|    Jul 20 Fri, 2018 8:16 am
FLASH NEWS

വന്യജീവി സങ്കേതത്തിലെ അഴിമതിക്കാര്‍ക്കെതിരേ നടപടിയില്ല

Published : 19th September 2017 | Posted By: fsq

 

മാനന്തവാടി: തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തില്‍ സന്ദര്‍ശകരെ കയറ്റിവിടുന്ന ടിക്കറ്റ് നിരക്കില്‍ ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടികള്‍ ഇനിയുമായില്ല. ഇഡിസിയിലെ രണ്ട് താല്‍ക്കാലിക ജീവനക്കാരും ഒരു വനം ഉദ്യോഗസ്ഥനും ചേര്‍ന്നാണ് 2015 ല്‍ തട്ടിപ്പ് നടത്തിയത്. ഇതു സംബന്ധിച്ച് പ്രദേശവാസി നല്‍കിയ പരാതിയെ തുടര്‍ന്ന് അന്നത്തെ റെയ്ഞ്ചര്‍ നടത്തിയ അന്വേഷണത്തില്‍ 24,580 രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തുകയും മേലധികാരികള്‍ക്ക് റിപോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഇതില്‍ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ആരോപണ വിധേയരായ രണ്ട് താല്‍ക്കാലിക ജീവനക്കാര്‍ ഇപ്പോഴും ജോലിയില്‍ തുടരുന്നുമുണ്ട്. മാസങ്ങള്‍ക്ക് മുമ്പാണ് അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചത്. ഒരുദിവസം 60 വണ്ടികള്‍ മാത്രമേ സഞ്ചാരികളുമായി വനത്തിനുള്ളിലേക്ക് കയറ്റി വിടാന്‍ പാടുള്ളൂ. ഒരു വാഹനത്തിന് എഴുപത്തിയഞ്ച് രൂപയാണ് നിരക്ക്. നിശ്ചിത ആളുകളെ മാത്രമേ ഒരു വാഹനത്തില്‍ ഉണ്ടാവാന്‍ പാടുള്ളൂ. തിരക്കുള്ള സമയങ്ങളില്‍ കൂടുതല്‍ ആളുകളെ വാഹനത്തില്‍ കയറ്റിവിടുകയും അവരില്‍ നിന്ന് ഈടാക്കിയ പണം സര്‍ക്കാരിലേക്ക് അടയ്ക്കാതെ തട്ടിപ്പ് നടത്തുകയുമാണ് ഇവര്‍ ചെയ്തത്. അന്വേഷണത്തില്‍ ടിക്കറ്റ് നല്‍കാതെ കാട്ടിലേക്ക് പോയ സഞ്ചാരികളുടെ തുക രണ്ട് താല്‍ക്കാലിക ജീവനക്കാരനും ഇക്കോ കമ്മിറ്റി സെക്രട്ടറിയും മായ ഫോറസ്റ്റ് ഉദ്യോഗസ്ഥനും ചേര്‍ന്ന് തട്ടിച്ചുവെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടണമെന്നും സെക്ഷന്‍ ഡെപ്യൂട്ടി റേഞ്ചര്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ എന്നിവരെ വകുപ്പ് തല നടപടിക്ക് വിധേയമാക്കണമെന്നും അന്നത്തെ വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ധനേഷ് കുമാറിന് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, നടപടി ഉണ്ടാവാതായതോടെ പരാതിക്കാരന്‍ ഉയര്‍ന്ന വനം ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഫഌയിംഗ് സ്‌ക്വാഡ് വീണ്ടും അന്വേഷണം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഫോറസ്റ്ററെ സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്. മറ്റ് ശിക്ഷാ നടപടികള്‍ ഭരണതലത്തിലുള്ള സമ്മര്‍ദ്ദം മൂലം മരവിപ്പിക്കുകയായിരുന്നുവെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss