|    Jul 23 Sun, 2017 8:27 am
FLASH NEWS

വയനാടന്‍ കാടുകളില്‍ ആനകള്‍ വര്‍ധിച്ചതായി പഠനം

Published : 14th July 2016 | Posted By: SMR

പനമരം: വയനാടന്‍ കാടുകളില്‍ ആനകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്നു കണക്കുകള്‍. കേന്ദ്ര പരിസ്ഥിതി മാന്ത്രാലയത്തിന്റെ കണക്കെടുപ്പില്‍ നീലഗിരി ജൈവ മേഖലയില്‍ ഉള്‍പ്പെട്ട വയനാട് വന്യജീവി സങ്കേതത്തില്‍ ആനകളുടെ എണ്ണം കൂടിയതായി പറയുന്നു. 2006ലെ കണക്കെടുപ്പില്‍ കേരളത്തിലെ വനങ്ങളില്‍ 3,543 ആനകളുണ്ടെന്നു കണ്ടെത്തിയിരുന്നു. 2012ല്‍ ഇത് 6,922 ആയി ഉയര്‍ന്നു. 2012ല്‍ 2,229 കൊമ്പന്മാരും 3,920 പിടിയാനകളും 773 മോഴയാനകളും ഉള്ളതായി കണ്ടെത്തി.
ഒരു ചതുരശ്ര കിലോമീറ്റര്‍ വനത്തില്‍ ഒന്ന് എന്ന കണക്കില്‍ കുറയാതെ ആനകളുണ്ട്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളുമായാണ് വയനാടന്‍ വനങ്ങള്‍ അതിര്‍ത്തി പങ്കിടുന്നതെന്നതിനാല്‍ ആനകള്‍ നിരന്തരം അന്യ സംസ്ഥാനങ്ങളിലേക്ക് കടക്കുകയും അതുപോലെ തിരിച്ചുവരികയും ചെയ്യുന്നുണ്ട്. മഴക്കാലം ആരംഭിക്കുന്നതോടെ തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ നിന്നു കൂട്ടത്തോടെ ആനകള്‍ വയനാടന്‍ കാടുകളില്‍ എത്തുന്നതു പതിവാണ്. വര്‍ഷംതോറും കാട്ടാനകളുടെയും മറ്റു വന്യജീവികളുടെയും ശല്യം വര്‍ധിക്കുകയാണ്. അതിനിടെ, വന്യമൃഗശല്യം തടയാനായി ഏര്‍പ്പെടുത്തുന്ന സംവിധാനങ്ങള്‍ കാര്യക്ഷമമല്ലെന്നു  കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു. ഒന്നര കോടിയോളം രൂപയാണ് അടുത്തകാലത്ത് നഷ്ടപരിഹാരമായി കര്‍ഷകര്‍ക്കു നല്‍കിയത്. 344 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള വയനാട് വന്യജീവി സങ്കേതത്തില്‍ 254 കിലോമീറ്റര്‍ കിടങ്ങുകളും 300 കിലോമീറ്റര്‍ വൈദ്യുതി കമ്പിവേലിയും രണ്ടര കിലോമീറ്റര്‍ കല്‍മതിലും നിര്‍മിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. വന്യമൃഗങ്ങള്‍ രൂക്ഷമായ വനത്തില്‍ മുമ്പ് 107 കുടുംബങ്ങള്‍ താമസിച്ചിരുന്നു. കുറച്ചു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
43 കുടുംബങ്ങള്‍ കൊടും വനത്തിലാണ് താമസം. ഇവരെ പുനരധിവസിപ്പിക്കാനുള്ള നടന്നുവരുന്നുണ്ട്. 2012നു ശേഷം ജില്ലയിലെ വനങ്ങളില്‍ ആനകളുടെ കണക്കെടുത്തിട്ടില്ല. അഞ്ചു വര്‍ഷം കൂടുമ്പോഴാണ് കണക്കെടുപ്പ്. ഇപ്പോഴത്തെ സംവിധാനത്തില്‍ വന്യമൃഗങ്ങളുടെ കണക്കെടുപ്പ് പ്രായോഗികമല്ലെന്നതിനാല്‍ ആധുനിക രീതി അവലംബിച്ച് കാട്ടാനകള്‍, കടുവ, മറ്റു മൃഗങ്ങള്‍ എന്നിവയുടെ കണക്കെടുക്കുമെന്നു നോര്‍ത്ത് വയനാട് ഡിഎഫ്ഒ നരേന്ദ്രനാഥ് വേളൂരി പറഞ്ഞു.
ആനശല്യം തടയുന്നതിനുള്ള നൂതന സംവിധാനവും ആവിഷ്‌കരിച്ചു വരുന്നതായി അദ്ദേഹം അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക