|    May 29 Mon, 2017 12:11 am
FLASH NEWS

വയറ്റിനുള്ളില്‍ ശസ്ത്രക്രിയാ ഉപകരണം മറന്നുവച്ചു

Published : 20th August 2016 | Posted By: SMR

തിരുവനന്തപുരം: ഗര്‍ഭപാത്രം നീക്കംചെയ്യാന്‍ ശസ്ത്രക്രിയക്കു വിധേയയായ സ്ത്രീയുടെ വയറ്റില്‍ ഡോക്ടര്‍ ശസ്ത്രക്രിയാ ഉപകരണം മറന്നുവച്ചു തുന്നിക്കെട്ടി. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണു ഗുരുതര ചികില്‍സാ പിഴവ് സംഭവിച്ചത്. ശസ്ത്രക്രിയക്കു ശേഷം ഉപകരണങ്ങളില്‍ ഒന്ന് കാണാനില്ലാത്തതിനെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണു വീഴ്ച മനസ്സിലായത്. തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു രോഗിയെ റഫര്‍ ചെയ്ത് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി ഉപകരണം പുറത്തെടുത്തു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. നെടുമങ്ങാട് തൊളിക്കോട് കുന്നിന്‍പുറത്ത് റോഡരികത്ത് വീട്ടില്‍ അബ്ദുല്‍ ഹമീദിന്റെ ഭാര്യ ലൈല ബീവി(45)ക്കാണു ദുരിതമനുഭവിക്കേണ്ടിവന്നത്.
ശസ്ത്രക്രിയക്കിടയില്‍ ഗര്‍ഭപാത്രത്തെ സ്ഥിരമായി പിടിച്ചുനിര്‍ത്താന്‍ സഹായിക്കുന്ന റേഡിയോ ഒപെക് ക്ലിപ് എന്ന ഉപകരണമാണ് വയറ്റിനുള്ളില്‍ മറന്നുവച്ചത്. തുടര്‍ന്നു രോഗിയെ സ്വകാര്യ ലാബില്‍ കൊണ്ടുപോയി എക്‌സ്‌റേ പരിശോധനയ്ക്കു വിധേയയാക്കി. ഉപകരണം വയറ്റിലുണ്ടെന്നു മനസ്സിലായതോടെ ബന്ധുക്കളെ വിവരമറിയിച്ചശേഷം അടിയന്തരമായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ലൈലാ ബീവി ആരോഗ്യം വീണ്ടെടുത്തുവരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇക്കഴിഞ്ഞ 15നാണ് ലൈലാ ബീവി നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ ചികില്‍സതേടിയെത്തിയത്. 18ന് രാവിലെയായിരുന്നു ശസ്ത്രക്രിയ. വൈകീട്ടോടെയാണ് ഉപകരണം വയറ്റില്‍ കുടുങ്ങിയെന്നു മനസ്സിലാക്കിയത്. ഉപകരണത്തിന്റെ ഒരുഭാഗം ഒടിഞ്ഞ് വയറ്റില്‍ കുടുങ്ങുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ ആദ്യം നല്‍കിയ വിശദീകരണമെന്നു ബന്ധുക്കള്‍ പറഞ്ഞു. പിന്നീടാണ് ഉപകരണം മറന്നുവച്ചതാണെന്നു മനസ്സിലാക്കാനായത്. ശസ്ത്രക്രിയ പൂര്‍ത്തിയാക്കാന്‍ 40 മിനിറ്റ് മതിയെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നുവെങ്കിലും മണിക്കൂറുകള്‍ക്കു ശേഷമാണ് പൂര്‍ത്തിയായത്. രോഗിയെ പുറത്തെത്തിക്കാനും വൈകി. ബന്ധുക്കള്‍ ഇതേക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് രോഗിയെ പുറത്തിറക്കാന്‍ അധികൃതര്‍ തയ്യാറായത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കാന്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് ആരും ഒപ്പം വരില്ലെന്നും ബന്ധുക്കള്‍ തന്നെ നേരിട്ടെത്തിക്കണമെന്നും ആദ്യം ആശുപത്രി അധികൃതര്‍ പറഞ്ഞതായും ബന്ധുക്കള്‍ ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day