|    Apr 28 Fri, 2017 2:08 am
FLASH NEWS

വന്യജീവി ആടുകളെ ആക്രമിച്ചു കൊന്നു; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

Published : 3rd November 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: അജ്ഞാതജീവി ആടുകളെ ആക്രമിച്ചു കൊന്നു. നാട്ടുകാര്‍ പ്രതിഷേധവുമായി നമ്പിക്കൊല്ലി, പഴൂര്‍ എന്നിവിടങ്ങളില്‍ റോഡ് ഉപരോധിച്ചു. നമ്പ്യാര്‍കുന്ന് മാന്തണ ചന്ദ്രികയുടെ ആടുകളെയാണ് ഇന്നലെ പുലര്‍ച്ചെ വന്യജീവി കൊന്നത്. വീടിനോട് ചേര്‍ന്നുള്ള കൂട്ടിലായിരുന്നു ആടുകളെ കെട്ടിയിരുന്നത്. പുലര്‍ച്ചെ അഞ്ചോടെ പ്രദേശവാസിയാണ് വന്യജീവി ആട്ടിന്‍കുട്ടിയെ കടിച്ചുകൊണ്ടുപോവുന്നത് കണ്ടത്. ഇയാളെ കണ്ടതോടെ അജ്ഞാതജീവി ആട്ടിന്‍കുട്ടിയെ ഉപേക്ഷിച്ച് ഓടിമറഞ്ഞു. വീട്ടുകാരെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍ സമീപത്തെ കാപ്പിത്തോട്ടത്തില്‍ നിന്ന് തള്ളയാടിന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം നമ്പ്യാര്‍കുന്ന് മാങ്ങാച്ചാല്‍ തട്ടാംപറമ്പില്‍ നാരായണിയുടെ നാലു വയസ്സുള്ള ആടിനെയും വന്യജീവി കൊന്നുതിന്നിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ഉച്ചയോടെ ഫോറസ്റ്റ് സ്‌റ്റേഷന്റെ ചെക്‌പോസ്റ്റ് ബാറില്‍ ആടുകളുടെ ജഡം കെട്ടിത്തൂക്കി റോഡ് ഉപരോധം ആരംഭിച്ചു. തോട്ടാമൂല ഫോറസ്റ്റ് സ്‌റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ അബ്ദുല്ലയെ തടഞ്ഞുവച്ചു. വൈകീട്ട് ആറോടെ സുല്‍ത്താന്‍ ബത്തേരി റേഞ്ച് ഓഫിസര്‍ കൃഷ്ണദാസ്, റാപിഡ് റെസ്‌പോണ്‍സ് ടീം റേഞ്ച് ഓഫിസര്‍ ആര്‍ വിനോദ് എന്നിവര്‍ സ്ഥലത്തെത്തി. ഡെപ്യൂട്ടി ഹെഡ്ക്വാട്ടേഴ്‌സ് തഹസില്‍ദാര്‍ രാമകൃഷ്ണന്‍, സിഐ എം ഡി സുനില്‍, ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി. അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്നും പ്രദേശത്ത് കാമറ സ്ഥാപിച്ച് പട്രോളിങ് ശക്തമാക്കുമെന്നും അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വൈകീട്ട് ഏഴോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day