|    Jul 20 Thu, 2017 10:15 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

വയനാട്ടിലെ മഴക്കുറവ്; കാവേരിയില്‍ ജലനിരപ്പ് താഴ്ന്നു

Published : 24th September 2016 | Posted By: SMR

കല്‍പ്പറ്റ: വയനാട്ടില്‍ കാലവര്‍ഷം ദുര്‍ബലമായത് കാവേരിയിലെ ജലനിരപ്പ് കുറയാന്‍ ഇടയാക്കി. വയനാട്ടിലെ കാലവര്‍ഷമാണ് കര്‍ണാടകയിലെ ബീച്ചനഹള്ളി അണക്കെട്ടിന്റെ ജലസ്രോതസ്സ്. വയനാട്ടില്‍നിന്ന് ഉദ്ഭവിക്കുന്ന കബനിയിലെ ജലമാണ് ബീച്ചനഹള്ളി അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. വയനാട്ടില്‍ മഴ കുറഞ്ഞാല്‍ അണക്കെട്ട് ശുഷ്‌ക്കമാവും. അതാണ് ഇത്തവണ സംഭവിച്ചിരിക്കുന്നത്. 20 ടിഎംസി ജലമാണ് ബീച്ചനഹള്ളി അണക്കെട്ടിന്റെ സംഭരണശേഷി. മൈസൂരു, ബംഗളൂരു ടൗണുകളിലേക്കുള്ള കുടിവെള്ളംപോലും ബീച്ചനഹള്ളി അണക്കെട്ടില്‍നിന്നാണ് എത്തിക്കുന്നത്.
ബീച്ചനഹള്ളി അണക്കെട്ടിലെ വെള്ളം കൂറ്റന്‍ ടണലുകള്‍ വഴി അഞ്ചു കിലോമീറ്റര്‍ അകലെയുള്ള താര്‍ക്കാ അണക്കെട്ടിലും എത്തിക്കുന്നുണ്ട്. പ്രതിവര്‍ഷം 90 ടിഎംസി ജലമാണ് കബനി വഴി കര്‍ണാടകയിലെ കാവേരിയിലെത്തുന്നത്. എന്നാല്‍, കേരളത്തിന് ഉപയോഗിക്കാവുന്ന 21 ടിഎംസി വയനാടിന് അര്‍ഹതപ്പെട്ടതാണെങ്കിലും അഞ്ച് ടിഎംസി മാത്രമേ ഉപയോഗപ്പെടുത്തുന്നുള്ളൂ. പദ്ധതികള്‍ പലതുണ്ടെങ്കിലും എല്ലാം കടലാസുകളില്‍ മാത്രം. ജലസംരക്ഷണത്തിലും വിനിയോഗത്തിലുമെല്ലാം കേരളം കര്‍ണാടകയെ കണ്ടുപഠിക്കേണ്ടിയിരിക്കുന്നു. കബനി ജലവിനിയോഗത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികളെല്ലാം പാളുകയാണ്. ജനങ്ങളെ വന്‍തോതില്‍ കുടിയൊഴിപ്പിക്കുന്ന വന്‍കിട പദ്ധതികള്‍ക്ക് പകരം ചെറുകിട പദ്ധതികള്‍ക്ക് അധികൃതര്‍ മടിക്കുകയാണ്. സര്‍ക്കാ ര്‍ പ്രഖ്യാപിച്ച പല ജലസേചനപദ്ധതികളും വിവാദത്തിലാവുകയും ചെയ്തു. കടമാന്‍തോട്, സീതാമൗണ്ട്, ശശിമല ജലസേചനപദ്ധതികള്‍ ഇത്തരത്തില്‍ വിസ്മരിക്കപ്പെട്ടവയാണ്. 26 കോടി രൂപ ചെലവില്‍ സീതാമൗണ്ട്, ശശിമല പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു. കൂടാതെ ഒമ്പതോളം പദ്ധതികളും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതൊന്നും തന്നെ പ്രാബല്യത്തിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഓരോ വര്‍ഷവും ബീച്ചനഹള്ളി നിറയുമ്പോള്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇവിടെ ജലപൂജ നടത്താറുണ്ട്. ഇത്തവണ ഇതും നടന്നിട്ടില്ല.
ഈ വര്‍ഷം കേരളത്തില്‍ തന്നെ ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത് വയനാട്ടിലാണ്. വരാനിരിക്കുന്ന വരള്‍ച്ചയെ പ്രവചിക്കുന്നവിധത്തിലാണ് കബനിയിലെ ജലശോഷണം.
കബനിയിലെ ജലനിരപ്പ് താഴുമ്പോഴെല്ലാം അത് വയനാടിനെയും അതിര്‍ത്തിസംസ്ഥാനങ്ങളെയും ബാധിച്ചിട്ടുണ്ട്. ഇപ്പോഴത് കര്‍ണാടക-തമിഴ്‌നാട് സംസ്ഥാനങ്ങളുടെ രാഷ്ട്രീയാന്തരീക്ഷത്തെയും കലുഷിതമാക്കിയിരിക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക