|    Jan 22 Sun, 2017 11:57 pm
FLASH NEWS

വയനാട്ടില്‍ 311 ആദിവാസി അവിവാഹിത അമ്മമാര്‍; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണം തുടങ്ങി

Published : 2nd August 2016 | Posted By: SMR

കല്‍പ്പറ്റ: ജില്ലയിലെ അവിവാഹിത അമ്മമാരും ആദിവാസികളും നേരിടുന്ന പ്രശ്‌നങ്ങള്‍ അന്വേഷിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം ജസ്റ്റിസ് സിറിയക് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം വയനാട്ടിലെത്തി. ആദിവാസികളുടെ ജീവിതപുരോഗതിക്കും അവകാശ സംരക്ഷണത്തിനും ജില്ലാഭരണകൂടം ഇതുവരെ സ്വീകരിച്ച നടപടികള്‍ കമ്മീഷന്‍ ആരാഞ്ഞു.
വയനാട്ടില്‍ ആദിവാസികള്‍ക്കിടയില്‍ 311 അവിവാഹിത അമ്മമാരാണ് സര്‍ക്കാരിന്റെ കണക്കുകളിലുള്ളതെന്ന് അധികൃതര്‍ അറിയിച്ചു. ഇവര്‍ക്കിടയില്‍ 75 പേര്‍ക്ക് മാത്രമാണ് സ്‌നേഹ സ്പര്‍ശം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പെന്‍ഷന്‍ നല്‍കുന്നത്. വിധവ പെന്‍ഷന്‍ തുടങ്ങിയ മറ്റ് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്തതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, യാതൊരു ആനുകൂല്യവും ലഭിക്കാത്തവര്‍ ഇവര്‍ക്കിടയിലുണ്ടെന്നും മുഴുവന്‍ പേരുടെയും വിവരം ശേഖരിച്ച് അര്‍ഹതപ്പെട്ട ആനുകൂല്യം എത്തിക്കേണ്ടത് അനിവാര്യതയാണെന്നും കമ്മീഷന്‍ പറഞ്ഞു.
പോക്‌സോ നിയമപ്രകാരം ജയിലിലടക്കപ്പെട്ട ആദിവാസി യുവാക്കളുടെ ദുരിതവും ദേശീയ മനുഷ്യാവകാശ കമ്മീഷന് മുന്നിെലത്തി. ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കേഴ്‌സ് ആണ് വിഷയം കമ്മീഷനു മുന്നില്‍ ഉന്നയിച്ചത്. പണിയ, അടിയ സമുദായത്തിലാണ് ഏറ്റവും കൂടുതല്‍ ചൂഷണം നടക്കുന്നത്.  പതിനെട്ട് വയസ്സ് പൂര്‍ത്തിയാവുന്നതിനു മുമ്പേ  വിവാഹംകഴിച്ച  ഒട്ടേറെ ആദിവാസി യുവാക്കള്‍ പോക്‌സോ നിയമപ്രകാരം ജയിലിലടക്കപ്പെട്ടിട്ടുണ്ട്. പിന്നീട് ഇവരെ ജാമ്യത്തിലെടുക്കാന്‍പോലും ആളില്ലാത്ത അവസ്ഥയുമാണുള്ളതെന്നും കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കേഴ്‌സ് കമ്മീഷനെ ധരിപ്പിച്ചു.
വാളാരംകുന്നില്‍ ആദിവാസി സ്ത്രീകള്‍ക്കെതിരേ നടന്ന പീഡന ശ്രമങ്ങളില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യുകയും വീഴ്ചവരുത്തിയ പോലിസ് ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിച്ചതായി കലക്ടര്‍ പറഞ്ഞു. ഇന്നു രാവിലെ 10ന് കലക്ടറേറ്റില്‍ ചേരുന്ന രണ്ടാംദിവസ യോഗത്തില്‍ വകുപ്പ് ഉദ്യോഗസ്ഥരോട് ആദിവാസിക്ഷേമ മേഖലയില്‍ തയ്യാറാക്കിയ പദ്ധതികളുടെയും ചെലവഴിച്ച ഫണ്ടുകളുടെയും കണക്കുകള്‍ സഹിതം ഹാജരാവാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കി. കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കുട്ടികളുടെ ഹോസ്റ്റല്‍, പനമരം പഞ്ചായത്തിലെ പടിഞ്ഞാറെവീട് പണിയ കോളനി എന്നിവയിലും കമ്മീഷന്‍ ഇന്നലെ സന്ദര്‍ശനം നടത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 36 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക