|    May 25 Thu, 2017 2:15 pm
FLASH NEWS

വന്യമൃഗശല്യം : മലയോര കര്‍ഷകര്‍ കുടിയിറങ്ങുന്നു

Published : 21st March 2017 | Posted By: fsq

 

കോഴിക്കോട്: വന്യമൃഗ ശല്യം വ്യാപകമായതോടെ മലയോര മേഖലയില്‍ നിന്നും കര്‍ഷകര്‍ കുടിയിറങ്ങുന്നു. മലയോരത്ത് ഭൂമിയുണ്ടെങ്കിലും സ്വന്തമായി വീടുണ്ടാക്കി താമസിക്കാന്‍ പോലും കര്‍ഷകകുടംബങ്ങള്‍ തയ്യാറാവാത്ത സ്ഥിതിയാണ് നിലവിലുള്ളത്. 53 കുടുംബങ്ങള്‍ താമസിച്ചിരുന്ന ജില്ലയിലെ മലയോരമേഖലയായ പൂഴിത്തോട് ഇപ്പോള്‍ മൂന്നുകുടുംബങ്ങള്‍ മാത്രമാണുള്ളത്
ജില്ലയില്‍ 198.69 കിലോമീറ്റര്‍ വിസ്തീര്‍ണം മലയോരമേഖലയാണ്. കുറ്റ്യാടി, പെരുവെണ്ണാമുഴി, താമരശ്ശേരി, റേഞ്ചുകളില്‍ ഒന്‍പതു സെക്ഷനുകളിലായാണ് വനമേഖലയുള്ളത്.
പശുക്കടവ് സെക്ഷനിലെ കുറ്റ്യാടി, പക്രംതളം, കുണ്ടുതോട് മുതല്‍ വിലങ്ങാട് സെക്ഷനിലെ വിലങ്ങാട്, കരിങ്ങാട്, ഇടത്തറ സെക്ഷനിലെ നെല്ലിപ്പൊയില്‍ മേഖലയടക്കം 20 മേഖലകളില്‍ വന്യമൃഗശല്യം രൂക്ഷമാണ്.
കാട്ടാന, കാട്ടുപന്നി, കുരങ്ങ്, മയില്‍ എന്നിവ കാര്‍ഷികവിളകള്‍ വ്യാപകമായി നശിപ്പിക്കുകയാണ്. വീടിനുള്ളില്‍ കയറി ഭക്ഷ്യവസ്തുക്കള്‍ വരെ നശിപ്പിക്കുന്നുണ്ട്. കര്‍ഷകനായ കാവിലുംപാറ കുണ്ടുതോട് കുമാരന്റെ മാത്രം ആയിരത്തിലധികം റബര്‍മരങ്ങളാണു നഷ്ടപ്പെട്ടത്. പ്രദേശത്ത് മാത്രം കാട്ടാന നിരവധി തെങ്ങുകള്‍ നശിപ്പിച്ചു.
കൃഷിക്കാരനായ ഭാസ്‌കരന്റെ 1000 ത്തോളം വാഴകളും നശിപ്പിച്ചിരുന്നു. പാണ്ട്യംപുറത്തെ അശോകന്റെ വിളകളെല്ലാം നശിപ്പിച്ചു. വീടുമാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. കുണ്ടിയോട്ടുമ്മല്‍ ശശി, മാണിയമ്മ, തുവ്വക്കൊല്ലി കുഞ്ഞിക്കണ്ണന്‍, എന്നിവരുടെ കാര്‍ഷികവിളകളും മറ്റും നഷ്ടപ്പെട്ടു.  വന്യമൃഗശല്യം തടയുന്നതിനായി കിടങ്ങുകളും മതിലുകളും വൈദ്യുതി വേലിയും നിര്‍മിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
ഫെന്‍സിങും കിടങ്ങുണ്ടാക്കലും മറ്റ് പദ്ധതികള്‍ക്കും ആവശ്യമായ മൂലധനം സര്‍ക്കാര്‍ കാണണം. ചെലവ് കൂടുതലാണെങ്കിലും റെയില്‍ ഫെന്‍സിങ് സംവിധാനമാണ് ഇവിടെ പ്രായോഗികമാക്കേണ്ടതെന്ന് കര്‍ഷകര്‍ തന്നെ പറയുന്നു. സോളാര്‍ ഫെന്‍സിങ് നടപ്പാക്കിയിരുന്നെങ്കിലും അവ ഇപ്പോള്‍ ഫലപ്രദമായിരുന്നില്ല. സോളാര്‍ ഫെന്‍സിങ് സ്ഥാപിച്ചാല്‍ സംരക്ഷിക്കാനുള്ള നടപടികളും സ്വീകരിക്കണം. വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതിനായി കാട്ടിനകത്തുതന്നെ സര്‍ക്കാര്‍ സംവിധാനം ഒരുക്കണം.
വനംവകുപ്പില്‍ ആവശ്യത്തിനു ജീവനക്കാരില്ലാത്തതും കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കര്‍ഷകര്‍ക്കു സഹായത്തിനായി രൂപീകരിച്ച പ്രൊട്ടക്ഷന്‍ ഗ്രൂപ്പിനെ കാര്യക്ഷമമാക്കണമെന്നും കര്‍ഷകര്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day