|    Jan 21 Sat, 2017 4:18 pm
FLASH NEWS

വന്യമൃഗങ്ങള്‍ക്കുമുണ്ട് അവകാശങ്ങള്‍

Published : 10th July 2016 | Posted By: SMR

slug-avkshngl-nishdnglകെ പി

വയനാട് ജില്ലയിലെ പുല്‍പ്പള്ളി അങ്ങാടിയില്‍ കഴിഞ്ഞ ദിവസം നനഞ്ഞസന്ധ്യക്ക് ഒരു പിടിയാന ചരിഞ്ഞു. മുട്ടുകുത്തി തുമ്പിക്കൈകൊണ്ട് തൊഴുത് എന്നെ ഉപദ്രവിക്കല്ലേ എന്ന ദയനീയ ഭാവത്തിലാണ് ആന ജീവന്‍ വെടിഞ്ഞത്. ഒമ്പതര അടിയുള്ള ഈ പിടിയാന കാട്ടില്‍നിന്നു നാട്ടിലിറങ്ങിയപ്പോള്‍ നാട്ടുകാര്‍ക്ക് അതൊരു പുതുമയുള്ള കാഴ്ചയായിരുന്നില്ല. ഈ ഭാഗത്ത് പതിവായി ഇപ്പോള്‍ ആനകള്‍ വരുന്നു, പോവുന്നു. ആനപ്പേടി കാരണം പലരും രാത്രികാലങ്ങളില്‍ പുറത്തിറങ്ങാറുമില്ല. ജനങ്ങളെ ഉപദ്രവിക്കുമെന്നു ഭയന്ന് വനംവകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ നാട്ടിലിറങ്ങുന്ന ആനയെ വെടിവയ്ക്കുന്നു. അവര്‍ക്ക് അതിനുള്ള അധികാരമുണ്ട്. ആനയെക്കാള്‍ വലുത് മനുഷ്യനാണ്. സാധാരണ മയക്കുവെടിവച്ച് ആനയെ മയക്കി തളയ്ക്കുകയാണു ചെയ്യാറുള്ളത്. എന്നാല്‍, പുല്‍പ്പള്ളി ടൗണിലെ പിടിയാനയെ മര്‍മം നോക്കിയാണു വെടിവച്ചുകൊന്നത്. പിടിയാന സൗമ്യമായി നടന്നുപോവുകയായിരുന്നുവത്രെ. ഉപദ്രവിക്കാനുള്ള ഒരു സൂചനയും നല്‍കിയിരുന്നില്ല. ആനയ്ക്ക് വളരെ അകലെ നാട്ടുകാരും അവര്‍ക്കിടയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്‍മാരും കൂട്ടംകൂടി നിന്നിരുന്നു. ഇതിനിടയിലാണു വെടി. ലക്ഷ്യസ്ഥാനത്ത് ഉന്നംപിഴയ്ക്കാതെ വെടിവച്ചത് ആരെന്നു വെളിപ്പെട്ടിട്ടില്ല. നാട്ടുകാരില്‍ ആരും അത് അന്വേഷിക്കാന്‍ മിനക്കെട്ടതുമില്ല. അതുകൊണ്ട് ഇക്കാര്യത്തില്‍ യാതൊരുവിധ അന്വേഷണങ്ങളും നടന്നതുമില്ല. ഒരുകാര്യം വളരെ വ്യക്തമാണ്. ഈ പിടിയാനയെ വെടിവച്ചുകൊന്നത് ആനവേട്ടക്കാരല്ല. കൊമ്പില്ലാത്ത ആനയെ അവര്‍ക്ക് ആവശ്യമില്ല. ചരിഞ്ഞ ആനയെ വഴിപാട് സംസ്‌കാരം നടത്താന്‍ മേല്‍നോട്ടം വഹിച്ച വനംവകുപ്പ് ഉദ്യോഗസ്ഥന്‍മാരാണു കൊലയാളികളെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നുണ്ട്. പരാതി കൊടുക്കാനോ സാക്ഷിപറയാനോ തെളിവുകള്‍ കൈമാറാനോ ഒരാളെയും ലഭിക്കാത്തതുകൊണ്ട് സംഭവത്തിന്റെ സത്യസ്ഥിതി മനസ്സിലാക്കാന്‍ കഴിയില്ല.
ആന മാത്രമല്ല, പുലിയും മുള്ളന്‍പന്നിയും മാനും കൂട്ടമായി വയനാടന്‍ കാടുകളില്‍നിന്നു നാട്ടിലേക്ക് ഇറങ്ങുന്നുണ്ട്. സര്‍വ കൃഷികളും നശിപ്പിക്കപ്പെടുന്നു. ജനങ്ങളുടെ സൈ്വരജീവിതം താറുമാറാവുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ കഴിവതും കാട്ടില്‍നിന്നു മാറിനില്‍ക്കുന്നു എന്നതാണ് ഇവിടത്തെ പ്രത്യേകത. അവര്‍ക്ക് വന്യമൃഗങ്ങളെ പേടിയില്ല. അതിനെയൊക്കെ നേരിടാനുള്ള ആധുനിക ഉപകരണങ്ങള്‍ അവരുടെ കൈവശമുണ്ട്. അവര്‍ക്ക് ഇപ്പോള്‍ പേടിയുള്ളത്, ഇല്ലാത്ത മാവോവാദികളെയാണ്. തങ്ങളുടെ കൈയിലുള്ളതിനേക്കാള്‍ ആധുനികമായ ഉപകരണങ്ങള്‍ മാവോവാദികളുടെ കൈവശം ഉണ്ടെന്നാണ് ഫോറസ്റ്റ് അധികാരികള്‍ പ്രചരിപ്പിക്കുന്നത്. ഇതിനൊന്നും ഔദ്യോഗികമായ സ്ഥിരീകരണം ലഭിക്കുന്നില്ല. കാട്ടില്‍ താമസിക്കുന്ന ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ അങ്ങേയറ്റം ഭയത്തോടെയാണ് ഇപ്പോള്‍ കഴിയുന്നത്.
കാലവര്‍ഷം പ്രതികൂലമായതോടെ അവരുടെ ജീവിതം പ്രതിസന്ധിയിലായിരിക്കുകയാണ്. വന്യമൃഗങ്ങളില്‍ നിന്നുള്ള സംരക്ഷണം ഉറപ്പുവരുത്തേണ്ട വനംവകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ കാട്ടില്‍നിന്നു വിട്ടൊഴിഞ്ഞുനില്‍ക്കുന്ന സ്ഥിതിവിശേഷം സര്‍ക്കാര്‍ ഗൗരവമായി കാണേണ്ടതാണ്. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിരവധിപേരാണു കൊല്ലപ്പെടുന്നത്. മാവോവാദികളെ വേട്ടയാടാന്‍ വന്‍ സന്നാഹമാണ് ആഭ്യന്തരവകുപ്പ് ഒരുക്കിയിട്ടുള്ളത്. ഇവര്‍ക്ക് കാട്ടിലും നാട്ടിലുമുള്ള മനുഷ്യരെ സംരക്ഷിക്കാനുള്ള ബാധ്യതയില്ല. മുമ്പൊരിക്കലുമില്ലാത്തവിധം കേരളത്തിലെ കാടുകളില്‍ മൃഗങ്ങളുടെ എണ്ണം വര്‍ധിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇതൊക്കെ കണക്കിലെടുത്ത് വന്യമൃഗങ്ങളുടെ സഞ്ചാരത്തെക്കുറിച്ച് സമഗ്രമായ അന്വേഷണങ്ങളും പഠനങ്ങളും അനിവാര്യമായി തീര്‍ന്നിരിക്കുന്നു. ഒറ്റപ്പെട്ട കൃഷിനാശവും ഒറ്റപ്പെട്ട മരണങ്ങളുമാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. വരുംദിവസങ്ങളില്‍ ഇത് ഗണ്യമായി വര്‍ധിക്കാനുള്ള സാഹചര്യമാണ് നിലവിലുള്ളത്. മൃഗങ്ങളുടെ ആക്രമണത്തില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ സഹായം വളരെ പരിമിതമാണ്. എത്രയും വേഗം അതു വര്‍ധിപ്പിക്കണം. മരണപ്പെട്ടവരുടെ കുടുംബത്തില്‍നിന്ന് ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും സംവിധാനം ഉണ്ടാവണം. വയനാട്ടിലെയും അട്ടപ്പാടിയിലെയും ഇടുക്കിയിലെയും വനമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകള്‍ എത്രയോ കാലമായി ഇക്കാര്യങ്ങള്‍ ഗൗരവപൂര്‍വം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നുണ്ട്. എന്നാല്‍, മാറിമാറിവരുന്ന സര്‍ക്കാരുകള്‍ ഇതൊന്നും പരിഗണിക്കുന്നില്ല. വന്യജീവികളില്‍നിന്നുള്ള ഭയംമൂലം ജീവിക്കാന്‍ കഴിയാത്ത സാഹചര്യം ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നം തന്നെയാണ്. സര്‍ക്കാര്‍ നിയോഗിച്ച മനുഷ്യാവകാശ കമ്മീഷന്‍ ഇങ്ങോട്ട് തിരിഞ്ഞുനോക്കുന്നില്ലെന്നാണു മനുഷ്യാവകാശ സംഘടനകളുടെ പരാതി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 62 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക