|    Jul 23 Mon, 2018 11:19 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വന്യജീവി ആക്രമണം: വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നഷ്ടപരിഹാരത്തിന് അര്‍ഹത

Published : 9th September 2017 | Posted By: fsq

 

കൊച്ചി: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തിനു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ അര്‍ഹതയുള്ളൂവെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കൃഷിയിടത്തിലെ വന്യജീവി ആക്രമണത്തിലുണ്ടായ നഷ്ടപരിഹാരം നല്‍കാത്തതിനെതിരേ മറയൂര്‍ സ്വദേശി നല്‍കിയ ഹരജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം. വര്‍ഷത്തില്‍ എത്ര അപേക്ഷകള്‍ നല്‍കിയാലും ഒന്നു മാത്രമാവും നഷ്ടപരിഹാരത്തിനായി പരിഗണിക്കുക. വന്യജീവി സംരക്ഷണ നിയമം, കേരള വനം നിയമം തുടങ്ങിയവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കു വന്യജീവി ആക്രമണത്തിന്റെ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലെന്നും വനം, വന്യജീവി വകുപ്പ് അണ്ടര്‍ സെക്രട്ടറി ടി ആര്‍ സുനില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. 2010 ജൂണ്‍, ആഗസ്ത് മാസങ്ങളിലായി മൂന്ന് അപേക്ഷകള്‍ ഹരജിക്കാരന്‍ നല്‍കിയതായി സത്യവാങ്മൂലത്തില്‍ പറയുന്നു. എന്നാല്‍, വന്യജീവി ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്കു നഷ്ടപരിഹാരം നല്‍കുന്ന 1980ലെ ചട്ടപ്രകാരം ഒരു വ്യക്തിക്കു വര്‍ഷത്തില്‍ ഒരു തവണ മാത്രമേ അവകാശമുള്ളൂ.  ചട്ടപ്രകാരമുള്ള മറ്റു വ്യവസ്ഥകളെല്ലാം പാലിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ മാത്രമേ ഇതിന് അര്‍ഹതയുള്ളൂ. ഹരജിക്കാരന്റേത് സാധാരണ കൃഷിയിടം മാത്രമാണ്. ഒരു വശത്ത് പാമ്പാറും മൂന്നു വശത്തും നിക്ഷിപ്ത ചന്ദന മരക്കാടുമാണുള്ളത്. കാട്ടാനകളും മറ്റു വന്യജീവികളും സ്ഥിരമായി ഉണ്ടാവാറില്ലെങ്കിലും ഇടക്കിടെ സന്ദര്‍ശിക്കാറുണ്ട്. വേനല്‍കാലത്ത് വന്യജീവികള്‍ കുടിവെള്ളത്തിന് ആശ്രയിക്കുന്നത് പാമ്പാര്‍ നദിയെയാണ്. വെള്ളവും പച്ചപ്പുമുള്ളിടങ്ങള്‍ വന്യജീവികളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ വരും. അതോടൊപ്പം വീട്, കൃഷി, കാലികള്‍ എന്നിവ നഷ്ടമാവുന്നുവെങ്കില്‍ നൂറു ശതമാനം നഷ്ടം കണക്കാക്കണമെന്ന ചട്ടം 2010 ജൂണ്‍ ഏഴിനാണ് നിലവില്‍വന്നത്. അതിന് മുമ്പാണ് ഹരജിക്കാരന്‍ നഷ്ടപരിഹാരം തേടി അപേക്ഷ നല്‍കിയിട്ടുള്ളത്. അതിനാല്‍ ചട്ടം ഹരജിക്കാരനു ബാധകമല്ലെന്നും സത്യവാങ്മുലം ചൂണ്ടിക്കാട്ടുന്നു.ഇതിനുപുറമെ മറയൂരിലെ ചന്ദനക്കൊള്ളകളുമായി ബന്ധമുള്ളയാളാണ് ഹരജിക്കാരന്‍. മറയൂര്‍ ഫോറസ്റ്റ് സ്‌റ്റേഷനില്‍ നാല് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൂടുതല്‍ കേസുകള്‍ക്കുള്ള സാധ്യത തള്ളിക്കളയാനാവില്ല. 1972ലെ വന്യജീവി സംരക്ഷണ നിയമവും കേരള വനം നിയമവുമായി ബന്ധപ്പെട്ട കുറ്റകൃത്യത്തില്‍ ഉള്‍പ്പെടുകയോ പ്രതിയാവുകയോ ചെയ്തയാള്‍ക്കു നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല. കേസുകളില്‍ കുറ്റവിമുക്തനാക്കപ്പെട്ടുവെന്നാണ് ഹരജിക്കാരന്റെ വാദം. എന്നാല്‍, തൊണ്ടി ഹാജരാക്കിയില്ലെന്ന കാരണത്താലാണ് പ്രതിയെ വെറുതെവിട്ടത്. കേരള വനം ചട്ടത്തിലെ വകുപ്പുകള്‍ പ്രകാരം ചില കേസുകളില്‍ കുറ്റവിമുക്തനായെങ്കിലും  ചട്ടപ്രകാരം നഷ്ടപരിഹാരത്തിന് അര്‍ഹനല്ല. കൂടാതെ നാശനഷ്ടം സംബന്ധിച്ച്  വില്ലേജ് ഓഫിസറും  റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. അതേസമയം, നഷ്ടപരിഹാരം നല്‍കുന്ന നിയമത്തില്‍ കൃഷി ഓഫിസറുടെ പങ്ക് വ്യക്തമാക്കിയിട്ടുമില്ല. നഷ്ടപരിഹാരം നല്‍കാന്‍ വനം റേഞ്ച് ഓഫിസറുടെ ശുപാര്‍ശ നിലവിലില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss