|    Jun 25 Mon, 2018 5:42 pm
FLASH NEWS

വയനാടിനെ വരള്‍ച്ചബാധിത ജില്ലയായി പ്രഖ്യാപിക്കണം: എസ്ഡിപിഐ

Published : 20th January 2017 | Posted By: fsq

 

കല്‍പ്പറ്റ: വേനല്‍ക്കാലം ആരംഭിക്കുന്നതിനു മുമ്പുതന്നെ രൂക്ഷമായ വരള്‍ച്ച നേരിടുന്ന വയനാടിനെ വരള്‍ച്ചാബാധിത ജില്ലയായി പ്രഖ്യാപിക്കണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. നാട്ടില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി. കര്‍ഷകരും പ്രതിസന്ധി നേരിടുന്നു. എന്നിട്ടും ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുന്നില്ല. വരള്‍ച്ചയ്ക്ക് കുപ്രസിദ്ധി നേടിയ പുല്‍പ്പള്ളി മേഖലയ്ക്ക് ഇന്നും മോചനമില്ല. കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളിലെ ഭൂപ്രകൃതിയോട് സാമ്യമുള്ളതായി മാറുകയാണ് വയനാട് മുഴുവന്‍. വരള്‍ച്ചയെ പ്രതിരോധിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ടെങ്കിലും കാര്യക്ഷമമല്ല. നിരവധി ചെറുകിട ജലസേചന പദ്ധതികള്‍ ഉപയോഗശൂന്യമായി കിടക്കുന്നു. കബനിയില്‍ നിന്നുള്ള കേരളത്തിന്റെ വിഹിതം വിനിയോഗിക്കാന്‍ യാതൊരു നീക്കവുമില്ല. കാരാപ്പുഴ അണക്കെട്ടില്‍ നിന്ന് കല്‍പ്പറ്റ നഗരസഭയില്‍ കുടിവെള്ളമെത്തിക്കാനുള്ള കോടികളുടെ പദ്ധതി വിജയിച്ചില്ല. പലയിടത്തും ഇപ്പോഴും പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു. ഇതു പരിഹരിക്കാന്‍ പോലും ബന്ധപ്പെട്ടവര്‍ തയ്യാറല്ല. വേനല്‍ക്കാലം ആരംഭിക്കുന്നതിനു മുമ്പുതന്നെ ജില്ല വരള്‍ച്ചയുടെ പിടിയിലാണ്. വരാനിരിക്കുന്ന ദുരന്തത്തെ പ്രതിരോധിക്കാന്‍ കാര്യക്ഷമമായ നടപടികളാണ് ആവശ്യം. ഈ സാഹചര്യത്തില്‍ വയനാടിനെ വരള്‍ച്ചാബാധിത ജില്ലയായി പ്രഖ്യാപിച്ച് ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഫണ്ടുകള്‍ ഇവിടെ വിനിയോഗിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി ആര്‍ കൃഷ്ണന്‍കുട്ടി, ജനറല്‍ സെക്രട്ടറി എന്‍ ഹംസ, ഖജാഞ്ചി പി പോക്കര്‍, വൈസ് പ്രസിഡന്റ് ഇ ഉസ്മാന്‍, സെക്രട്ടറി അഡ്വ. കെ എ അയ്യൂബ് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss