|    Aug 20 Mon, 2018 4:21 pm
FLASH NEWS

വയനാട് ബ്രാന്‍ഡഡ് കോഫിക്ക് പ്രത്യേക കമ്പനി: മന്ത്രി വി എസ് സുനില്‍കുമാര്‍

Published : 2nd June 2017 | Posted By: fsq

 

പുല്‍പ്പള്ളി: വയനാട് കോഫി പ്രത്യേകമായി ബ്രാന്‍ഡ് ചെയ്ത് ഉല്‍പാദിപ്പിക്കുന്നതിന് കമ്പനി രൂപീകരിക്കുമെന്നു കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. മന്ത്രിസഭാ വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലയ്ക്കനുവദിച്ച മുള്ളന്‍കൊല്ലി-പുല്‍പ്പള്ളി സമഗ്ര വരള്‍ച്ചാ ലഘൂകരണ പദ്ധതി ഉദ്ഘാടനം പുല്‍പ്പള്ളി സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മൂന്നുവര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കത്തക്ക വിധത്തില്‍ 80.20 കോടി രൂപ ചെലവഴിച്ചുള്ള പദ്ധതിയാണിത്. വയനാടിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മൂന്നു പതിറ്റാണ്ടായി വരള്‍ച്ച നേരിടുന്ന പഞ്ചായത്തുകളാണ് മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി എന്നിവ. ഇവിടുത്തെ ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തി ജലലഭ്യതയും ഫലഭൂയിഷ്ഠതയും വര്‍ധിപ്പിക്കാനുള്ള ശാസ്ത്രീയ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ജില്ലയുടെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചേക്കാവുന്ന ദുരന്തത്തിന്റെ സൂചനയാണ് മുള്ളന്‍കൊല്ലി-പുല്‍പ്പള്ളി പ്രദേശങ്ങളില്‍ കണ്ടത്. പദ്ധതി വിജയിപ്പിക്കേണ്ടത് ജില്ലയുടെ ആകെ നിലനില്‍പിന്റെ പ്രശ്‌നമാണെന്നു മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക കാര്‍ഷിക മേഖലയില്‍ വയനാടും ഉള്‍പ്പെടുന്നു. ജില്ലയിലെ പരമ്പരാഗത വിത്ത് ഉപയോഗിക്കുന്ന നെല്‍വയലുകളെ തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതിയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രത്യേക കാര്‍ഷിക മേഖലകളിലൂടെ 3000 ഹെക്റ്ററിലേക്ക് നെല്‍കൃഷി വ്യാപിപ്പിക്കും. ഇതിനായി 2 കോടി 86 ലക്ഷം രൂപ മാറ്റിവച്ചിട്ടുണ്ട്. വരള്‍ച്ചയുമായി ബന്ധപ്പെട്ട നഷ്ടപരിഹാര കുടിശ്ശിക 27 കോടി രൂപയും നല്‍കിക്കഴിഞ്ഞു. ചെറുകിട തേയില കര്‍ഷകരുടെ ഉല്‍പാദന ശൃംഖലയും പരിഗണനയിലാണ്. അമ്പലവയല്‍ റിസര്‍ച്ച് സ്റ്റേഷന്‍ വിപുലീകരിക്കും. ആഗസ്തില്‍ നടക്കുന്ന ചക്ക ഉല്‍സവം ഇതിന്റെ തുടക്കമാവുമെന്നും മന്ത്രി പറഞ്ഞു. ഐ സി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, എഡിഎം കെ എം രാജു, മണ്ണുപര്യവേഷണ-മണ്ണു സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ജെ ജസ്റ്റിന്‍ മോഹന്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ പി യു ദാസ്, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാര്‍, പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, പൂതാടി പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യന്‍, കെ ജെ പോള്‍, ശിവരാമന്‍ പാറക്കുഴി, ശ്രീജ സാബു, പി സി സജി, മേഴ്‌സി ബെന്നി, എ എന്‍ പ്രഭാകരന്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss