|    Jun 21 Thu, 2018 8:37 am
FLASH NEWS

വയനാട്

Published : 27th April 2016 | Posted By: mi.ptk

മെയ്‌വഴക്കമുള്ള ചേകോന്‍മാര്‍ തന്നെയാണ് വയനാടന്‍ കളരിയില്‍ അങ്കത്തട്ടിലുള്ളത്. ഇടതുകാല്‍ വച്ച് കളരിയിലിറങ്ങി വലത്തോട്ടു ചാഞ്ഞ എം വി ശ്രേയാംസ്‌കുമാറാണ് ജില്ലയിലെ ഏക ജനറല്‍ അങ്കത്തട്ടായ കല്‍പ്പറ്റയിലെ യുഡിഎഫിന്റെ സ്ഥാനാര്‍ഥി. കോല്‍ത്താരിയും അങ്കത്താരിയും പയറ്റിത്തെളിഞ്ഞ സിപിഎം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രനെയാണ് എല്‍ഡിഎഫ് പയറ്റിന് ഇറക്കിയിരിക്കുന്നത്. ആകെ രണ്ടു തവണ മാത്രമാണ് ഇവിടെ എല്‍ഡിഎഫ് വിജയിച്ചത്. കല്‍പ്പറ്റ മണ്ഡലത്തിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഈസി വാക്കോവര്‍ പ്രതീക്ഷിച്ചിരുന്ന യുഡിഎഫിന് സി കെ ശശീന്ദ്രന്റെ വരവോടെ മല്‍സരം കടുത്തതായി. ആദര്‍ശ ശുദ്ധിയുടെയും ലാളിത്യത്തിന്റെയും പ്രതീകം, പൊതുജന സമ്മതനായ സമരനേതാവ് എന്നിങ്ങനെയൊക്കെയുള്ള വിശേഷണങ്ങളുമായി നാട്ടിലും സോഷ്യല്‍ മീഡിയയിലും സി കെ ശശീന്ദ്രന്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ കോടികളുടെ വികസനം ചൂണ്ടിക്കാട്ടി വ്യക്തമായ ആസുത്രണത്തോടെയാണ് ശ്രേയാംസ്‌കുമാറിന്റെ നീക്കങ്ങള്‍.

കല്‍പ്പറ്റ

കല്‍പ്പറ്റ മണ്ഡലത്തില്‍ 1987ല്‍ എം പി വീരേന്ദ്രകുമാറും 2006ല്‍ മകന്‍ എം വി ശ്രേയാംസ്‌കുമാറുമാണ് എല്‍ഡിഎഫിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്. 2011ല്‍ എം വി ശ്രേയാംസ്‌കുമാര്‍ തന്നെ വീണ്ടും നിയമസഭയിലെത്തിയെങ്കിലും അതിനു മുമ്പേ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ജനതാദള്‍ യുഡിഎഫില്‍ ചേക്കേറിയിരുന്നു. എസ്ഡിപിഐ സ്ഥാനാര്‍ഥിയായി ജനവിധി തേടുന്ന അഡ്വ. കെ എ അയ്യൂബ് മണ്ഡലത്തിലെ സര്‍വസമ്മതനാണ്. കെ സദാനന്ദനാണ് ബിജെപി സ്ഥാനാര്‍ഥി.

സുല്‍ത്താന്‍ ബത്തേരി

സംവരണ മണ്ഡലമായ സുല്‍ത്താന്‍ ബത്തേരിയില്‍ യുഡിഎഫ് സിറ്റിങ് എംഎല്‍എ ഐ സി ബാലകൃഷ്ണന്റെ സുല്‍ത്താന്‍ പദവി പിടിച്ചെടുക്കാന്‍ രണ്ട് ആര്‍ച്ചമാരാണു രംഗത്തുള്ളത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി രുക്മിണി സുബ്രഹ്മണ്യനും എന്‍ഡിഎ സ്ഥാനാര്‍ഥിയായി സി കെ ജാനുവും. മുത്തങ്ങ സമരത്തിലൂടെ നേടിയ പ്രശസ്തിയിലാണ് ജാനുവിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളെങ്കിലും ജാനു കളം മാറ്റിച്ചവിട്ടിയതോടെ, പ്രക്ഷോഭങ്ങളില്‍ ഒപ്പം നിന്നവര്‍ കൈവിട്ടിരിക്കുകയാണ്. എസ്ഡിപിഐ-എസ്പി സഖ്യസ്ഥാനാര്‍ഥിയായി സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ കെ കെ വാസുവിന്റെ പ്രചാരണം ആദ്യഘട്ടം പൂര്‍ത്തിയാക്കി.

മാനന്തവാടി

സംവരണ മണ്ഡലമായ മാനന്തവാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി കെ ജയലക്ഷ്മിക്കെതിരേ എല്‍ഡിഎഫ് പക്ഷത്തുള്ളത് ഒ ആര്‍ കേളുവാണ്. ഇരുവരും പ്രചാരണ രംഗത്ത് ഏറെ മുന്നേറിക്കഴിഞ്ഞു. യുഡിഎഫിന്റെ കുത്തക മണ്ഡലമെങ്കിലും 2006ല്‍ ഇടത്തോട്ട് മാറിയിരുന്നു മണ്ഡലം. ആഭ്യന്തര കലഹങ്ങള്‍ യുഡിഎഫിനെ അലട്ടുന്നുണ്ടെങ്കിലും ഇതൊന്നും വിജയത്തെ ബാധിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് വലതു ക്യാംപുകള്‍. കെ മോഹന്‍ദാസാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. എസ്ഡിപിഐ സ്ഥാനാര്‍ഥിയായി നേരത്തെ സിപിഎം വാര്‍ഡ് മെംബര്‍ ആയിരുന്ന സോമന്‍ എന്ന ശംസുദ്ദീന്‍ മല്‍സരരംഗത്തു സജീവമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss