|    May 30 Tue, 2017 5:03 pm
FLASH NEWS

വന്യജീവി സങ്കേതങ്ങളിലെ പുനരധിവാസം; നടപടികള്‍ പൂര്‍ത്തിയായില്ല

Published : 6th October 2016 | Posted By: Abbasali tf

മാനന്തവാടി: ജില്ലയിലെ വന്യമൃഗസങ്കേതങ്ങളോട് ചേര്‍ന്നു താമസിക്കുന്ന ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനായി സര്‍ക്കാര്‍ ഏഴരക്കോടി രൂപ നീക്കിവച്ച് ഒരുവര്‍ഷത്തിലധികമായിട്ടും മാറ്റിപ്പാര്‍പ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയായില്ല. മാനന്തവാടി താലൂക്കില്‍പ്പെട്ട ഈശ്വരക്കൊല്ലി, നരിമുണ്ടക്കൊല്ലി, സുല്‍ത്താന്‍ ബത്തേരിയിലെ കുറിച്യാട് എന്നീ പട്ടികവര്‍ഗ സങ്കേതങ്ങളില്‍ നിന്നുള്ള ആദിവാസി കുടുംബങ്ങളെ പൂര്‍ണമായി മാറ്റിപ്പാര്‍പ്പിക്കുന്ന പ്രക്രിയയാണ് അനന്തമായി നീളുന്നത്. ഇതില്‍ ഈശ്വരക്കൊല്ലിയില്‍ 9ഉം നരിമുണ്ടക്കൊല്ലിയില്‍ 29ഉം കുറിച്യാട് 67ഉം കുടുംബങ്ങളാണുള്ളത്. 2014 ആഗസ്തിലാണ് വനംമന്ത്രിയുടെ അധ്യക്ഷതയിലും പട്ടികവര്‍ഗ മന്ത്രിയുടെ സാന്നിധ്യത്തിലും യോഗം ചേര്‍ന്ന് ഇവിടങ്ങളിലെ 74 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തീരുമാനിച്ചത്. ഇതിനായി കേന്ദ്ര ഫണ്ട് ലഭ്യമാവുന്നതു വരെ കാത്തിരിക്കേണ്ടതില്ലെന്നും ജില്ലാ കലക്ടറുടെ പേരിലുണ്ടായിരുന്ന ഭൂരഹിത പട്ടികവര്‍ഗക്കാര്‍ക്ക് ഭൂമി വാങ്ങാന്‍ അനുവദിച്ച 50 കോടി രൂപയില്‍ നിന്ന് 7.4 കോടി രൂപ വായ്പയായി വനംവകുപ്പിന് കൈമാറാനും കേന്ദ്രത്തില്‍ നിന്നും വനംവകുപ്പിന് പണം ലഭ്യമാവുന്നതിനനുസരിച്ച് തിരികെ ജില്ലാ ആദിവാസി പുനരധിവാസ മിഷന് കൈമാറിയാല്‍ മതിയെന്നുമായിരുന്നു യോഗത്തില്‍ തീരുമാനിച്ചത്. ഇതുപ്രകാരം 2015 ജൂലൈ മാസത്തിലാണ് 7.4 കോടി രൂപ വനംവകുപ്പിന് വായ്പയായി കൈമാറിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. എന്നാല്‍, ഒരു വര്‍ഷത്തിലേറെ കഴിഞ്ഞിട്ടും പകുതി കുടുംബങ്ങളെ പോലും മാറ്റി പ്പാര്‍പ്പിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. പണം അനുവദിച്ച ഉടനെയുണ്ടായ പഞ്ചായത്ത് തിരഞ്ഞെടുപ്പും തുടര്‍ന്നുണ്ടയ നിയമസഭാ തിരഞ്ഞെടുപ്പം കലക്ടറുടെ സ്ഥലംമാറ്റവുമെല്ലാമാണ് പുനരധിവാസം നീണ്ടുപോവാനിടയാക്കിയതെന്നാണ് വിശദീകരണം. സ്ഥലം എംഎല്‍എ മുന്‍കൈയെടുത്ത് ഇംപ്ലിമെന്റിങ് കമ്മിറ്റി രൂപീകരിച്ചാണ് പാക്കേജ് നടപ്പാക്കേണ്ടത്. ത്രിതല പഞ്ചായത്ത് പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തില്‍ നിര്‍വഹിക്കേണ്ടത്. ഒരു കുടുംബത്തിന് പത്ത് ലക്ഷം രൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day