|    Nov 15 Thu, 2018 8:46 pm
FLASH NEWS

വയനാടിനെ തിരിച്ചുപിടിക്കാന്‍ പച്ചമരത്തണലില്‍ ഒരു കൂട്ടായ്

Published : 8th November 2017 | Posted By: fsq

 

മകല്‍പ്പറ്റ: വയനാടിന്റെ നഷ്ടമായ കുളിരുകളെ തിരിച്ചു പിടിക്കാനുള്ള ആഹ്വാനങ്ങളുമായി  വിദ്യാര്‍ഥികളും പരിസ്ഥിതി പ്രവര്‍ത്തകരും കലക്ട്‌റേറ്റ് ഉദ്യാനത്തിലെ പച്ചമരത്തണലില്‍ ഒത്തുചേര്‍ന്നു.പരിസ്ഥിതി ചൂഷണത്തിന്റ ആഘാതങ്ങളെക്കുറിച്ചും ആസന്നമാകുന്ന വലിയ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുമെല്ലാം ആശങ്കകളാണ് ഭരണഭാഷവാരത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ശുചിത്വമിഷന്‍, ഹരിതകേരള മിഷന്‍ എന്നിവരുടെ നേതൃത്ത്വത്തില്‍ സംഘടിപ്പിച്ച കുളിര് തേടുന്ന വയനാട് എന്ന പരിസ്ഥിതി സദസ്സ് ചര്‍ച്ച ചെയ്തത്. കലക്ടറേറ്റിലെത്തുന്ന അതിഥികള്‍ക്കെല്ലാം ഒരു വൃക്ഷത്തൈ സമ്മാനമായി നല്‍കുമെന്ന് ജില്ലാ കലക്ടര്‍ സുഹാസ് പറഞ്ഞു. സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാടിന്റെ പരിസ്ഥിതി സംരക്ഷണത്തിനുള്ള ഒരു പ്രതീകമായി ഈ മരത്തൈകള്‍ മാറുമെന്ന് പ്രതീക്ഷിക്കുന്നതായി കലക്ടര്‍ പറഞ്ഞു. മരത്തൈകള്‍ സമ്മാനമായി സ്വീകരിക്കുന്നവര്‍ അത് നട്ടുവളര്‍ത്തി മാതൃക കാട്ടണമെന്നും അദ്ദേഹം പറഞ്ഞു. കലക്ടറുടെ പ്രഖ്യാപനം നിറഞ്ഞ കൈയടികളോടെയാണ് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള സദസ്സ് വരവേറ്റത്. പുല്‍പ്പള്ളി പഴശ്ശിരാജ കോളജ് മുന്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ. ടി മോഹന്‍ബാബു മോഡറേറ്ററായിരുന്നു.  വയനാടിന്റെ വികസനത്തിന് താളാത്മകമായ പരിസ്ഥിതി ബോധമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഒരു കാലത്ത് മഴയും മഞ്ഞുമായി ആരെയും മോഹിപ്പിച്ച വയനാട് ഇന്ന് അതിഗൗരവമായ പാരിസ്ഥിതിക ചൂഷണത്തിനാണ് വിധേയമാകുന്നത്. അതിവേഗത്തലാണ് ഇവിടെ മാറ്റം വന്നു ചോര്‍ന്നിരിക്കുന്നത്. മുമ്പൊക്കെ നൂറ്റാണ്ടുകളെടുത്ത് പ്രകൃതിയില്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍ ഇന്ന് ചെറിയ കാലയളവില്‍ തന്നെ ഇവിടെ പ്രകടമായി തുടങ്ങിയിരിക്കുന്നു. അനിയന്ത്രിതമായ കടന്നുകയറ്റങ്ങള്‍ അത്രയും വേഗത്തില്‍ ഇവിടെ നടക്കുന്നു. ആപത്കരമായ സൂചനയാണിത്. ഈ സാഹചര്യങ്ങളെല്ലാം മനുഷ്യ സൃഷ്ടിയാണ്. ആദ്യം ഏവരും മനസ്സില്‍ നിന്നും പരിസ്ഥിതി സംരക്ഷണം തുടങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനം ഇക്കാലങ്ങളില്‍ വളരെ ഗൗരവമേറിയ ഉത്തരവാദിത്തമാണ്. വിദ്യാര്‍ഥികളടക്കമുള്ള സമുഹം മുന്‍തലമുറയില്‍ നിന്നും ഈ ദീപശിഖ കൈകളില്‍ ഏറ്റുവാങ്ങണമെന്ന് വയനാട് പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് രമേഷ് എഴുത്തച്ഛന്‍ പറഞ്ഞു. വയനാടിന്റെ പഴയ കുളിരും ജൈവികതയും തിരിച്ചെത്തിക്കാന്‍ കൂട്ടായ പരിശ്രമം തന്നെയാണ് വേണ്ടതെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍ ബാദുഷ ചൂണ്ടിക്കാട്ടി. പരിസ്ഥിതി പ്രവര്‍ത്തകരെല്ലാം വികസന വിരോധികള്‍ എന്ന സമീപനം മാറണം. വരും കാലം ഇല്ലെങ്കില്‍ ദുരന്തങ്ങളിലൂടെ ഇതിന് മറുപടി പറയുമെന്നും എന്‍ ബാദുഷ പറഞ്ഞു. വയലുകളുടെയും ചതുപ്പു നിലങ്ങളുടെയും കാലങ്ങളായുള്ള മാറ്റങ്ങള്‍ വയനാടിന്റെ ഭൂഘടനയെ അടിമുടി മാറ്റിയെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ പി യു ദാസ് പറഞ്ഞു. കാര്‍ഷിക മേഖലയിലും ചെറിയ കാലം കൊണ്ട് വന്ന മാറ്റങ്ങള്‍ ശുഭസൂചകമല്ല. നീരുറവകളെ പരിപാലിക്കുന്ന പുതിയ പാഠങ്ങളാണ് ഇനി വയനാട് പഠിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വലിയ ഫഌറ്റുകളും നിര്‍മാണ സംസ്‌കാരവുമല്ല വയനാട് പോലുള്ള മലയോര ജില്ലയ്ക്ക് വേണ്ടതെന്ന് വൈത്തിരി സ്വദേശി ചിത്രകുമാര്‍ പറഞ്ഞു. മരങ്ങള്‍ നട്ടുവളര്‍ത്തുന്നതും പരിപാലിക്കുന്നതും ചടങ്ങിനു മാത്രമാവരുതെന്ന് ഏച്ചോം ഗോപി അഭിപ്രായപ്പെട്ടു. നവോദയ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, കല്‍പ്പറ്റ എന്‍എംഎസ്എം മാസ്‌കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍.കലക്ടറേറ്റ് ജീവനക്കാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ പി അബ്ദുള്‍ ഖാദര്‍, ദിവാകരന്‍ പൊഴുതന, ഹരിതകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ബി കെ സുധീര്‍ കിഷന്‍, ശുചിത്വമിഷന്‍ അസി.കോര്‍ഡിനേറ്റര്‍ എ കെ രാജേഷ് എന്നിവര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss