|    Mar 24 Sat, 2018 11:36 pm
FLASH NEWS

വയനാട് മെഡിക്കല്‍ കോളജ്; യുഡിഎഫ് പ്രചാരണം ദുഷ്ടലാക്കോടെ: സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്

Published : 12th July 2016 | Posted By: SMR

കല്‍പ്പറ്റ: അഞ്ചു വര്‍ഷം ഭരിച്ചിട്ടും നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളജിന്റെ ഭൂമിയിലേക്ക് റോഡ് നിര്‍മിക്കാന്‍ പോലും കഴിയാത്തവരാണ് രണ്ടു മാസമായ എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കുന്നതെന്നു സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. പ്രഖ്യാപിച്ച എല്ലാ മെഡിക്കല്‍ കോളജുകളും നടപ്പില്‍ വരുത്തുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വയനാട് മെഡിക്കല്‍ കോളജിന്റെ കാര്യത്തിലും സര്‍ക്കാര്‍ പിന്നോട്ട് പോയിട്ടില്ല.
എന്നാല്‍, 2012ലെ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടും നാലു വര്‍ഷം കൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തു നടപടിയെടുത്തു എന്നതു സംബന്ധിച്ച് പ്രതിഷേധക്കാര്‍ ആത്മപരിശോധന നടത്തണം. റോഡ് നിര്‍മാണ പ്രവൃത്തി ആരംഭിക്കാനുള്ള ഭൂമി പോലും പൊതുമരമാത്ത് വകുപ്പിന് കൈമാറിയത് കഴിഞ്ഞ ദിവസമാണ്. എന്നിരിക്കെ, ബജറ്റില്‍ തുക വച്ചിട്ടില്ലെന്നു പറഞ്ഞ് എല്‍ഡിഎഫിനെതിരേ തിരിയുന്നത് അപഹാസ്യമാണ്. എല്ലാ ബജറ്റിലും ഫണ്ട് അനുവദിക്കുന്നതിലല്ല കാര്യം. ലഭ്യമായ ഫണ്ട് ഫലപ്രദമായും ചുവപ്പുനാടയുടെ കുരുക്കഴിച്ചും നടപ്പില്‍ വരുത്തുകയെന്നതാണ് പ്രധാനം. അതിന് പിണറായി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ജനറല്‍ ആശുപത്രിയില്‍ കാത്ത് ലാബ് സ്ഥാപിക്കാനും താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റ് തുടങ്ങാനുമൊക്കെയുള്ള തീരുമാനം ആരോഗ്യമേഖലയില്‍ ഏറെ പിന്നാക്കമായ ജില്ലക്ക് ഏറെ പ്രതീക്ഷ പകരുന്നതാണ്. വര്‍ഷങ്ങളായി വയനാടിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ യുഡിഎഫ് ജനപ്രതിനിധികള്‍ ജില്ലയ്ക്കു വേണ്ടി എന്തു ചെയ്‌തെന്ന് ആത്മപരിശോധന നടത്തണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
ബജറ്റ് വിഹിതം ബ്രഹ്മഗിരിക്ക് നല്‍കിയത് കടുത്ത വഞ്ചന: കെ എല്‍ പൗലോസ്
കല്‍പ്പറ്റ: വയനാട്ടുകാരുടെ ഏറ്റവും വലിയ സ്വപ്‌നമായ മെഡിക്കല്‍ കോളജിന് ബജറ്റില്‍ പണം അനുവദിക്കാതിരിക്കുകയും സിപിഎം സ്ഥാപനമായ ബ്രഹ്മഗിരിക്ക് 10 കോടി അനുവദിക്കുകയും ചെയ്തത് വയനാട്ടുകാരോടുള്ള വഞ്ചനയാണെന്നു ഡിസിസി പ്രസിഡന്റ് കെ എല്‍ പൗലോസ് അഭിപ്രായപ്പെട്ടു.
യുഡിഎഫ് സര്‍ക്കാര്‍ വയനാടിന്റെ ആരോഗ്യമേഖലയിലുള്ള പിന്നാക്കാവസ്ഥ പരിഗണിച്ചും മൂന്ന് എംഎല്‍എമാരും എംപി എം ഐ ഷാനവാസും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതനുസരിച്ചും സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അനുവദിക്കുകയും അതു പ്രാവര്‍ത്തികമാക്കാന്‍ 50 ഏക്കര്‍ സ്ഥലം സൗജന്യമായി ലഭ്യമാക്കുകയും കഴിഞ്ഞ വര്‍ഷം നബാര്‍ഡില്‍ നിന്ന് 70 കോടി രൂപ അനുവദിപ്പിക്കുകയും ബജറ്റില്‍ 25 കോടി രൂപ വയ്ക്കുകയും ചെയ്തിരുന്നു. എന്നിട്ടും മെഡിക്കല്‍ കോളജ് വൈകുന്നുവെന്ന ആരോപണം ഉന്നയിക്കുകയും വയനാട്ടിലെ എംപിയും എംഎല്‍എമാരുമാണ് വൈകാന്‍ കാരണമെന്നു പ്രചരിപ്പിക്കുകയും, തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഒന്നാമത്തെ പരിഗണന മെഡിക്കല്‍ കോളജ് സഫലീകരിക്കാനാണെന്ന് പറയുകയും ചെയ്തവരാണ് ജില്ലയിലെ സിപിഎമ്മുകാര്‍. മെഡിക്കല്‍ കോളജ് പണി പൂര്‍ത്തിയാവാന്‍ താമസമെടുക്കുന്നതു കൊണ്ട് ജില്ലാ ആശുപത്രിയിലോ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലോ താല്‍ക്കാലികമായി തുടങ്ങുമെന്നു വരെ വയനാട്ടുകാരോട് വാക്കു പറഞ്ഞവരാണ് ഇപ്പോഴത്തെ കല്‍പ്പറ്റ എംഎല്‍എ അടക്കമുള്ള സിപിഎം നേതാക്കള്‍.
എന്നിട്ടും ഇടതുപക്ഷ സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ മെഡിക്കല്‍ കോളജിന് വേണ്ടി ഒരു പൈസ പോലും വയ്ക്കാന്‍ തയ്യാറായില്ല. ഇതു വയനാട്ടുകാരോടുള്ള വഞ്ചനയാണെന്ന് എം ഐ ഷാനവാസ് എംപി പറഞ്ഞത് ഒരു സത്യം മാത്രമാണ്. ബ്രഹ്മഗിരി സൊസൈറ്റി എന്നു പറയുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാരുടെ രാഷ്ട്രീയതാല്‍പര്യം മാത്രമുള്ള ഒരു സംഘത്തിന് 10 കോടി രൂപ അനുവദിച്ചത് വയനാട്ടിലെ പൊതുജനങ്ങള്‍ക്ക് വേണ്ടിയല്ല. ഈ വഞ്ചന തിരിച്ചറിഞ്ഞ് വയനാട്ടിലെ പൊതുസമൂഹം ശക്തമായി പ്രതികരിക്കണമെന്നും കെ എല്‍ പൗലോസ് ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss