|    Jan 19 Thu, 2017 9:53 am

വന്യജീവി ആക്രമണം ; സുരക്ഷാ പ്രവര്‍ത്തനത്തിന് തുക വകയിരുത്തിയതായി വിഎസ്

Published : 8th October 2016 | Posted By: Abbasali tf

പാലക്കാട്: മലമ്പുഴ വാരണിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് ചികില്‍സ നല്‍കാന്‍ ഫോറസ്റ്റ് അധികൃതര്‍ നടപടി സ്വീകരിച്ചതായി  ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനനന്ദന്‍ അറിയിച്ചു. മലമ്പുഴ നിയോജക മണ്ഡലത്തിലെ വിവിധ ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാനകള്‍ ഇറങ്ങുന്നത് ഫലപ്രദമായി തടയാന്‍ ഇലക്ട്രിക്ക് ഫെന്‍സിങ് ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവൃത്തികള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിഎസ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിഷയത്തില്‍ അടിയന്തര നടപടിക ള്‍ സ്വീകരിച്ചു വരുന്നുണ്ടെന്ന്  വനം – വന്യജീവി മന്ത്രി വിഎസ് അച്യുതാനന്ദന് ഉറപ്പ് നല്‍കിയത്. വന്യമൃഗ ആക്രമണം തടയുന്നതിനായി പാലക്കാട് വനം ഡിവിഷനിലെ പ്രശ്‌ന ബാധിത മേഖലകളില്‍ കൂടുതലായി എലിഫന്റ് പ്രൂഫ് ട്രെഞ്ചുകള്‍ സോളാര്‍ പവര്‍ ഫെന്‍സിങ് എന്നിവ നിര്‍മിക്കുന്നതിനും പരിപാലിക്കുന്നതിനുമായി ആദ്യം അനുവദിച്ച 15 ലക്ഷം രൂപക്ക് പുറമേ 20 ലക്ഷം കൂടി ഈ സാമ്പത്തിക വര്‍ഷം വിലയിരുത്തിയിട്ടുണ്ട്. വന്യജീവി ആക്രമണത്തിന് നഷ്ടപരിഹാരം നല്‍കുന്നതിനായി 15 ലക്ഷവും ഇതിനോടകം വകയിരുത്തിയിട്ടുള്ളതായി വനം – വന്യജീവി മന്ത്രി അറിയിച്ചു. മലമ്പുഴ നിയോജക മണ്ഡലത്തിലെ പുതുശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ കൊട്ടേക്കാട്, പൂയംപ്പറ്റ, അരിക്കുടി, നാംപള്ളം, എന്നീ മേഖലകളിലും അടുപ്പൂട്ടി മലവാരം, അയ്യപ്പന്‍മല നെല്ലിശ്ശേരി മലവാരം എന്നീ പ്രദേശങ്ങളിലും മനുഷ്യ- വന്യജീവി സംഘ ര്‍ഷം നിയന്ത്രിക്കുന്നതിന് പാലക്കാട് ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള ദ്രുത കര്‍മസേനയുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കി വരുന്നുണ്ട്. കൂടാതെ പടക്കം, റബ്ബര്‍ ബുള്ളറ്റ് എന്നിവ ഉപയോഗിച്ച് കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്ന വന്യ ജീവികളെ ഉള്‍വനങ്ങളിലേക്ക് തുരത്തുന്നതിനുള്ള നടപടിയും സ്വീകരിക്കുന്നുണ്ട്. ശാശ്വത പരിഹാരം എന്ന നിലയില്‍ മേല്‍ പ്രദേശങ്ങളില്‍ അതിര്‍ത്തിയായി വരുന്ന ഒന്നാം പുഴ മുതല്‍ പറച്ചാത്തി വരെയും ചേമ്പന മുതല്‍ 53 കോറി വരെയുള്ള സ്ഥലങ്ങളിലെ വനാതിര്‍ത്തികളില്‍ 11 കിലോമീറ്ററോളം നിലവിലുള്ള സൗരോര്‍ജ്ജ കമ്പിവേലി അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി ദര്‍ഘാസ് നടപടികള്‍ പൂര്‍ത്തീകരിച്ച് പണി ആരംഭിക്കുന്നതിനുള്ള നടപടികള്‍  സ്വീകരിച്ചിട്ടുണ്ട്. സൗരോര്‍ജ്ജ കമ്പി വേലികള്‍ യഥാവിധി സംരക്ഷിക്കുന്നതിന് പ്രദേശവാസികളെ ഉള്‍പ്പെടുത്തി ഒരു സമിതിയും രൂപീകരിക്കും. വന്യജീവി ആക്രമണം തടയുന്നതിനായി പ്രശ്‌ന ബാധിത മേഖലകളില്‍ എലിഫന്റ് പ്രൂഫ് ട്രെഞ്ചുകള്‍, സോളാര്‍ പവര്‍ ഫെന്‍സിങ് എന്നിവ നിര്‍മിച്ച് ഫലപ്രദമായ രീതിയില്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. പാലക്കാട് ഫോറസ്റ്റ് ഡിവിഷനു കീഴിലുള്ള ഒലവക്കോട് ഫോറസ്റ്റ് റെയിഞ്ചില്‍ 16.4 കിലോമീറ്റര്‍ ദൂരം സോളാര്‍ പവര്‍ ഫെന്‍സിംങ്ങും 3.40 കിലോമീറ്റര്‍ ദൂരം ആന പ്രതിരോധ കിടങ്ങുകളും നിര്‍മിച്ചിട്ടുണ്ട്. കൂടാതെ വാളയാര്‍ ഫോറസ്റ്റ് റെയിഞ്ചില്‍ 43.6 കിലോമീറ്റര്‍ ദൂരം സോളാര്‍ പവര്‍ ഫെന്‍സിങും നിര്‍മിച്ചിട്ടുണ്ട്. മേല്‍ വിവരിച്ച ദ്രുത കര്‍മസേനയുടെ പ്രവര്‍ത്തനം കൂടാതെ കൊട്ടേക്കാട് ഭാഗത്ത് എലിഫന്റ് സ്‌ക്വാഡും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. സ്‌ക്വാഡിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് വാഹനം അനുവദിച്ച് നല്‍കിയിട്ടുണ്ടെന്നും മന്ത്രി സഭയില്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക