|    Jul 17 Tue, 2018 11:36 am
FLASH NEWS

വയനാടന്‍ ചരിത്രമെഴുതാന്‍ കുടുംബശ്രീയുടെ കുട്ടിക്കൂട്ടം

Published : 15th September 2017 | Posted By: fsq

 

കല്‍പ്പറ്റ: ‘നാടറിയാന്‍, നാടിനെയറിയാന്‍’ എന്ന പേരില്‍ വയനാടിന്റെ പ്രാദേശിക ചരിത്രവും വര്‍ത്തമാനവുമെഴുതുകയാണ് ജില്ലയിലെ കുടുംബശ്രീ ബാലസഭാ പ്രവര്‍ത്തകര്‍. വയനാടന്‍ പ്രാദേശിക ചരിത്രത്തിന്റെ തിരുശേഷിപ്പുകള്‍, ആധുനിക വയനാടിന്റെ ശില്‍പികള്‍, ഗ്രാമീണ സൗന്ദര്യത്തിന്റെ നിറം മങ്ങാത്ത കാല്‍പനിക ഭാവങ്ങള്‍, നഷ്ടപ്പെടുന്ന ചരിത്രസ്മാരകങ്ങള്‍, പ്രാദേശിക സാമൂഹിക ജീവിതത്തെ മുദ്രണം ചെയ്ത മനുഷ്യര്‍, സ്ഥലനാമ പുരാണങ്ങള്‍, അവകാശപ്പോരാട്ടങ്ങള്‍, കാര്‍ഷിക സംസ്‌കാരം, പരിസ്ഥിതി, കല, സാഹിത്യം, ജൈവവൈവിധ്യങ്ങള്‍, തൊഴില്‍, തദ്ദേശീയ ജനതയുടെ ചരിത്രം, കുടിയേറ്റ ചരിത്രം തുടങ്ങി വയനാടന്‍ ജീവിതത്തിന്റെ മുഴുവന്‍ വസ്തുതകളും ബാലസഭാ പ്രവര്‍ത്തകര്‍ ശേഖരിക്കും. ജില്ലയിലെ 26 സിഡിഎസുകളിലെയും ബാലസഭാ പ്രവര്‍ത്തകരാണ് തങ്ങളുടെ പ്രദേശത്തെ ചരിത്രവസ്തുത പഠിക്കുക. തയ്യാറാക്കിയ ചരിത്രവിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് 26 പുസ്തകങ്ങള്‍ തയ്യാറാക്കും. ഇതിനു വേണ്ട സാമ്പത്തിക സഹായം ജില്ലാ മിഷന്‍ സിഡിഎസുകള്‍ക്ക് നല്‍കും. ഒാരോ സിഡിഎസില്‍ നിന്നും പരിശീലനം ലഭിച്ച ബാലസഭാ പ്രവര്‍ത്തകര്‍ ഗ്രാമയാത്രകള്‍ നടത്തിയാവും വിവരങ്ങള്‍ ശേഖരിക്കുക. വാര്‍ഡ് തലത്തില്‍ ജനപ്രതിനിധികള്‍, സാസ്‌കാരിക പ്രമുഖര്‍, കര്‍ഷകര്‍, പ്രായമായവര്‍ എന്നിവരെ സംഘടിപ്പിച്ച് സംവാദങ്ങള്‍ നടത്തും. ജില്ലാ മിഷന്‍ നല്‍കിയ പ്രത്യേക ഫോര്‍മാറ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് ബാലസഭാ പ്രവര്‍ത്തകര്‍ വിവരശേഖരണം നടത്തുക. കുടുംബശ്രീ ജില്ലാ മിഷന്‍ ബാലസഭ ആര്‍പിമാര്‍, സിഡിഎസ്-എഡിഎസ് പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായവും ബാലസഭാ പ്രവര്‍ത്തകര്‍ക്ക് ലഭിക്കും. തയ്യാറാക്കിയ ചരിത്രപുസ്തകത്തെ അടിസ്ഥാനപ്പെടുത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും കുടുംബശ്രീ പ്രവര്‍ത്തകരുമായും ചര്‍ച്ച നടത്തും. പരിപാടിയുടെ ഭാഗമായി ജില്ലയിലെ 26 സിഡിഎസുകളിലും ബാലസഭാ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം ഇതിനോടകം പൂര്‍ത്തീകരിച്ചു. ഇന്നു മുതല്‍ ബാലസഭാംഗങ്ങള്‍ ഗ്രാമയാത്രകള്‍ നടത്തി പരിപാടിക്ക് തുടക്കം കുറിക്കും. ഏറ്റവും നല്ല ചരിത്ര പുസ്തകങ്ങള്‍ക്ക് ജില്ലാതലത്തില്‍ സമ്മാനം നല്‍കും. കുട്ടികള്‍ തയ്യാറാക്കുന്ന പ്രാദേശിക ചരിത്രരചനയെ മികവുറ്റ ചരിത്രഗ്രന്ഥമാക്കി മാറ്റുന്നതിന് മുഴുവന്‍ ചരിത്രസ്‌നേഹികളുടെയും ജനപ്രതിനിധികളുടെയും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പൊതു ജനങ്ങളുടെയും സഹകരണമുണ്ടാവണമെന്നു ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ അഭ്യര്‍ഥിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss