|    Nov 16 Fri, 2018 1:05 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

വയനാട്ടില്‍ 5,342 ആദിവാസികള്‍ നിരക്ഷരര്‍

Published : 9th November 2018 | Posted By: kasim kzm

തിരുവനന്തപുരം: സാക്ഷരതാ മിഷന്റെ വയനാട് ആദിവാസി സാക്ഷരതാ തുല്യതാ പദ്ധതിയുടെ രണ്ടാംഘട്ട സര്‍വേ പൂര്‍ത്തിയായപ്പോള്‍ നിരക്ഷരരുടെ എണ്ണം 5,342. ഇതില്‍ 3,133 പേര്‍ സ്ത്രീകളും 2,209 പേര്‍ പുരുഷന്‍മാരുമാണ്. നിരക്ഷരരില്‍ 2,993 പേര്‍ 15നും 50നും ഇടയില്‍ പ്രായമുള്ളവരും 2,349 പേര്‍ 50ന് മേല്‍ പ്രായമുള്ളവരുമാണ്.
രണ്ടാംഘട്ട പ്രവര്‍ത്തനം നടത്തുന്ന 200 ഊരുകളിലെ 4,371 വീടുകളിലാണ് സര്‍വേ നടത്തിയത്. ഈ വീടുകളിലെ മൊത്തം 16,799 പേരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പറ്റ നഗരസഭകളിലും 23 ഗ്രാമപ്പഞ്ചായത്തുകളിലുമാണ് സര്‍വേ നടത്തിയത്. സര്‍വേയിലെ കണ്ടെത്തലുകളും ആദിവാസികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ശുപാര്‍ശകളും അടങ്ങിയ വിശദമായ റിപോര്‍ട്ട് സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രഫ. സി രവീന്ദ്രനാഥിനു കൈമാറി. മന്ത്രി വി എസ് സുനില്‍കുമാര്‍ ചടങ്ങില്‍ സംബന്ധിച്ചു.
നിരക്ഷരര്‍, നാല്, ഏഴ്, പത്ത്, ഹയര്‍ സെക്കന്‍ഡറി തലങ്ങള്‍ വിജയിക്കാത്തവര്‍ എന്നിങ്ങനെ തിരിച്ചായിരുന്നു സര്‍വേ. നാലാംതരം വിജയിക്കാത്തവരായി 1,642 പേരെയും നാലാംതരം വിജയിക്കുകയും എന്നാല്‍ ഏഴാംതരം വിജയിക്കാന്‍ കഴിയാതെപോയവരുമായി 2,402 പേരെയും കണ്ടെത്തി.
ഏഴാംതരം വിജയിച്ചെങ്കിലും പത്താംതരം കടക്കാത്തവരുടെ എണ്ണം- 2,285. പത്താംതരം വിജയിച്ചിട്ടും ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം നേടാന്‍ കഴിയാതെപോയവര്‍ 1,208 പേരാണ്. സര്‍വേയിലൂടെ കണ്ടെത്തിയ നിരക്ഷരര്‍ക്കുള്ള ക്ലാസുകള്‍ ഡിസംബര്‍ ആദ്യവാരം ആരംഭിക്കും. ആദിവാസികള്‍ക്ക് സാക്ഷരത മുതല്‍ ഹയര്‍ സെക്കന്‍ഡറിതലം വരെ സൗജന്യ വിദ്യാഭ്യാസം നടപ്പാക്കുന്നതാണ് പദ്ധതി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss