|    Jul 16 Mon, 2018 6:20 pm
FLASH NEWS

വയനാട് നിയമനത്തട്ടിപ്പ്; ശാസ്ത്രീയ പരിശോധനാ ഫലം ലഭ്യമാക്കുന്നതില്‍ അനാസ്ഥ

Published : 15th October 2016 | Posted By: Abbasali tf

കല്‍പ്പറ്റ: വയനാട് നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധനാ ഫലം അന്വേഷണ സംഘത്തിന് ഇനിയും ലഭിച്ചില്ല. ഇക്കാരണത്താല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വര്‍ഷങ്ങള്‍ക്കു ശേഷവും വിജിലന്‍സ് സംഘത്തിന് കഴിഞ്ഞില്ല. പിഎസ്‌സിയുടെ വ്യാജ നിയമന ഉത്തരവ് തയ്യാറാക്കി റവന്യൂവകുപ്പില്‍ എട്ടുപേര്‍ക്ക് വില്ലേജ് അസിസ്റ്റന്റ്, എല്‍ഡി ക്ലാര്‍ക്ക് തസ്തികകളില്‍ നിയമനം നല്‍കിയ കേസിലാണ് പുരോഗതിയുണ്ടാവാത്തത്. പല തവണ തിരുവനന്തപുരം ഫോറന്‍സിക് ലബോറട്ടറി അധികൃതരെ വിഷയത്തിന്റെ ഗൗരവം ധരിപ്പിച്ചിട്ടും ഫലമുണ്ടായില്ലെന്ന് അന്വേഷണ സംഘം പറയുന്നു. തിരുവനന്തപുരം എസ്‌ഐയു ഡിവൈഎസ്പി ആര്‍ ഡി അജിത്തിനാണ് അന്വേഷണച്ചുമതല. നിയമനത്തട്ടിപ്പില്‍ 2010 ഡിസംബറില്‍ ലോക്കല്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച കേസ്  മൂന്നു വര്‍ഷം മുമ്പാണ് വിജിലന്‍സിനു കൈമാറിയത്. കുറ്റപത്ര സമര്‍പ്പണം വൈകിയതിനാല്‍ പ്രതികള്‍ ജാമ്യത്തിലിറങ്ങി. വയനാട് കലക്ടറേറ്റില്‍ എ വണ്‍ സെക്ഷനില്‍ യുഡി ക്ലാര്‍ക്കായിരുന്ന നെടുമങ്ങാട് അമ്മന്‍കോവില്‍ ലതാഭവനില്‍ അഭിലാഷ് എസ് പിള്ളയുടെ നേതൃത്വത്തില്‍ 2010 മാര്‍ച്ചിനും ജൂലൈക്കുമിടയിലാണ് അനധികൃത നിയമനങ്ങള്‍ നടത്തിയത്. കൊല്ലം പനച്ചിവിള അഞ്ചലില്‍ നിന്ന് മുഖ്യമന്ത്രിക്കും പിന്നീട് റവന്യൂ അധികാരികള്‍ക്കും ലഭിച്ച പരാതിയില്‍ റവന്യൂ വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ 2010 ഡിസംബര്‍ ആദ്യവാരമാണ് തട്ടിപ്പ് വെളിച്ചത്തായത്. കൊല്ലം അഞ്ചല്‍ പനച്ചിവിള കമലവിലാസം എല്‍ കണ്ണന്‍, സഹോദരങ്ങളായ ശബരീനാഥന്‍, ജ്യോതി, തിരുവനന്തപുരം നെടുമങ്ങാട് ആനാട് കനക ക്വാര്‍ട്ടേഴ്‌സില്‍ സൂരജ് എസ് കൃഷ്ണ, കൊട്ടാരക്കര കോട്ടാത്തല പുത്തന്‍വീട് ഗോപകുമാര്‍, തിരുവനന്തപുരം നെടുമങ്ങാട് ആനാട് വി പി പ്രേംജിത്ത്, മലപ്പുറം അരിയല്ലൂര്‍ രാമകൃഷ്ണയില്‍ കെ പി വിമല്‍, മലപ്പുറം എടക്കര കറുത്തേടത്ത് കെ ബി ഷംസീറ എന്നിവരാണ് വ്യാജ പിഎസ്‌സി അഡൈ്വസ് മെമ്മോയും വകുപ്പുതല നിയമന ഉത്തരവും തരപ്പെടുത്തി ജില്ലയില്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചത്. റഗുലറൈസ് ചെയ്ത ഈ എട്ടുപേരുടെയും ജോയിനിങ് റിപോര്‍ട്ടില്‍ ആവശ്യമായ പരിശോധന നടന്നില്ല. പോലിസ് വെരിഫിക്കേഷനും ഉണ്ടായില്ല. അഭിലാഷിനും ജോലി നേടിയവര്‍ക്കും പുറമെ ഇടനിലക്കാരായ തിരുവനന്തപുരം  നെടുമങ്ങാട് മധുപാല്‍, കൊല്ലം അഞ്ചല്‍ സ്വദേശികളായ അജിത്ത്, ചന്ദ്രചൂഢന്‍ പിള്ള, മലപ്പുറം എടക്കര ചെറുമല അബ്ദുറഹ്മാന്‍, മലപ്പുറം അരിയല്ലൂര്‍ കോട്ടാക്കളത്തില്‍ രവി, അഞ്ചല്‍ റിയാസ് മന്‍സിലില്‍ മുഹമ്മദ് ഫറൂഖ്, നെടുമങ്ങാട് സ്വദേശി ജനാര്‍ദ്ദനന്‍പിള്ള, വിക്രമന്‍, കൊല്ലം അഞ്ചല്‍ സ്വദേശികളായ ഏറം ശശി, ദിലീപ്കുമാര്‍, ശബരീനാഥിന്റെയും സഹോദരങ്ങളുടെയും പിതാവ് കൃഷ്ണന്‍കുട്ടി ചെട്ടിയാര്‍, ഷംസീറയുടെ ഭര്‍ത്താവ് മലപ്പുറം സ്വദേശി അഷ്‌റഫ് തുടങ്ങിയവരാണ് കേസിലെ പ്രതികള്‍. ഇവരില്‍ തട്ടിപ്പ് പുറത്തുവന്നയുടന്‍ ഒളിവില്‍പോയ ഗോപകുമാറിനെ  ബംഗളൂരുവിനു സമീപം മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തട്ടിപ്പ് വെളിച്ചത്തായതോടെ അഷ്‌റഫ് ഗള്‍ഫിലേക്ക് മുങ്ങി. തട്ടിപ്പ് നടക്കുമ്പോള്‍ വയനാട് കലക്ടറായിരുന്ന ടി ഭാസ്‌കരന്‍, എഡിഎം കെ വിജയന്‍, ഹുസൂര്‍ ശിരസ്തദാര്‍ പി കെ പ്രഭാവതി എന്നിവരെയും അന്വേഷണ സംഘം പ്രതിസ്ഥാനത്ത് നിര്‍ത്തിയിരുന്നു. ശരിയായ പരിശോധന നടത്താതെ വ്യാജ നിയമന ഫയലുകളില്‍ ഒപ്പിട്ടുവെന്നതാണ് ഇവരുടെ വീഴ്ച. എല്‍ഡി ക്ലാര്‍ക്ക്, വില്ലേജ് അസിസ്റ്റന്റ് നിയമനം ജില്ലാ കലക്ടറാണ് അംഗീകരിക്കേത്. കലക്ടര്‍ക്കു വേണ്ടി രേഖകള്‍ പരിശോധിച്ച് അംഗീകാരത്തിന് ഫയല്‍ അയക്കേണ്ടത് എഡിഎമ്മാണ്. സെക്ഷന്‍ ക്ലാര്‍ക്ക് തയ്യാറാക്കുന്ന ഫയല്‍ ഹുസൂര്‍ ശിരസ്തദാറാണ് പരിശോധിച്ച് തുടര്‍നടപടിക്കായി എഡിഎമ്മിന് നല്‍കേണ്ടത്. അഭിലാഷ് തയ്യാറാക്കിയ ഫയലുകള്‍ മേലുദ്യോഗസ്ഥര്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതാണ് തട്ടിപ്പിന് സഹായകമായതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss