|    Aug 14 Tue, 2018 9:09 pm
FLASH NEWS

വന്യമൃഗ ശല്യം: താലൂക്ക് വികസന സമിതിയില്‍ പ്രതിഷേധവും ബഹിഷ്‌കരണവും

Published : 5th August 2018 | Posted By: kasim kzm

പേരാമ്പ്ര: മലയോര മേഖലയിലെ രൂക്ഷമായ വന്യമൃഗശല്യത്തിനറുതി വരുത്താന്‍ നടപടി സ്വീകരിക്കാത്ത അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ചു കൊയിലാണ്ടി താലൂക്കു വികസന സമിതി യോഗത്തില്‍ പ്രതിഷേധ പ്രകടനവും ബഹിഷ്‌ക്കരണവും. സമിതി അംഗവും കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ ജനറല്‍ സെക്രട്ടറിയുമായ രാജന്‍ വര്‍ക്കിയാണ് വായ് മൂടി കെട്ടി പ്ലക്കാര്‍ഡുമായി യോഗ ഹാളില്‍ പ്രതിഷേധിച്ചത്. വന്യമൃഗ ശല്യ പ്രതിരോധത്തിനായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചക്കിട്ടപാറയില്‍ വിപുലമായ സര്‍വകക്ഷി യോഗം വിളിക്കാന്‍ തഹസില്‍ദാര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു ജൂണ്‍ മാസത്തില്‍ നടന്ന വികസന സമിതി യോഗത്തില്‍ രാജന്‍ വര്‍ക്കി അപേക്ഷ നല്‍കിയിരുന്നു.
ഇതിന്‍മേല്‍ യോഗം വിളിക്കണമെന്നു സമിതി തഹസില്‍ദാരോടു അഭ്യര്‍ത്ഥിക്കുകയുണ്ടായി. ഇത് നടപ്പാകാതിരുന്ന സാഹചര്യത്തിലാണു പ്രതിഷേധവുമായി ഇന്നലെ എത്തിയത്. അതേസമയം യോഗം വിളിക്കാനുള്ള ശ്രമം താന്‍ നടത്തിയിട്ടുണ്ടെന്നു തഹസില്‍ദാര്‍ പി പ്രേമന്‍ യോഗത്തെ അറിയിച്ചു. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. യോഗം വിളിക്കാനുള്ള സാഹചര്യമൊരുക്കാമെന്നറിയിച്ചു.
വീണ്ടും ബന്ധപ്പെട്ടപ്പോള്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ ഉള്‍പ്പടെ പങ്കെടുത്തുകൊണ്ട് നാളെ സര്‍വകക്ഷി യോഗം ചേരാന്‍ തീരുമാനിച്ചതായി ചക്കിട്ടപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സുനില്‍ തന്നെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. അതേസമയം ഇങ്ങനെ ഒരു യോഗം ചക്കിട്ടപാറയില്‍ ആരും വിളിച്ചിട്ടില്ലെന്നു രാജന്‍ വര്‍ക്കി ഇതിനു മറുപടിയായി പറഞ്ഞു. പകരം എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫീസ് ആറിനു ഉപരോധിക്കുന്നുണ്ട്.
വനം ഉദ്യോഗസ്ഥരെ ബന്ദികളാക്കിയ ശേഷം എല്‍ഡിഎഫ് നേതാക്കള്‍ ഫോറസ്റ്റ് ഉന്നത അധികൃതരുമായി സംഭാഷണം നടത്തി വന്യമൃഗ പ്രശ്‌നങ്ങള്‍ പരിഹരിച്ചുയെന്നു കൊട്ടിഘോഷിക്കാനുള്ള നാടകമാണു നടക്കുന്നതെന്നും താലൂക്ക് വികസന സമിതിയെയും തഹസില്‍ദാരെയും അവഗണിച്ചു വന്യമൃഗ പ്രശ്‌നം രാഷ്ട്രീയവല്‍ക്കരിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിക്കുന്നതായി അറിയിച്ചു രാജന്‍ വര്‍ക്കി യോഗം ബഹിഷ്‌ക്കരിച്ചു ഇറങ്ങിപ്പോക്കും നടത്തി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss