|    Nov 21 Wed, 2018 5:32 pm
FLASH NEWS

വയനാട്ടിലേത് പ്രളയാനന്തരകാലത്തെ സന്നദ്ധപ്രവര്‍ത്തന ടൂറിസമെന്ന്

Published : 30th August 2018 | Posted By: kasim kzm

അംബിക

കോഴിക്കോട്: പ്രളയാനന്തരകാലത്ത് വയനാട്ടില്‍ നടക്കുന്നത് സന്നദ്ധ പ്രവര്‍ത്തന ടൂറിസമെന്ന് ആദിവാസി മേഖലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഡോ. ഹരി. പല സംഘങ്ങളും ബാനറും കാമറയും ഒക്കെയായി വയനാട്ടിലേക്ക് ഉല്ലാസയാത്രയെന്നപോലെയാണ് എത്തുന്നത്.
പ്രളയസമയത്തെന്നപോലെ ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നത് ബ്രഡും കുപ്പിവെള്ളവും നിറഞ്ഞ വാഹനങ്ങള്‍ തന്നെയാണ്. വീടുകളില്‍ വെള്ളംകയറിയ സമയത്ത് അത്യാവശ്യമായിരുന്നു ബ്രഡ് എന്നതു ശരിയാണ്. കുപ്പിവെള്ളം അപ്പോള്‍ പോലും കാര്യമായി ആവശ്യം വന്നില്ല എന്നതാണ് വാസ്തവം. മാത്രമല്ല, വയനാട്ടിലെ മനുഷ്യരുടെ ഇല്ലായ്മയെ അപഹസിക്കുന്ന രീതിയില്‍, ചവിട്ടിയാക്കാന്‍ പോലും പറ്റാത്ത, ഉപയോഗിച്ചു പഴകിയ അടിവസ്ത്രങ്ങളടക്കമുള്ളവ കൊണ്ടു തള്ളാനുള്ള ഇടമായി ദുരിതാശ്വാസ കേന്ദ്രങ്ങളും ദുരിതബാധിതരുടെ വീടുകളും കണ്ടു എന്നുള്ളതും വസ്തുതയാണ്. ഇപ്പോഴും നിരവധിയാളുകള്‍ ഇത്തരത്തിലുള്ള ഉപയോഗപ്രദമല്ലാത്ത സാധനങ്ങളുമായി എത്തിക്കൊണ്ടിരിക്കുന്നുണ്ട്.
കലക്ടറേറ്റിലും മറ്റും ഇത്തരം സാധനസാമഗ്രികള്‍ കെട്ടിക്കിടക്കുന്നുണ്ട്. പഞ്ചായത്ത് വാര്‍ഡ് തലങ്ങളില്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചാല്‍ മാത്രമെ ഇനിയുള്ള കാര്യങ്ങള്‍ സുഗമമാവുകയുള്ളൂ. ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍ക്കു നേരെ അധികൃതര്‍ ഉയര്‍ത്തിയ ആരോപണങ്ങളും രാഷ്ട്രീയ കളികളും ക്യാംപുകള്‍ പിടിച്ചെടുക്കലുമെല്ലാം ഒത്തൊരുമയോടെ നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മങ്ങലേല്‍പിച്ചു. കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ റിപ്പയര്‍ ചെയ്യുക, വീടുകള്‍ നഷ്ടമായതും ഉപയോഗശൂന്യവുമായ ഗൃഹോപകരണങ്ങള്‍ ലഭ്യമാക്കുക, അത്യാവശ്യമുള്ള നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങളാണ് അടിയന്തരമായി ചെയ്യേണ്ടത്. അതുപോലെ കുട്ടികളുടെ നഷ്ടമായ പാഠപുസ്തകങ്ങള്‍, പഠനോപകരങ്ങള്‍, സ്‌കൂള്‍ ബാഗുകള്‍, യൂനിഫോമുകള്‍ തുടങ്ങിയവ ഉടന്‍തന്നെ ലഭ്യമാക്കുകയും വേണം. ടെക്സ്റ്റ് ബുക്കുകള്‍ സര്‍ക്കാര്‍ നല്‍കുമെങ്കിലും മറ്റുള്ളവ ലഭ്യമാക്കുന്നതിന് മറ്റ് സഹാങ്ങള്‍ തന്നെ വേണ്ടിവരും. കൃഷിക്കാവശ്യമായ വിത്തുകളടക്കം ലഭ്യമാക്കുക എന്നത് വളരെ പ്രധാനമാണ്.
ഈ ദുരിതങ്ങള്‍ക്കിടയിലും കിട്ടാവുന്നതൊക്കെയും വാരിക്കൂട്ടുന്നവരും ആദിവാസികള്‍ക്ക് ലഭിക്കേണ്ടുന്നവ തട്ടിയെടുക്കുന്നവരേയുമൊക്കെ കാണാനായി എന്നും ഹരി ഡോക്ടര്‍ പറയുന്നു.
ആദിവാസിക്ക് കുറഞ്ഞ നിരക്കില്‍ ലഭ്യമാവുന്ന അരിയടക്കമുള്ള സാധനങ്ങള്‍ അവരില്‍ നിന്ന് ചെറിയ തുകയ്ക്ക് വാങ്ങി വിറ്റ് ലാഭമുണ്ടാക്കുകയും പിന്നീട് ആ ആദിവാസിയെ തന്നെ കുറ്റപ്പെടുത്തുന്നതുമായ കാഴ്ചയും കാണാനായി. അപകടസാധ്യത ഭയന്ന് കിട്ടിയ വിലയ്ക്ക് സ്ഥലംവില്‍ക്കാന്‍ ആളുകള്‍ തയ്യാറാണെന്ന സാഹചര്യമാണുള്ളത്. ക്വാറികള്‍ ഉരുള്‍ പൊട്ടലിന് കാരണമല്ലെന്ന വാദഗതി ക്വാറിമാഫിയകള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും വയനാട്ടിലെ ഉരുള്‍പൊട്ടലുകളെല്ലാം ക്വാറികള്‍ ഉണ്ടായിരുന്നതും ഇപ്പോഴും നിലനില്‍ക്കുന്നതുമായ പ്രദേശങ്ങളിലാണെന്നതാണ് വസ്തുത.
മഴപെയ്യാന്‍ മരങ്ങള്‍ വേണ്ടെന്ന വാദഗതി ഉന്നയിക്കുന്നവരും രംഗത്തെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss