|    Apr 23 Mon, 2018 5:18 pm
FLASH NEWS

വയനാട് മെഡിക്കല്‍ കോളജ് ഭൂമി; പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദേശം നടപ്പായില്ല

Published : 5th October 2016 | Posted By: Abbasali tf

കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളജിനായി കോട്ടത്തറ വില്ലേജില്‍ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റില്‍നിന്ന് 50 ഏക്കര്‍ ഭൂമി ദാനമായി സ്വീകരിച്ചതും സ്ഥലത്തെ മരങ്ങള്‍ മുറിച്ചുനീക്കാന്‍ അനുവദിച്ചതും നിയമങ്ങള്‍ മറികടന്നാണെന്ന സ്വകാര്യ പരാതി അന്വേഷിക്കണമെന്ന റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദേശം ജില്ലാ കലക്ടര്‍ നടപ്പാക്കിയില്ല. പിണങ്ങോട് സ്വദേശി പി കെ ഗോപിനാഥ് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആഗസ്ത് രണ്ടാംവാരം നല്‍കിയ നിര്‍ദേശമാണ് കലക്ടര്‍ പ്രാവര്‍ത്തികമാക്കാതിരുന്നത്. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ അന്വേഷിച്ച് അടിയന്തര നടപടി സ്വീകരിച്ച് വിവരം 30 ദിവസത്തിനകം ഗോപിനാഥിനെ നേരിട്ട് അറിയിക്കണമെന്നാണ്  പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, അനുവദിച്ച കാലപരിധി കഴിഞ്ഞിട്ടും പരാതിയുമായി ബന്ധപ്പെട്ട ഒരു കാര്യവും കലക്ടര്‍ നേരിട്ടോ അല്ലാതെയോ അറിയിച്ചിട്ടില്ലെന്നു ഗോപിനാഥ് പറഞ്ഞു. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദേശം രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങി ജില്ലാ കലക്ടര്‍ പൂഴ്ത്തിയെന്നാണ് പരാതിക്കാരന്റെ സംശയം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും റവന്യൂവകുപ്പിലെ ഉന്നതര്‍ക്കും പരാതി നല്‍കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. കോട്ടത്തറ വില്ലേജില്‍ പഴയ സര്‍വേ നമ്പര്‍ 1058ല്‍  ട്രസ്റ്റിന്റെ കൈവശത്തിലുള്ള 105.44 ഏക്കര്‍ ഭൂമിയില്‍ 50 ഏക്കറാണ് മെഡിക്കല്‍ കോളജ് നിര്‍മാണത്തിന് സര്‍ക്കാര്‍ ദാനമായി സ്വീകരിച്ചത്. കേരള ഭൂപരിഷ്‌കരണ നിയമം അനുസരിച്ച് സര്‍ക്കാരില്‍ നിക്ഷിപ്തമാവേണ്ട ഈ ഭൂമി കൈവശംവയ്ക്കാനും ആദായമെടുക്കാനും ട്രസ്റ്റിന് നിയമപരമായ അവകാശം ഇല്ലെന്നിരിക്കെയാണ് ദാനം സ്വീകരിച്ചതെന്നായിരുന്നു ഗോപിനാഥ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍. ഭൂദാനസ്വീകരണം മൊത്തം ഭൂമിയിലും ട്രസ്റ്റിന് ഉടമാവകാശം അംഗീകരിച്ചുകൊടുക്കുന്നതും പൊതുതാല്‍പര്യത്തെ ഹനിക്കുന്നതുമാണെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടുകയുമുണ്ടായി. കോട്ടത്തറ വില്ലേജില്‍ പുതിയ സര്‍വേ നമ്പര്‍ 224/1, ബ്ലോക്ക് നമ്പര്‍ 11ല്‍പെട്ട രജിസ്‌ട്രേഡ് കാപ്പിത്തോട്ടത്തിന്റെ ഭാഗമാണ് ട്രസ്റ്റ് മെഡിക്കല്‍ കോളജിനായി ദാനംചെയ്ത 50 ഏക്കര്‍. ഇതടക്കം 517.99 ഏക്കര്‍ കാപ്പി പ്ലാന്റേഷന്‍ എന്ന പരിഗണനയില്‍ ഭൂപരിഷ്‌കരണ നിയമത്തിലെ സെക്ഷന്‍ 81 പ്രകാരം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ലാന്റ് ബോര്‍ഡ് 1977 ഫെബ്രുവരി 14ന് മിച്ചഭൂമി പരിധിയില്‍നിന്ന് ഒഴിവാക്കി ടിഎല്‍ബി/എസ്ഡബ്ല്യു/985 ഉത്തരവ് പ്രകാരം ട്രസ്റ്റിന് നല്‍കിയതാണ്. ഇതില്‍ 105.44 ഏക്കറിന് 112/84 നമ്പറായാണ് ട്രസ്റ്റിനു ക്രയസര്‍ട്ടിഫിക്കറ്റ്  അനുവദിച്ചത്. ഈ നടപടി കെഎല്‍ആര്‍ ആക്റ്റ് വകുപ്പ് 2(7), (8), 11, 56 എന്നിവയ്ക്കും വെസ്റ്റിങ് ആന്റ് അസൈന്‍മെന്റ് റൂള്‍ 13നും വിരുദ്ധമായാണെന്നു സംസ്ഥാന ലാന്റ് ബോര്‍ഡ് പിന്നീട് കണ്ടെത്തുകയുണ്ടായി.  ഇതിന്റെ അടിസ്ഥാനത്തില്‍ ക്രയസര്‍ട്ടിഫിക്കറ്റ് റദ്ദുചെയ്യാനായി കണ്ണൂര്‍ അപ്പലറ്റ് അതോറിറ്റിയില്‍ കേസ് നല്‍കി നമ്പര്‍ സഹിതം റിപോര്‍ട്ട് ചെയ്യണമെന്നു നിര്‍ദേശിച്ച് 2013 ഒക്‌ടോബര്‍ 26ന് സംസ്ഥാന ലാന്റ് ബോര്‍ഡ് സെക്രട്ടറി എല്‍ബി (എ) 3-9406/13(1) നമ്പറായി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച കത്ത് 2013 നവംബര്‍ 11ന് കലക്ടറേറ്റില്‍ ലഭിച്ചെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. ലാന്റ് ബോര്‍ഡ് സെക്രട്ടറിയുടെ നിര്‍ദേശവും കലക്ടറേറ്റില്‍ പൂഴ്ത്തുകയാണുണ്ടായത്. മെഡിക്കല്‍ കോളജിനായി ഭൂദാനം സ്വീകരിച്ചും സ്ഥലത്തെ മരങ്ങള്‍ മുറിക്കാന്‍ ട്രസ്റ്റിനെ അനുവദിച്ചും 2015 ജനുവരി 24നാണ് ജിഒ (എംഎസ്) 42/2015/ ആര്‍ഡി റവന്യൂ നമ്പറായി സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. ഇതിനിടെ കല്‍പ്പറ്റ-മാനന്തവാടി സംസ്ഥാന പാതയിലെ മുരണിക്കര കവലയില്‍നിന്ന് നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളജ് ഭൂമിയിലേക്ക് 45 മീറ്റര്‍ വീതിയിലും 1.8 കിലോമീറ്റര്‍ നീളത്തിലും റോഡ് നിര്‍മിക്കാനെന്ന പേരില്‍ അഞ്ചര ഹെക്റ്ററിലധികം കാപ്പിത്തോട്ടം ഇന്ത്യന്‍ കോഫി ആക്റ്റ്, കേരള ഭൂപരിഷ്‌കരണ നിയമം, കേരള ഭൂവിനിയോഗ നിയമം, പ്ലാന്റേഷന്‍ ലേബര്‍ നിയമം എന്നിവ ലംഘിച്ച് തരംമാറ്റുകയുണ്ടായി. ഈ ഭൂമിയിലെ ചെറുതും വലുതുമടക്കം വൃക്ഷങ്ങള്‍ ട്രസ്റ്റ് കച്ചവടം ചെയ്തു. മെഡിക്കല്‍ കോളജിനായി സ്വീകരിച്ച ഭൂമി 2013 ഏപ്രില്‍ 25ലെ 161/2013 നമ്പര്‍ (റവന്യൂ), 2014 ഏപ്രില്‍ 23ലെ 165/2014 നമ്പര്‍ (റവന്യൂ) ഉത്തരവുകള്‍ പ്രകാരം രൂപീകരിച്ച ഗവ. ലാന്റ് റിസംപ്ഷന്‍ സ്‌പെഷ്യല്‍ ഓഫിസറുടെ നിയന്ത്രണത്തിലും അധികാരത്തിലുമുള്ളതാണെന്നു ഗോപിനാഥ് പറയുന്നു. ഇക്കാര്യവും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം മുഖ്യമന്തിക്ക് പരാതി നല്‍കിയിരുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss