|    Jun 25 Mon, 2018 1:52 pm

വയനാടിന്റെ പിറന്നാളാഘോഷം പൂര്‍ത്തിയാവുന്നു; ഇത്തവണയും ചര്‍ച്ച ചെയ്യപ്പെട്ടത് പതിറ്റാണ്ട് പിന്നിട്ട ആവശ്യങ്ങള്‍

Published : 9th November 2016 | Posted By: SMR

കല്‍പ്പറ്റ: ജില്ലയുടെ 37ാമത് പിറന്നാളുമായി ബന്ധപ്പെട്ട് വഴിപാടുപോലെ ഔദ്യോഗിക തലത്തില്‍ ആഘോഷങ്ങള്‍ പൂര്‍ത്തിയാവുമ്പോഴും കഴിഞ്ഞ പത്തു വര്‍ഷമായി വയനാട് ആവശ്യപ്പെടുന്നത് ഒരേ കാര്യങ്ങള്‍. ഇത്തവണ വിവിധ ഭാഗങ്ങളില്‍ നടന്ന ചെറുതും വലുതുമായ സംവാദങ്ങളില്‍ ഉയര്‍ന്ന കാര്യങ്ങളില്‍ മിക്കതും പതിറ്റാണ്ടുകളായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍. മൂന്നര പതിറ്റാണ്ടിലേറെ കഴിഞ്ഞിട്ടും ജില്ലയുടെ ബാലാരിഷ്ടതകള്‍ വിട്ടുമാറിയിട്ടില്ലെന്നതാണ് പൊതുവിലയിരുത്തല്‍. മൊത്തം ജനസംഖ്യയില്‍ 18 ശതമാനത്തോളം വരും ആദിവാസികള്‍. സംസ്ഥാനത്ത് ആദിവാസി ജനസംഖ്യ ഏറ്റവും കൂടുതലുള്ള ജില്ലയെന്ന ഖ്യാതിയും വയനാടിനുണ്ട്. നിയമസഭയില്‍ ആകെയുള്ള രണ്ടു പട്ടികവര്‍ഗ സംവരണ മണ്ഡലങ്ങളും ഈ ജില്ലയിലെന്നതും പ്രത്യേകതയാണ്. ജനസംഖ്യയില്‍ ഗണ്യമായ വിഭാഗവും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. രണ്ടു സംസ്ഥാനങ്ങള്‍ (തമിഴ്‌നാടും കര്‍ണാകയും) അതിരിടുന്ന സംസ്ഥാനത്തെ ഏക ജില്ലയും വയനാടാണ്. സംസ്ഥാനത്തെ പന്ത്രണ്ടാമത് ജില്ലയായി 1980 നവംബര്‍ ഒന്നിനായിരുന്നു വയനാടിന്റെ പിറവി. അതുവരെ കണ്ണൂര്‍, കോഴിക്കോട് ജില്ലകളുടെ ഭാഗമായിരുന്നു വയനാട്. കാര്‍ഷിക മേഖലയുടെ ഉന്നതി, വിദ്യാഭ്യാസആരോഗ്യ മേഖലകളിലെ വളര്‍ച്ച, ഭൗതിക സൗകര്യങ്ങളുടെ ലഭ്യത തുടങ്ങി നിത്യജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം സ്വയംപര്യാപ്തമായൊരു ജില്ലയെന്നതായിരുന്നു ഈ ആഗ്രഹത്തിന്റെ ചേതോവികാരം. സംസ്ഥാനത്തെ ഇതര ജില്ലകളെ അപേക്ഷിച്ച് വയനാട് ഇപ്പോഴും പിന്നാക്കമെന്നാണ് ചര്‍ച്ചകളിലെ വിലയിരുത്തല്‍. ഗതാഗതം, ആരോഗ്യ പരിരക്ഷ, വ്യവസായം, ആദിവാസി ക്ഷേമം തുടങ്ങി നിരവധി മേഖലകളില്‍ വയനാട് ഇന്നും ഏറെ പിന്നിലാണ്. അയല്‍ ജില്ലകളായ കണ്ണൂര്‍, കോഴിക്കോട്, കര്‍ണാടകയിലെ കുടക്, ചാമരാജ്‌നഗര്‍, തമിഴ്‌നാട്ടിലെ നീലഗിരി തുടങ്ങിയ സ്ഥലങ്ങളുമായി ബന്ധപ്പെടാന്‍ ബ്രിട്ടീഷ് ഭരണത്തില്‍ ഉണ്ടായിരുന്ന പാതകളല്ലാതെ മറ്റൊന്നുപോലും ഇല്ല. വാഹനങ്ങളുടെ എണ്ണം പെരുകിയിട്ടും കോഴിക്കോടുമായി ബന്ധപ്പെടാന്‍ പഴയ താമരശ്ശേരി ചുരം റോഡും പക്രംതളം റോഡും മാത്രം. കണ്ണൂര്‍ ഭാഗത്തേക്ക് പോവാന്‍ പേര്യ ചുരം. വാഹനങ്ങള്‍ നാമമാത്രമായി മാത്രം ഉണ്ടായിരുന്ന കാലത്തുനിന്ന് റോഡിന് അല്‍പം വീതി കൂടിയിട്ടുണ്ടെന്നതു മാത്രമാണ് വ്യത്യാസം. തീവണ്ടി സൗകര്യമില്ലാത്ത ജില്ലയാണ് വയനാട്. തീവണ്ടി കയറാന്‍ അയല്‍ജില്ലകളില്‍ എത്തണം. വയനാടിനെ നിലമ്പൂരും മൈസൂരുമായി ബന്ധിപ്പിക്കുന്ന തീവണ്ടി പാതയ്ക്കായുള്ള നീക്കങ്ങള്‍ പേരിന് നടക്കുന്നുവെന്നല്ലാതെ ശുഭസൂചനകള്‍ കാണുന്നില്ല. മൈസൂരുമായി ബന്ധപ്പെടാന്‍ പതിറ്റാണ്ടുകളായി ആശ്രയിച്ചിരുന്ന കോഴിക്കോട്്-കൊല്ലൈഗല്‍ ദേശീയപാതയില്‍ കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവാസങ്കേതം സ്ഥിതിചെയ്യുന്ന വനപ്രദേശത്ത് ഏര്‍പ്പെടുത്തിയ രാത്രിയാത്രാ നിരോധനം വയനാട്ടുകാര്‍ക്കു മാത്രമല്ല, മലബാറിനാകെയും തിരിച്ചടിയായി. ഇതു നീക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്കും ഇതുവരെ ശുഭാന്ത്യമില്ല. ഫലത്തില്‍ യാത്രയുടെ കാര്യത്തില്‍ ഇന്നും വയനാട് വീര്‍പ്പുമുട്ടുകയാണ്. തിരുവനന്തപുരത്ത് നിന്ന് അതിവേഗ വണ്ടിയില്‍ കോഴിക്കോട് വരെ ആറേഴു മണിക്കൂര്‍ കൊണ്ട് എത്തിപ്പെടുന്ന വയനാട്ടുകാര്‍ക്ക് വീണ്ടും അവിടെ നിന്ന് ജില്ലയിലേക്ക് എത്താന്‍ മൂന്നും നാലും മണിക്കൂര്‍ വേണ്ടിവരുന്നുവെന്നത് കാലത്തിന്റെ വേഗതയുമായി ഒരുതരത്തിലും പൊരുത്തപ്പെടുന്നതല്ല.ചികില്‍സാ രംഗത്തെ പിന്നാക്കാവസ്ഥ വയനാടിനെ ശാപംപോലെ പിന്തുടരുകയാണ്. ഏറെക്കാലത്തെ മുറവിളിക്കു ശേഷം ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അനുവദിച്ചുവെങ്കിലും ഇതു യാഥാര്‍ഥ്യമാവാന്‍ ഇനിയും വര്‍ഷങ്ങള്‍ വേണ്ടിവരും. അതുവരെ പഴയപടി വിദഗ്ധ ചികില്‍സയ്ക്കായി മറ്റ് ജില്ലകളെ ആശ്രയിക്കണം. രാപ്പകല്‍ വ്യത്യാസമില്ലാതെ കോഴിക്കോട് ഭാഗത്തേക്കെങ്കിലും പോയിവരാന്‍ കഴിയും വിധത്തില്‍ അതിവേഗ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഇനിയും വേണം. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ എന്നതു റെയില്‍വേയുടെ അഭാവത്താല്‍ സാധ്യമാവുന്നില്ല. പരിസ്ഥിതിക്ക് ദോഷം വരാത്ത വ്യവസായങ്ങള്‍ തന്നെയാണ് വയനാടിന് അഭികാമ്യം. ആ ദിശയില്‍ ടൂറിസത്തിനാണ് ഏറെ സാധ്യത. മൂന്നാര്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രകൃതിഭംഗിയുള്ള പ്രദേശം കേരളത്തില്‍ വയനാടാണ്. ടൂറിസംരംഗത്ത് വയനാടിന്റെ സാധ്യത അനന്തമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. കരിപ്പൂര്‍, നിര്‍ദിഷ്ട കണ്ണൂര്‍, മൈസൂരു വിമാനത്താവളങ്ങളില്‍ ഇറങ്ങി വേഗത്തില്‍ എത്തിപ്പെടാന്‍ കഴിയുന്ന പ്രകൃതിഭംഗിയുള്ള ഭൂപ്രദേശമാണ് വയനാട്. ആ നിലയ്ക്കും വിദേശ ടൂറിസ്റ്റുകളെ അടക്കം ഇവിടേക്ക് ആകര്‍ഷിക്കാനുള്ള സാധ്യത ചെറുതല്ല. ഇതെല്ലാം മുന്നില്‍ കണ്ടുള്ള ടൂറിസം വികസനമാണ് ഉണ്ടാവേണ്ടത്. കേരളത്തിലെ ഏക വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ ആസ്ഥാനം വയനാട്ടിലാണ്. ക്ഷീരോല്‍പാദന മേഖലയില്‍ വലിയ വളര്‍ച്ച നേടിയ പ്രദേശമാണിത്. വെറ്ററിനറി സര്‍വകലാശാലയുടെ പ്രയോജനം നേരിട്ട് ക്ഷീരോല്‍പാദന മേഖലയ്ക്ക് കൂടി ലഭ്യമാവേണ്ടതുണ്ട്. ഏറ്റവും കൂടുതല്‍ ആദിവാസികളുള്ള ജില്ലയും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂരഹിത ആദിവാസികളുള്ള ജില്ലയും വയനാടാണ്. ആദിവാസി ക്ഷേമത്തിനായി സര്‍ക്കാര്‍ ചെലവഴിക്കു ഫണ്ടുകള്‍ ലക്ഷ്യത്തിലേക്ക് എത്തുന്നില്ലെന്ന പരാതിക്ക് കക്ഷിവ്യത്യാസമില്ല. ആദിവാസികള്‍ക്കും ഭൂരഹിതര്‍ക്കും കിടപ്പാടത്തിനായി കൊടുക്കാനുള്ള ഭൂമി വയനാട്ടില്‍ തന്നെ ലഭ്യമാണ്. ഇതു പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങളാണ് ജില്ലയില്‍ നടന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss