|    Dec 14 Fri, 2018 4:14 am
FLASH NEWS

വയനാട് ടീ പ്രൊഡ്യൂസര്‍ കമ്പനി ചായപ്പൊടി ഉല്‍പാദനം തുടങ്ങി

Published : 29th May 2018 | Posted By: kasim kzm

കല്‍പ്പറ്റ: ചെറുകിട തേയില കര്‍ഷകര്‍ ഓഹരി ഉടമകളായ വയനാട് ഗ്രീന്‍ ടീ പ്രൊഡ്യൂസര്‍ കമ്പനി സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ കരടിപ്പാറയില്‍ സ്ഥാപിച്ച ഫാക്ടറിയില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ചായപ്പൊടി ഉല്‍പാദനം തുടങ്ങി. തല്‍ക്കാലം ഫാക്ടറി ഒരു ഷിഫ്റ്റാണ് പ്രവര്‍ത്തിപ്പിക്കുകയെന്നു കമ്പനി ചെയര്‍മാന്‍ പി കുഞ്ഞുഹനീഫ, ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ ജോസ് സെബാസ്റ്റ്യന്‍ എന്നിവര്‍ പറഞ്ഞു. എട്ടു മണിക്കൂറില്‍ 1,200 കിലോഗ്രാം പച്ചത്തേയില സംസ്‌കരിക്കാന്‍ ശേഷിയുള്ളതാണ് ഫാക്ടറി.
ഉല്‍പാദിപ്പിക്കുന്ന ചായപ്പൊടി ഗ്രീന്‍ ടീ എന്ന ബ്രാന്റ് നാമത്തില്‍ കിലോഗ്രാമിനു 450 രൂപ നിരക്കിലാണ് ചില്ലറവിപണിയില്‍ ലഭ്യമാക്കുക. താലൂക്കിലെ നെന്മേനി പഞ്ചായത്തിലുള്ള കരടിപ്പാറയിലും വൈത്തിരി താലൂക്കിലെ മൂപ്പൈനാട് പഞ്ചായത്തിലുള്ള വട്ടച്ചോലയിലുമുള്ള ചെറുകിട തേയില കര്‍ഷക സംഘാംഗങ്ങള്‍ രൂപീകരിച്ചതാണ് ഗ്രീന്‍ ടീ പ്രൊഡ്യൂസര്‍ കമ്പനി.
മൈക്രോ ഫാക്ടറികള്‍ക്ക് ടീ ബോര്‍ഡ് ലൈസന്‍സ് നല്‍കിത്തുടങ്ങിയ സാഹചര്യമാണ് കരടിപ്പാറയിലെയും വട്ടച്ചോലയിലെയും കര്‍ഷകര്‍ ഉപയോഗപ്പെടുത്തിയത്. നേരത്തേ വന്‍കിട ഫാക്ടറികള്‍ക്കു മാത്രമാണ് ടീ ബോര്‍ഡ് ലൈസന്‍സ് അനുവദിച്ചിരുന്നത്.
167 ഓഹരിയുടമകളാണ് കമ്പനിക്ക്. പച്ചത്തേയില മൂല്യവര്‍ധിത ഉല്‍പന്നമാക്കി വിപണനം ചെയ്ത കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനവും ഗുണഭോക്താക്കള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള തേയിലയും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കമ്പനി രൂപീകരണം. കരടിപ്പാറയില്‍ വിലയ്ക്കു വാങ്ങിയ 30.5 സെന്റ് സ്ഥലത്ത് ഒരു കോടി രൂപ ചെലവിലാണ് ഫാക്ടറി നിര്‍മിച്ചത്.
