|    Mar 24 Fri, 2017 9:45 pm
FLASH NEWS

വയനാട്ടില്‍ വന്‍ കുഴല്‍പ്പണവേട്ട; തോക്ക് സഹിതം മൂന്നുപേര്‍ അറസ്റ്റില്‍

Published : 18th July 2016 | Posted By: SMR

സുല്‍ത്താന്‍ബത്തേരി: സംസ്ഥാന അതിര്‍ത്തിയായ മുത്തങ്ങയില്‍ വന്‍ കുഴല്‍പ്പണവേട്ട. കര്‍ണാടകയില്‍ നിന്നു കേരളത്തിലേക്ക് കടത്തുകയായിരുന്ന മൂന്നരകോടിയോളം രൂപയാണ് സുല്‍ത്താന്‍ ബത്തേരി പോലിസ് പിടികൂടിയത്.
കാറില്‍ ഉണ്ടായിരുന്ന കൊടുവള്ളി സ്വദേശികളായ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഇവരുടെ കൈവശം ഉണ്ടായിരുന്ന ഒരു തോക്കും പോലിസ് പിടിച്ചെടുത്തു. കൊടുവള്ളി പടനിലം വെണ്ണക്കല്‍ കാപ്പുംപുറത്ത് റഫീഖ്(35), താമരശ്ശേരി വാവാട് കൂനത്തില്‍ ജുനൈസ്(25), കൊടുവള്ളി സ്വദേശി എരേരക്കല്‍ അബ്ദുറഹ്മാന്‍(42) എന്നിവരാണ് അറസ്റ്റിലായത്. കാറിന്റെ പിന്‍സീറ്റിനോട് ചേര്‍ന്നുള്ള രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാപോലിസ് മേധാവിയുടെ നിര്‍ദേശാനുസരണം നടത്തിയ വാഹനപരിശോധനയിലാണ് രേഖകളില്ലാതെ കടത്തിയ കോടിക്കണക്കിന് രൂപയും കള്ളത്തോക്കും പിടികൂടിയത്. ഇന്നലെ രാവിലെ 6.45ലോടെ സംസ്ഥാന അതിര്‍ത്തിയായ മുത്തങ്ങ തകരപ്പാടിയില്‍ വച്ചാണ് സംഘം പിടിയിലായത്.
3,22,57100 രൂപയാണ് പിടിച്ചെടുത്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന ടൊയോട്ട ഏറ്റിയോസ് കാറിന് പുറകിലെ സീറ്റില്‍ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നൂറിന്റെയും കെട്ടുകള്‍ രഹസ്യ അറയില്‍ അടുക്കിവച്ച നിലയിലും തോക്ക് പിന്‍സീറ്റിനടിയിലുമാണ് ഉണ്ടായിരുന്നത്.
വാഹനം മുത്തങ്ങ സ്വദേശിയുടേതാണെന്ന് പോലിസ് സ്ഥിരീകരിച്ചു. പ്രതികളെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി വി ജി കുഞ്ഞന്‍, മാനന്തവാടി ഡിവൈഎസ്പി അസൈനാര്‍ എന്നിവര്‍ സുല്‍ത്താന്‍ബത്തേരി സ്‌റ്റേഷനിലെത്തി ചോദ്യം ചെയ്തു.

(Visited 18 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക