|    Jun 25 Mon, 2018 12:32 am
FLASH NEWS

വയനാടന്‍ നെല്‍വിത്തിനങ്ങള്‍ക്ക് ജൈവ ബ്രാന്‍ഡിങ് നടത്തുന്നു

Published : 22nd January 2017 | Posted By: fsq

 

കല്‍പ്പറ്റ: വരള്‍ച്ചയെ ചെറുക്കാന്‍ കഴിവുള്ള വയനാടന്‍ നെല്ലിനങ്ങളുടെ കൃഷി വ്യാപിപ്പിച്ച് നെല്ല് അധികവിലയ്ക്ക് സംഭരിച്ച് ജൈവബ്രാന്‍ഡിങോടെ വില്‍ക്കുന്ന കാര്യം പരിശോധിക്കുമെന്ന് ഹരിതകേരളം മിഷന് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എം പി വല്‍സമ്മ അറിയിച്ചു.  പിഎംകെഎസ് പദ്ധതിയില്‍ ജില്ലയില്‍ നിന്നും സമര്‍പ്പിച്ചിട്ടുള്ള പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ചെറുകിട ജലസേചന പദ്ധതികള്‍ ഉപയോഗപ്പെടുത്തി നെല്‍കൃഷിക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കും. ജൈവോല്‍പന്നങ്ങളുടെ സര്‍ട്ടിഫിക്കേഷന് കൃഷിഭവന്‍ തലത്തില്‍ സൗകര്യങ്ങളൊരുക്കുന്നതോടൊപ്പം ഗവ. തലത്തില്‍ ജൈവ സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സി തുടങ്ങണമെന്ന ആവശ്യം ഉയര്‍ന്നുവന്നതായും റിപോര്‍ട്ടില്‍ പറയുന്നു. ജൈവോല്‍പന്നങ്ങളുടെ വിപണനത്തിന് മൂന്നു സമീപനങ്ങളാണ് റിപോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നത്. കൃഷിയിടങ്ങളില്‍ നിന്നു നേരിട്ട് ഫാം ഫ്രഷ് പച്ചക്കറികളുടെ വിപണനം, സ്വയംസഹായ സംഘങ്ങള്‍, കുടുംബശ്രീ യൂനിറ്റുകള്‍, ഇക്കോഷോപ്പുകള്‍ തുടങ്ങിയവയിലൂടെ ജൈവബ്രാന്‍ഡിങോടെയുള്ള വിപണനം, ഹോര്‍ട്ടികോര്‍പ് പോലുള്ള ഏജന്‍സികള്‍ വഴിയുള്ള വിപണനം എന്നിവയാണവ. ജൈവകൃഷി സംബന്ധിച്ച് വ്യാപകമായ പ്രചാരണം നടത്തുന്നതിന് വാര്‍ഡ് തലത്തില്‍ രൂപീകരിച്ച ജൈവകൃഷി സ്വയംസഹായ സംഘങ്ങള്‍ക്ക് ജൈവ വളക്കൂട്ടുകള്‍, ജീവാണുവളങ്ങള്‍, ജൈവ കീട-രോഗ നിയന്ത്രണോപാധികള്‍ തുടങ്ങിയവയുടെ നിര്‍മാണം, ജൈവോല്‍പന്നങ്ങളുടെ നിര്‍മാണം, മാര്‍ക്കറ്റിങ്, സംയോജിത കൃഷിരീതികള്‍, ജൈവ സര്‍ട്ടിഫിക്കേഷന്‍ തുടങ്ങിയവയില്‍ വിദഗ്ധ പരിശീലനം നല്‍കും.  ഈ സ്വയംസഹായസംഘങ്ങള്‍ നിര്‍മിക്കുന്ന ജൈവകൃഷിക്കുള്ള വിവിധ ഉല്‍പാദനോപാധികള്‍ ഇക്കോ ഷോപ്പുകള്‍, കുടുംബശ്രീ യൂനിറ്റുകള്‍ തുടങ്ങിയവയിലൂടെ കര്‍ഷകര്‍ക്കു നല്‍കുമെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ജൈവ വളക്കൂട്ടുകളുണ്ടാക്കാനാവശ്യമായ ചാണകം, ഗോമൂത്രം എന്നിവ വാര്‍ഡില്‍ തന്നെയുള്ള ക്ഷീരകര്‍ഷകരില്‍ നിന്നു ശേഖരിക്കും. ഈ സ്വയംസഹായ സംഘങ്ങളെ മറ്റു കര്‍ഷകര്‍ക്കാവശ്യമായ നിര്‍ദേശം നല്‍കുന്നതിന് ഉപയോഗപ്പെടുത്തുകയും ചെയ്യും. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മല്‍സ്യപരിപാലനം, മണ്ണുസംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ പദ്ധതികള്‍ ഏകോപിപ്പിച്ച് കര്‍ഷകര്‍ക്കു വേണ്ട സഹായം ലഭ്യമാക്കുമെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.  ജൈവകൃഷിയിലേക്കുള്ള പരിവര്‍ത്തനകാലത്തെ കര്‍ഷകന്റെ നഷ്ടം നികത്തുന്നതിന് പഞ്ചായത്ത് തലത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും. തൊഴിലുറപ്പ് പദ്ധതികളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി കുളങ്ങള്‍ നവീകരിക്കുന്നതിനും നിര്‍മിക്കുന്നതിനും മഴവെള്ള സംഭരണത്തിനുമുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കും. കൊന്ന പോലുള്ള പച്ചിലവള വൃക്ഷങ്ങളും നാടന്‍ ഫലവൃക്ഷങ്ങളും ഓഫ് സീസണ്‍ വിപണിയില്‍ മികച്ച സ്വീകാര്യതയുള്ള ലിച്ചി പോലുള്ള ഫലവൃക്ഷത്തൈകളും പൊതുജനപങ്കാളിത്തത്തോടെ കൃഷിയിടങ്ങളില്‍ വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നു. കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജി എസ് ഉണ്ണികൃഷ്ണന്‍, അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ആര്‍ മണികണ്ഠന്‍ എന്നിവരാണ് റിപോര്‍ട്ട് സംബന്ധിച്ച് പഠനവും അഭിപ്രായ ക്രോഡീകരണവും നടത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss