|    Apr 21 Sat, 2018 6:59 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വന്‍ തുക മോചന ദ്രവ്യം ആവശ്യപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപോര്‍ട്ട്

Published : 31st March 2016 | Posted By: RKN

ന്യൂഡല്‍ഹി: യമനില്‍ ഐ         എസ് തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ടോം ഉഴുന്നാലിനെ മോചിപ്പിക്കാന്‍ വന്‍ തുക മോചനദ്രവ്യം ആവശ്യപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപോര്‍ട്ട്. ഇതു സംബന്ധിച്ച് വീഡിയോ ഐഎസ് പുറത്ത് വിട്ടതായാണ് റിപോര്‍ട്ടില്‍ പറയുന്നത്. ഇതിനുള്ള പണം ഇന്ത്യാ സര്‍ക്കാര്‍ നല്‍കണമെന്നാണ് വീഡിയോയില്‍ ആവശ്യപ്പെടുന്നത്. വീഡിയോയില്‍ ഫാദര്‍ ടോം സഹായിക്കണം എന്ന് ആവശ്യപ്പെടുന്നതായും അടുത്ത് മറ്റൊരാള്‍ ഇരിക്കുന്നതായും റിപോര്‍ട്ടില്‍ പറയുന്നു. നേരത്തെ ഫാദര്‍ ടോമിനെ  ദുഃഖവെള്ളിയാഴ്ച കുരിശിലേറ്റിയതായി റിപോര്‍ട്ടുണ്ടായിരുന്നു. പിന്നീട് അധികൃതര്‍ അത് നിഷേധിച്ചു. എന്നാല്‍, ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചില്ല. വാഷിങ്ടണ്‍ ടൈംസ് ആണ് വാര്‍ത്ത പുറത്തുവിട്ടത്. അന്തര്‍ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്തയ്ക്ക് സ്ഥിരീകരണമില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യാന്തര മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്ത വത്തിക്കാനും നിഷേധിച്ചിട്ടുണ്ട്. ഫാദര്‍ ടോമിനെ വധിച്ചു എന്ന വാര്‍ത്ത ശരിയല്ലെന്ന് അബൂദബി ആര്‍ച്ച് ബിഷപ് പോള്‍ ഹിന്‍ഡര്‍ കുടുംബാംഗങ്ങളെ അറിയിച്ചു. വിയന്ന ആര്‍ച്ച് ബിഷപ് ക്രിസ്റ്റഫോ കാര്‍ഡിനല്‍ സ്‌കോണ്‍ബോണിനെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ടോമിനെ കൊലപ്പെടുത്തിയതായി റിപോര്‍ട്ട് ചെയ്തത്. മാര്‍ച്ച് നാലിനാണ് യമനിലെ മിഷനറീസ് ഓഫ് ചാരിറ്റി ഹോമിലുണ്ടായ ആക്രമണത്തിന് പിന്നാലെ 56 കാരനായ വൈദികനെ കാണാതായത്. ദക്ഷിണ യമനിലെ ഏദനില്‍ മിഷനറീസ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള സ്ഥാപനം ആക്രമിച്ച സായുധസംഘം നാലു കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേരെ കൊലപ്പെടുത്തിയ ശേഷം വൈദികനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. കര്‍ണാടകയില്‍ മിഷനറി പ്രവര്‍ത്തനം നടത്തിവരികയായിരുന്ന ഫാ. ടോം നാലുവര്‍ഷം മുമ്പാണ് യമനിലെത്തിയത്. ടോമിനെ      ദുഃഖവെള്ളിയാഴ്ച കുരിശിലേറ്റി കൊല്ലുമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടന്നിരുന്നു. പിന്നീട് ഇതുസംബന്ധിച്ച പോസ്റ്റ് നീക്കം ചെയ്യപ്പെട്ടു. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഒരു വിഭാഗമാണ് ഈ പോസ്റ്റ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്. ആക്രണം നടത്തിയതും ഫാദര്‍ ടോമിനെ തട്ടിക്കൊണ്ടു പോയതും ഐഎസ് തന്നെയാണെന്നാണ് ആക്രമണത്തില്‍ നിന്നു രക്ഷപ്പെട്ട ഏക വ്യക്തിയായ സിസ്റ്റര്‍ സിസിലി വെളിപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന എല്ലാവരെയും ഐഎസുകാര്‍ വധിച്ചു. ഒരു വാതിലിന് പുറകില്‍ മറഞ്ഞിരുന്നതുകൊണ്ടാണ് താന്‍ രക്ഷപ്പെട്ടത്. ഭീകരര്‍ ഓരോരുത്തരെയായി മരത്തില്‍ കെട്ടിയിട്ട് തലയ്ക്ക് വെടിവച്ച് കൊല്ലുകയായിരുന്നെന്നും കന്യാസ്ത്രീ ഒരു റിപോര്‍ട്ടിലൂടെ വെളിപ്പെടുത്തി.വൈദികന്റെ മോചനത്തിനായി വിവിധ ക്രൈസ്തവ സംഘടനകള്‍ ശക്തമായ ഓണ്‍ലൈന്‍ പ്രചാരണം നടത്തിവരികയായിരുന്നു. വൈദികന്‍ എവിടെയാണുള്ളതെന്ന് അറിയില്ലെന്നും യമനിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.56 കാരനായഫാ. ടോം സലേഷ്യന്‍ സഭാംഗമാണ്. രാമപുരം ഉഴുന്നാലില്‍ പരേതരായ വര്‍ഗീസ് ത്രേസ്യാക്കുട്ടി ദമ്പതികളുടെ മകനാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss