ളത്. പ്രദേശത്തെ ഏറ്റവും വലിയ ജൈവകര്‍ഷക കൂട്ടായ്മയായ മോഡേണ്‍ ജൈവകര്‍ഷക സംഘം കഴിഞ്ഞ ദിവസം കിലോമീറ്ററുകള്‍ അപ്പുറത്തുള്ള പുഞ്ചപ്പാടത്തെ തോടുകളില്‍ നിന്ന് മോട്ടോര്‍ വച്ച് ചിയ്യാനൂര്‍ പാടത്തെ തോട്ടിലേക്ക് വെള്ളമെത്തിച്ചാണ് കൃഷിക്കാവശ്യമായത് ശേഖരിക്കനന്നത്. ഈ സ്ഥിതി എത്ര നാള്‍ തുടരാന്‍ കഴിയുമെന്നത് അവര്‍ക്കും അറിയില്ല. കൃഷി പൂര്‍ത്തിയാക്കാന്‍ കഴിഞാല്‍ പോലും പ്രതീക്ഷിച്ച വിളവ് ഒരു കര്‍ഷനും ലഭിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇത് കൊണ്ട് തന്നെ ലക്ഷങ്ങളുടെ നഷ്ടക്കണക്കുകളാവും ഇത്തവണ ഓരോ കര്‍ഷകനും പറയാനുളളത്. കൃഷിയുടെ അവസ്ഥ അപകടത്തിലാവുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നോ സര്‍ക്കാരിന്റെ സംവിധാനങ്ങളില്‍ നിന്നോ ഒരു എത്തി നോട്ടം പോലും ഉണ്ടായിട്ടില്ല എന്ന ദുഖം പല കര്‍ഷകരും പങ്ക് വെക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day