ഇതില്‍ 45.8 ലക്ഷം രൂപ നബാര്‍ഡ് വായ്പയാണ്.  കരടിപ്പാറ, വട്ടച്ചോല സംഘാംഗങ്ങളുടേതായി ഏകദേശം 500 ഏക്കറില്‍ തേയിലകൃഷിയുണ്ട്. സീസണില്‍ ഏകദേശം 4,500 കിലോ പച്ചത്തേയിലയാണ് പ്രതിദിന ഉല്‍പാദനം. ഫാക്ടറിയില്‍ ഔഷധഗുണമുള്ള ഗ്രീന്‍ ടീ മാത്രം ഉല്‍പാദിപ്പിക്കാനും വിതരണം ചെയ്യാനുമാണ് കമ്പനി തീരുമാനം. തേയിലച്ചെടികളില്‍ നിന്നു 7-10 ദിവസം ഇടവിട്ട് നുള്ളുന്ന കൊളുന്താണ് ഗ്രീന്‍ ടീ ഉല്‍പാദനത്തിനായി സംസ്‌കരിക്കുന്നത്. 1,000 കിലോ ചപ്പില്‍നിന്നു 240 കിലോ പൊടിയുണ്ടാക്കാന്‍ കഴിയും. കമ്പനി ഓഹരിയുടമകളില്‍ 40 പേര്‍ ജൈവരീതിയിലാണ് തേയില കൃഷി. ഇവര്‍ക്കും മറ്റു കര്‍ഷകര്‍ക്കും അംഗീകൃത ഏജന്‍സിയുടെ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്ന മുറയ്ക്ക് ഓര്‍ഗാനിക് ഗ്രീന്‍ ടീ ആഭ്യന്തര, വിദേശ വിപണികളില്‍ ലഭ്യമാക്കാനാണ് കമ്പനിയുടെ പദ്ധതി. നിലവില്‍ കൊളുന്ത് കിലോഗ്രാമിനു 25 രൂപ നിരക്കിലാണ് ഓഹരിയുടമകളായ കര്‍ഷകരില്‍ നിന്നു കമ്പനി  ശേഖരിക്കുന്നത്. മറ്റു ചെറുകിട കര്‍ഷകര്‍ക്കു ലഭിക്കുന്ന വിലയുടെ ഇരട്ടിയോളം വരുമിത്.
പച്ചത്തേയിലയുടെ വിലയ്ക്കു പുറമേ ബോണസ്, ഡിവിഡന്റ് എന്നിവയും ഓഹരിയുടമകള്‍ക്ക് ലഭിക്കും. അര ഏക്കര്‍ മുതല്‍ രണ്ടേക്കര്‍ വരെ തേയില കൃഷിയുള്ളവരാണ് ഓഹരിയുടമകള്‍. പാര്‍ട്ട് ടൈം ടീ മേക്കറും നാലു തൊഴിലാളികളും ഒന്നു വീതം സൂപ്പര്‍വൈസറും അക്കൗണ്ടന്റുമാണ് നിലവില്‍ ഫാക്ടറിയില്‍ ജോലി ചെയ്യുന്നത്. ഉല്‍പാദനം വര്‍ധിപ്പിക്കുന്ന മുറയ്ക്ക് ഫുള്‍ ടൈം ടീ മേക്കറെയും കൂടുതല്‍ ജീവനക്കാരെയും നിയമിക്കാനാണ് കമ്പനിയുടെ നീക്കം.
കേരളത്തിലെ സാമ്പത്തിക സ്രോതസ്സുകളില്‍ പ്രധാനപ്പെട്ടതാണ് തോട്ടം മേഖല. എന്നാല്‍, മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിച്ച് വിപണിയില്‍ ഇടപെടാനും വരുമാനം വര്‍ധിപ്പിക്കാനും സാധാരണ കര്‍ഷകര്‍ക്ക് കഴിയുന്നില്ല. കര്‍ഷകര്‍ക്ക് വളരെ കുറഞ്ഞ വരുമാനവും സംസ്‌കരണ, വിപണന രംഗങ്ങളിലുള്ളവര്‍ക്ക് വന്‍ ലാഭവും ലഭിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഈ പശ്ചാത്തലത്തിലാണ് ചെറുകിട തേയില കര്‍ഷക കൂട്ടായ്മകള്‍ സ്വന്തമായി തേയിലപ്പൊടി ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ പറഞ്ഞു. ചെറുകിട തേയില കര്‍ഷകര്‍ രാജ്യത്ത് ആദ്യമായി രൂപീകരിച്ചതാണ് വയനാട് ഗ്രീന്‍ ടീ പ്രൊഡ്യുസര്‍ കമ്പനി. 2017 ഡിസംബര്‍ ഏഴിന് ഉദ്ഘാടനം ചെയ്ത ഫാക്ടറിയില്‍ സാമ്പത്തിക-സാങ്കേതിക കാരണങ്ങളാലാണ് വ്യാവസായികാടിസ്ഥാനത്തിനുള്ള ഉല്‍പാദനം വൈകിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss