|    Oct 18 Wed, 2017 4:00 am
FLASH NEWS

വന്യമൃഗശല്യം പ്രതിരോധിക്കാന്‍ ഒമ്പതു കോടി: മന്ത്രി കെ രാജു

Published : 7th October 2017 | Posted By: fsq

 

മാനന്തവാടി: വന്യമൃഗങ്ങളുടെ അതിക്രമങ്ങളില്‍ നിന്നു ജില്ലയിലെ ജനങ്ങള്‍ക്ക് പ്രതിരോധം നല്‍കാന്‍  ഒമ്പതു കോടി രൂപ ചെലവഴിക്കുമെന്നു വനം-വന്യജീവി-മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജു പറഞ്ഞു. നോര്‍ത്ത് വയനാട് വനം ഡിവിഷനില്‍ പുതുതായി നിര്‍മിച്ച പേരിയ റേഞ്ചിലെ മാതൃകാ ഫോറസ്റ്റ് സ്റ്റേഷന്റെയും ഡോര്‍മിറ്ററിയുടെയും ബേഗൂര്‍ റേഞ്ചിലെ തിരുനെല്ലി മാതൃകാ ഫോറസ്റ്റ് സ്റ്റേഷന്റെയും തലപ്പുഴ ഡോര്‍മിറ്ററിയുടെയും ഉദ്ഘാടനം വരയാല്‍ വനംസ്റ്റേഷന്‍ പരിസരത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വന്യജീവി ആക്രമണത്തില്‍ മരിക്കുന്നവരുടെ നഷ്ടപരിഹാരം അഞ്ചുലക്ഷം രൂപയില്‍ നിന്ന് 10 ലക്ഷം രൂപയായി സര്‍ക്കാര്‍ വര്‍ധിപ്പിക്കും. നഷ്ടപരിഹാരത്തുകയും വര്‍ധിപ്പിക്കുന്നതു പരിഗണനയിലാണ്. പഞ്ചായത്ത് തല ജനജാഗ്രതാ സമിതികള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. സോളാര്‍ ഫെന്‍സിങ്, റെയില്‍ ഫെന്‍സിങ്, ട്രഞ്ച് തുടങ്ങി ഏതു പ്രതിരോധ മാര്‍ഗങ്ങള്‍ ആവശ്യപ്പെടാനും ജാഗ്രതാ സമിതികള്‍ക്ക് അധികാരമുണ്ട്. 204 ജനജാഗ്രതാ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ എല്ലാ വനമേഖലയും ഏതെങ്കിലും ഫോറസ്റ്റ് സ്റ്റേഷനുകളുടെ പരിധിയില്‍ വരുത്തുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. 10 ഫോറസ്റ്റ് സ്റ്റേഷനുകള്‍ പുതുതായി അനുവദിച്ചു. 25 പുതിയ നിര്‍ദേശങ്ങളും പരിഗണനയിലാണ്. 162 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചത്. ജില്ലയില്‍ വ്യാപിക്കുന്ന മഞ്ഞക്കൊന്ന നിയന്ത്രിക്കും. അവ മാറ്റി ഫലവൃക്ഷങ്ങള്‍ നടും. വന്യജീവി ആക്രമണത്തില്‍ ആളപായം, കൃഷിനാശം എന്നിവയുണ്ടായാല്‍ നഷ്ടപരിഹാരത്തിനുള്ള മഹസര്‍ തയ്യാറാക്കുമ്പോള്‍ പരമാവധി ആനുകൂല്യം ലഭിക്കുന്ന തരത്തില്‍ വേണമെന്നു മന്ത്രി രാജു നിര്‍ദേശിച്ചു. റവന്യൂ-ഫോറസ്റ്റ് ഭൂമികള്‍ തമ്മില്‍ കൃത്യമായി അതിര്‍ത്തി നിര്‍ണയിച്ച് ജണ്ട കെട്ടണം. ഇതിനായി സംയുക്ത പരിശോധന നടത്തണം. പരിശോധനയ്ക്ക് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അലംഭാവം ഉണ്ടാവരുതെന്നും മന്ത്രി പറഞ്ഞു. ഒ ആര്‍ കേളു എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, തവഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രന്‍, കണ്ണൂര്‍ നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ശ്രാവണ്‍കുമാര്‍ വര്‍മ, ദിനേശ് ബാബു, സതീഷ് കുമാര്‍, എന്‍ എം ആന്റണി, ഷീജ ബാബു, പി സുരേഷ് ബാബു, അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇ പ്രദീപ് കുമാര്‍ സംസാരിച്ചു. വൈത്തിരി, മുണ്ടക്കൈ മാതൃകാ ഫോറസ്റ്റ് സ്‌റ്റേഷനുകളുടെ ഉദ്ഘാടനം മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫിസില്‍ മന്ത്രി നിര്‍വഹിച്ചു. 90 ലക്ഷം രൂപയാണ് ഇവയ്ക്കു ചെലവായത്. സി കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, മേപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ കെ സഹദ്, ബിന്ദു പ്രതാപന്‍, ലളിത മോഹന്‍ദാസ് പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക