|    Feb 26 Sun, 2017 11:40 am
FLASH NEWS

വന്യമൃഗശല്യം; ഒടുവില്‍ റെയില്‍ ഫെന്‍സിങ് എത്തുന്നു

Published : 30th November 2016 | Posted By: SMR

മാനന്തവാടി: ജില്ലയില്‍ വര്‍ധിച്ചുവരുന്ന വന്യമൃഗശല്യം തടയുന്നതിനായി കര്‍ണാടക വനംവകുപ്പ് നടപ്പാക്കി വിജയിച്ച റെയില്‍ ഫെന്‍സിങ് ജില്ലയിലുമെത്തുന്നു. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസംഘം പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന സ്ഥലം സന്ദര്‍ശിച്ചു. വനംവകുപ്പ് നല്‍കിയ പ്രപോസല്‍ സര്‍ക്കാര്‍ അംഗീകരിക്കുകയും വിദഗ്ധ പഠനത്തിനായി പ്രമുഖ ശാസ്ത്രജ്ഞനായ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോ. പി എസ് ഈസ, മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലെ ഡോ. എസ് രാജ്, മൂവാറ്റുപുഴ നിര്‍മല കോളജിലെ അസിസ്റ്റന്റ് പ്രഫ. ജിജി കെ ജോസഫ് എന്നിവരെ നിയോഗിക്കുകയുമായിരുന്നു. ഇവര്‍ നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ കൂടല്‍ക്കടവിലാണ് പരിശോധന നടത്തിയത്. ഡിഎഫ്ഒ നരേന്ദ്രനാഥ് വേളൂരി, നഗരസഭാ കൗണ്‍സിലര്‍മാരായ ഹരി ചാലിഗദ്ധ, മിനി വിജയന്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം സണ്ണി ചാലില്‍ എന്നിവരില്‍ നിന്നു വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. വിദഗ്ധസംഘം നല്‍കുന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സാങ്കേതികാനുമതി നല്‍കും. നോര്‍ത്ത് വയനാട്ടില്‍ 64 കിലോമീറ്റര്‍ ദൂരം റെയില്‍ ഫെന്‍സിങ് സ്ഥാപിക്കാനാണ് പ്രപോസല്‍ നല്‍കിയത്. ഇതില്‍ കൂടല്‍ക്കടവ് മുതല്‍ നീര്‍വാരം വരെ ആനശല്യം രൂക്ഷമായ ആറു കിലോമീറ്റര്‍ ദൂരം ഫെന്‍സിങ് സ്ഥാപിക്കാന്‍ അനുമതി ലഭിച്ചു. ഒരു കിലോമീറ്ററിന് ഒന്നര കോടി ചെലവ് പ്രതീക്ഷയില്‍ ഒമ്പതു കോടി രൂപയാണ് അനുവദിച്ചത്. 2017 മാര്‍ച്ചിനു മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 1.2 മീറ്റര്‍ ആഴത്തിലും രണ്ടുമീറ്റര്‍ ഉയരത്തിലുമാണ് ഫെന്‍സിങ് സ്ഥാപിക്കുക. വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങള്‍, ചതുപ്പ് നിലങ്ങള്‍ എന്നിവിടങ്ങളില്‍ കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ചാണ് റെയില്‍ ട്രാക്ക് സ്ഥാപിക്കുക. പാലക്കാട് നിന്ന് കോഴിക്കോട് വരെ ട്രാക്ക് റെയില്‍വേ എത്തിച്ച് നല്‍കും. അവിടെ നിന്നു നിര്‍മാണം നടത്തേണ്ട സ്ഥലത്ത് എത്തിക്കേണ്ട ചുമതല വനംവകുപ്പിനാണ്. കേരള സര്‍ക്കാരിന്റെ കിഫ് ബിയില്‍ ഉള്‍പ്പെടുത്തിയാണ് ഫണ്ട് അനുവദിച്ചത്. 25,000 മെട്രിക് ടണ്‍ ട്രാക്കാണ് ഒരു കിലോമീറ്റര്‍ ദൂരം നിര്‍മിക്കാന്‍ ആവശ്യമുള്ളത്. വാളയാറില്‍ ഇവ സ്ഥാപിക്കാന്‍ ആറുകോടി രൂപ അനുവദിച്ചിട്ടുണ്ട്. കര്‍ണാടകയിലെ നാഗര്‍ഹോളയില്‍ രണ്ടുവര്‍ഷം മുമ്പ് പരീക്ഷണാടിസ്ഥാനത്തില്‍ 10 കിലോമീറ്റര്‍ ദൂരം റെയില്‍ ഫെന്‍സിങ് സ്ഥാപിച്ചിരുന്നു. ഇതോടെ ഇവിടെ വന്യമൃഗശല്യം കുറഞ്ഞു. തുടര്‍ന്ന് ബന്ദിപ്പൂര്‍ മേഖലയിലും അപാകതകള്‍ പരിഹരിച്ച് പദ്ധതി നടപ്പാക്കി. ഇതു വന്‍ വിജയമായിരുന്നു. വരും വര്‍ഷങ്ങളില്‍ ആനശല്യമുള്ള മറ്റ് ജില്ലകളിലും പദ്ധതി നടപ്പാക്കാനാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day