|    Jan 16 Mon, 2017 6:29 pm

വയലാര്‍ പുരസ്‌കാരം യു കെ കുമാരന്

Published : 6th October 2016 | Posted By: SMR

തിരുവനന്തപുരം: വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റിന്റെ 2016ലെ വയലാര്‍ രാമവര്‍മ സാഹിത്യ അവാര്‍ഡ് യു കെ കുമാരന്റെ ‘തക്ഷന്‍കുന്ന് സ്വരൂപം’ എന്ന നോവലിനു ലഭിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന ജഡ്ജിങ് കമ്മിറ്റി യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ ട്രസ്റ്റ് പ്രസിഡന്റ് പ്രഫ. എം കെ സാനുവാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്.
ഒരു ലക്ഷം രൂപയും പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മിച്ച ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. എം മുകുന്ദന്‍, സേതു, പ്രഫ. കടത്തനാട്ട് നാരായണന്‍ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് ട്രസ്റ്റിന്റെ 40ാമത് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.
ചമയങ്ങളൊന്നുമില്ലാതെയും കൃത്രിമത്വമേതുമില്ലാതെയുമാണ് നോവല്‍ അണിയിച്ചൊരുക്കിയതെന്ന് മുകുന്ദന്‍ പറഞ്ഞു. സാര്‍വദേശീയതലമാണ് നോവലിനെ വേറിട്ടുനിര്‍ത്തുന്നതെന്ന് സേതു വ്യക്തമാക്കി. സമൂഹത്തിനു മുന്നോട്ടുപോകാനുള്ള ജീവിതദര്‍ശനമാണ് നോവലില്‍ കാണാന്‍ കഴിഞ്ഞതെന്ന് പ്രഫ. കടത്തനാട്ട് നാരായണന്‍ വിശദീകരിച്ചു.
അഞ്ചു വര്‍ഷത്തിനുള്ളില്‍ പ്രസിദ്ധീകരിച്ച മലയാളത്തിലെ വിവിധ ശാഖകളില്‍പ്പെട്ട മൗലിക കൃതികളെയാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. ഇത്തവണ ആകെ 146 കൃതികളുടെ പേരുകളാണ് നിര്‍ദേശിക്കപ്പെട്ടത്. ഇതില്‍ നിന്നു കൂടുതല്‍ പോയിന്റുകള്‍ നേടിയ അഞ്ചു കൃതികള്‍ തിരഞ്ഞെടുക്കപ്പെട്ട 20 പേരുടെ പരിഗണനയ്ക്കു വിട്ടു. ഇവയില്‍ കൂടുതല്‍ പോയിന്റ് നേടിയ മൂന്നു കൃതികളില്‍ നിന്നാണ് ജഡ്ജിങ് കമ്മിറ്റി അവാര്‍ഡിന് അര്‍ഹമായ കൃതി തിരഞ്ഞെടുത്തത്.
വയലാര്‍ രാമവര്‍മയുടെ ചരമദിനമായ ഒക്‌ടോബര്‍ 27നു തിരുവനന്തപുരം എകെജി സ്മാരക ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രഫ. എം കെ സാനു അവാര്‍ഡ് സമ്മാനിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക