|    Jul 26 Wed, 2017 4:22 am
FLASH NEWS
Home   >  Todays Paper  >  page 10  >  

വയനാടന്‍ ചുരത്തിലെ മഴനടത്തം ശ്രദ്ധേയമായി

Published : 10th July 2016 | Posted By: SMR

താമരശ്ശേരി: ജീവന്റെ നിലനില്‍പ്പിനായി പ്രകൃതിയെ സംരക്ഷിക്കുമെന്ന പ്രതിജഞയുമായി ആയിരക്കണക്കിനു വിദ്യാര്‍ഥികളും പ്രകൃതിസ്‌നേഹികളും വയനാടന്‍ ചുരത്തില്‍ മഴ നടന്നു.പുതുതലമുറക്ക് പ്രകൃതിയെ പരിചയപ്പെടുത്താനായാണ് പ്രകൃതിസംരക്ഷണ ഏകോപനസമിതി വയനാട് ചുരത്തില്‍ പരിപാടി സംഘടിപ്പിച്ചത്. കോഴിക്കോട്, വയനാട് ജില്ലകളിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികളും അധ്യാപകരും പ്രകൃതിസ്‌നേഹികളുമാണ് 11ാമത് മഴനടത്തത്തില്‍ പങ്കാളികളായത്.
മരംകോച്ചുന്ന തണുപ്പും തമ്മില്‍ കാണാനാവാത്തവിധത്തിലുള്ള കോടമഞ്ഞും വകഞ്ഞുമാറ്റിയാണ് ആയിരക്കണക്കായ വിദ്യാര്‍ത്ഥികളും അധ്യാപകരും പരിസ്ഥിതി പ്രവര്‍ത്തകരും ചുരത്തിലൂടെ അടിവെച്ചു നീങ്ങിയത്.കോട മഞ്ഞെന്ന് കേട്ടു കേള്‍വി മാത്രമുള്ള വിദ്യാര്‍ഥികള്‍ കോട മഞ്ഞ് നേരിട്ടു കണ്ടു. വനപ്രദേശത്തുനിന്നും ഒലിച്ചിറങ്ങുന്ന അരുവികള്‍ക്കരികിലൂടെയുള്ള യാത്രക്ക് അകമ്പടിയായി ഇടക്കിടെ പെയ്തിറങ്ങിയ മഴ വിദ്യാര്‍ഥികളുടെ മനസ്സിനും കുളിര്‍മയേകി. ജില്ലാ അതിര്‍ത്തിയില്‍നിന്നും ആരംഭിച്ച പ്രയാണം 15 കിലോമീറ്ററുകള്‍ താണ്ടി അടിവാരം ബസ്റ്റാന്റിലാണ് സമാപിച്ചത്. പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ എന്‍ എ നസീര്‍ മഴ നടത്തം ഉദ്ഘാടനം ചെയ്തു.
ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് ജില്ലാ അതിര്‍ത്തിയില്‍ വൃക്ഷത്തൈ നട്ടു. ശേഷം ഒരു കിലോമീറ്ററോളം മഴ നടത്തത്തില്‍ പങ്കാളിയായാണ് കലക്ടര്‍ മടങ്ങിയത്. ഭാവി തലമുറക്കുകൂടി ജീവിക്കേണ്ട ഭൂമിയെ നാശത്തില്‍നിന്നും രക്ഷിക്കല്‍ ചിന്താശേഷിയുള്ളവരുടെ കടമയാണെന്ന് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രഫ. ശോഭീന്ദ്രന്‍ ആഹ്വാനം ചെയ്തു.
കവി പി കെ ഗോപി രചിച്ച പരിസ്ഥിതി സന്ദേശ ഗാനം സദസ്സിനെ ആവേശഭരിതമാക്കി. പി ഉഷാകുമാരി, പരിസ്ഥിതി പ്രവര്‍ത്തകന്‍ അബ്രഹാം ബെന്‍ഹര്‍, ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എന്‍ ഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പതിനൊന്നാമത് മഴ നടത്തം ഗിന്നസ് ബുക്കില്‍ ഇടം പിടിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക