|    Oct 18 Thu, 2018 12:24 am
FLASH NEWS

വയനാടന്‍ കാപ്പിയുടെ ഗുണനിലവാരം ഉയര്‍ത്താന്‍ പദ്ധതികളില്ല

Published : 30th January 2017 | Posted By: fsq

 

കല്‍പ്പറ്റ: വയനാടിന്റെ പ്രധാന കാര്‍ഷിക വിളയായ കാപ്പിയുടെ വിളവെടുപ്പ് പൂര്‍ത്തിയാവുന്നു. മിക്ക തോട്ടങ്ങളിലും ഡിസംബര്‍ അവസാനത്തോടെ തന്നെ വിളവെടുപ്പ് ആരംഭിച്ചിരുന്നു. എന്നാല്‍, വയനാടന്‍ കാപ്പി കൃഷി സംരക്ഷിക്കാനും മൂല്യവര്‍ധന മാര്‍ഗങ്ങളിലൂടെ കര്‍ഷകര്‍ക്ക് മികച്ച നേട്ടമുണ്ടാക്കാനുമുള്ള പദ്ധതികള്‍ പേരിനു പോലുമില്ല. കാലങ്ങളായി ഗവേഷണങ്ങളും ചര്‍ച്ചകളും നടക്കുമ്പോഴും ലോക വിപണിയില്‍ കാപ്പിക്കുള്ള ഡിമാന്റ് കര്‍ഷകര്‍ക്ക് അനുകൂലമായ തരത്തില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ല. കഴിഞ്ഞ ദിവസം നടന്ന സമഗ്ര വയനാട് വികസന സെമിനാറും ഈ ആശങ്കകള്‍ പങ്കുവച്ചിരുന്നു.  തകര്‍ന്നുകൊണ്ടിരിക്കുന്ന കാപ്പികൃഷിയെ നേരിട്ട് വിപണിയില്‍ ഇടപെട്ട് മികച്ച വരുമാന മാര്‍ഗമാക്കി മാറ്റാനുള്ള പദ്ധതികളാണ് ആവശ്യം. ലോക വാണിജ്യ ശൃംഖലയില്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും വിപണനമൂല്യമുള്ള ചരക്കുകളില്‍ ഒന്നാണ് കാപ്പി. ചെറുകിട കര്‍ഷകര്‍ക്കും ഉല്‍പാദകര്‍ക്കും ഈ മൂല്യത്തിന്റെ മെച്ചം ലഭിക്കുന്നില്ല. തുച്ഛമായ വിലയ്ക്ക് മൊത്തത്തില്‍ വില്‍ക്കേണ്ടി വരുന്നതിലൂടെ അധ്വാനത്തിന്റെ മൂല്യം പോലും കര്‍ഷകരുടെ കൈകളിലെത്തുന്നില്ല. മാറിയ സാഹചര്യത്തില്‍ കാപ്പികൃഷിയില്‍ നിന്നു പിന്മാറുകയാണ് വയനാട്ടുകാര്‍. ഉല്‍പാദനത്തിലും വിസ്തൃതിയിലും കര്‍ണാടക കഴിഞ്ഞാല്‍ രണ്ടാമതുള്ള കേരളത്തിലെ കാപ്പിത്തോട്ടങ്ങളില്‍ 80 ശതമാനവും വയനാട്ടിലാണ്. രാജ്യത്ത് ഉല്‍പാദനത്തിന്റെ 20 ശതമാനവും കേരളത്തിലാണ്. കൃത്യമായി വേര്‍തിരിക്കുന്ന കാപ്പിക്ക് നല്ല വില ലഭിക്കുമെന്നിരിക്കെ, ഭൂരിഭാഗവും ചെറുകിട കര്‍ഷകരായതിനാല്‍ തരംതിരിക്കാത്ത ഉണ്ടക്കാപ്പിയായി (ചെറി) തന്നെ വിപണിയില്‍ കൊടുക്കുകയാണ്. തോട്ടങ്ങളില്‍നിന്ന് കാപ്പി പറിക്കുന്നതു മുതല്‍ വിപണിയില്‍ വരെ കൃത്യമായ ഇടപെടലുകള്‍ നടത്തുക വഴി തകരുന്ന കാപ്പി കൃഷി തിരിച്ചുകൊണ്ടുവരിക സാധ്യമാണ്. കേന്ദ്രീകൃതമായ സംവിധാനമാണ് വേണ്ടത്. സാധാരണ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് മികച്ച വിപണി ഉറപ്പുവരുത്തുന്നതിന് സംവിധാനമൊരുക്കണം. തൊഴിലാളികളുടെ ദൗര്‍ലഭ്യവും മില്ലുകളുടെ അഭാവവും കാരണം ഉണ്ടക്കാപ്പി പരിപ്പാക്കി മാറ്റി വിറ്റിരുന്ന രീതി പോലും ചെറുകിട കര്‍ഷകര്‍ ഉപേക്ഷിച്ചു. ഈ രീതി തിരിച്ചുകൊണ്ടുവരുന്നതിന് ചെറുകിട സ്വാശ്രയസംഘങ്ങള്‍ രൂപീകരിച്ച് അവരുടെ മേല്‍നോട്ടത്തില്‍ ശേഖരണം, സംസ്‌കരണം, സംഭരണം എന്നിവ നടത്താം. കുറച്ച് അധ്വാനവും യന്ത്രസഹായവുമുണ്ടെങ്കില്‍ പാര്‍ച്ച്‌മെന്റ് (പള്‍പ്പര്‍) കാപ്പി ഉണ്ടാക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ വിധം ഉല്‍പാദിപ്പിക്കുന്ന കാപ്പിക്ക് മികച്ച വിലയും കര്‍ഷകന് ലഭിക്കും. മികച്ച പള്‍പ്പര്‍ യൂനിറ്റ് സ്ഥാപിക്കാന്‍ 10 ലക്ഷം ചെലവ് വരുമെന്നതിനാല്‍ ചെറുകിട കര്‍ഷകര്‍ക്ക് അപ്രാപ്യമെങ്കിലും സംഘങ്ങള്‍ രൂപീകരിക്കുന്നത് വഴി പദ്ധതി നടപ്പാക്കാം. കുറഞ്ഞ ജലനഷ്ടം ഉറപ്പു വരുത്തുന്ന ഇക്കോ പള്‍പ്പറുകള്‍ക്ക് 25 ലക്ഷം രൂപയാണ് ചെലവ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss