|    Jan 23 Mon, 2017 3:51 am
FLASH NEWS

വന്യമൃഗ ഭീതിയില്‍ തമിഴ്‌നാട്ടില്‍ ഒരു മലയാളി ഗ്രാമം

Published : 3rd October 2015 | Posted By: G.A.G

1-

 

കെ.എന്‍. നവാസ്അലി

രാത്രി രണ്ടുമണിയോടെ ആനയുടെ ചിഹ്നം വിളിയും കുഞ്ഞുമക്കളുടെ കരച്ചിലും കേട്ടതോടെയാണ് ബാപ്പുട്ടി ഹാജി വീടിന്റെ വാതില്‍ തുറന്ന് പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചത്. കലിതുള്ളി വന്ന കാട്ടുകൊമ്പനു മുന്നില്‍ തന്നെയാണ് പച്ചക്കട്ട കൊണ്ടു കെട്ടിയ മകന്റെ വീട്. അത് നിലംപൊത്തുമെന്നും അതിനകത്തുള്ള മരുമകളും കുഞ്ഞുമക്കളും ആനയുടെ കാലടികള്‍ക്കിടയില്‍ അമരുമെന്നുമുള്ള ആധിയോടെ വെറും ടോര്‍ച്ച് മാത്രമായി പല പ്രാവശ്യം പുറത്തേക്കിറങ്ങാന്‍ ബാപ്പുട്ടി ഹാജി ശ്രമിച്ചു. അപ്പോഴെല്ലാം ഭാര്യയും മറ്റു മക്കളും പിടിച്ചുനിര്‍ത്തുകയായിരുന്നു.

ഭൂമി വിറപ്പിച്ചുകൊണ്ട് കാട്ടുകൊമ്പന്‍ വീടിനു ചുറ്റും ഓടുന്ന ശബ്ദവും കനത്ത ചിഹ്നം വിളിയും അതിനൊപ്പം പേരമക്കളുടെ പേടിച്ചുള്ള കരച്ചിലും വീണ്ടും ഉയര്‍ന്നതോടെ എല്ലാവരെയും മാറ്റി ഹാജി വാതില്‍ തുറന്ന് വീടിന്റെ തിണ്ണയിലേക്കിറങ്ങി. ഇതേസമയം തന്നെ ഇരുളില്‍നിന്നു കുതിച്ചെത്തിയ കൊമ്പന്‍ അദ്ദേഹത്തെ തുമ്പിക്കൈയില്‍ വലിച്ചെടുത്തു. നിലത്തിട്ടു ചവിട്ടി. തൂക്കിയെടുത്ത് വീണ്ടും നിലത്തേക്കെറിഞ്ഞു. അല്‍പ്പനേരം അവിടെ നിന്നശേഷം ഇരുളില്‍ മറഞ്ഞു. ഓടിയെത്തിയ വീട്ടുകാരും സമീപവാസികളും ബാപ്പുട്ടി ഹാജിയുമായി ജീപ്പില്‍ ആശുപത്രിയിലേക്കു കുതിച്ചു. അപ്പോഴും നേര്‍ത്ത ശബ്ദത്തില്‍ ആ വല്യുപ്പ ചോദിച്ചത് ‘കുഞ്ഞുമക്കള്‍ക്ക് ഒന്നും സംഭവിച്ചില്ലല്ലോ’ എന്നായിരുന്നു.

ആശുപത്രിയിലേക്കെത്തുന്നതിനു മുമ്പുതന്നെ ബാപ്പുട്ടിഹാജിയുടെ ജീവന്‍ പൊലിഞ്ഞു. ജീവന്‍ നഷ്ടപ്പെട്ട ശരീരവുമായി നാട്ടുകാര്‍ മടങ്ങുമ്പോഴും കലിയിറങ്ങാത്ത കൊമ്പനാന പാക്കണയുടെ ഇരുളില്‍, റോഡരികില്‍ത്തന്നെ നില്‍പ്പുണ്ടായിരുന്നു.തമിഴ്‌നാട്ടിലെ പന്തല്ലൂര്‍ താലൂക്കിലുള്ള മലയാളി ഗ്രാമമാണ് പാക്കണ. EDA_0114.568പകല്‍ സമയത്തുപോലും പുലിയും ആനകളും വിഹരിക്കുന്ന പ്രദേശം. ഇവിടെ നേരമിരുട്ടുന്നതോടെ അങ്ങാടിയില്‍ ആളൊഴിയും. ഓട്ടോറിക്ഷകള്‍ സ്റ്റാന്റൊഴിഞ്ഞുപോകും. രാത്രി എട്ടുമണി കഴിഞ്ഞാല്‍ എപ്പോള്‍ വേണമെങ്കിലും പാക്കണ അങ്ങാടിയിലൂടെ കലിതുള്ളിപ്പായുന്ന ഒറ്റയാനെ കാണാം. ചിലപ്പോള്‍ പിറകെ പുലിയുമുണ്ടാവും. ഓരോ ദിവസവും പാക്കണ ഉണരുന്നത് ഇന്ന് ആരുടെ വീടാണ് ആന തകര്‍ത്തതെന്ന അന്വേഷണത്തോടെയാണ്. പച്ചക്കട്ടയില്‍ ചുവരിട്ട, ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ കുഞ്ഞുവീടുകള്‍ എപ്പോള്‍ വേണമെങ്കിലും ആനക്കൂട്ടത്തിനുമുന്നില്‍ മണ്‍കൂനയായി മാറാം.

ഉറങ്ങുന്ന കുഞ്ഞുമക്കളെയുമെടുത്ത് ഓടാന്‍ തയ്യാറായി നില്‍ക്കുന്ന അമ്മമാരുടെ മുന്നിലേക്ക് കാട്ടുകൊമ്പന്‍ അലറിപ്പാഞ്ഞെത്താം. ചോലയില്‍ കുടിവെള്ളമെടുക്കാനിറങ്ങുമ്പോള്‍, ചായത്തോട്ടത്തില്‍ കൊളുന്ത് നുള്ളുമ്പോള്‍ ചീറിവരുന്ന പുള്ളിപ്പുലിക്കു മുന്നില്‍ നിന്നും ജീവിതം കാത്തുസൂക്ഷിക്കാന്‍ പൊരുതുന്നവരാണ് ഇവിടത്തുകാര്‍. ഇരുളില്‍ ഞെരിഞ്ഞമരുന്ന കരിയിലയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ പോലും ആന വരുമെന്ന ഭയത്താല്‍ വിളക്കണച്ച് ശ്വാസമടക്കിപ്പിടിച്ച് ഇരിക്കേണ്ടി വരുന്നു ഇവര്‍ക്ക്. സംരക്ഷിക്കാനാരുമില്ലാതെ ആനക്കൂട്ടത്തിനും പുലികള്‍ക്കും കടുവയ്ക്കുമിടയില്‍ ജീവിതം വഴിമുട്ടിയവരാണ് പാക്കണയിലെ ജനങ്ങള്‍.

മലയാളികളായതിനാല്‍ തമിഴ്‌നാട് സര്‍ക്കാരിന് അന്യര്‍. തമിഴ്‌നാട്ടിലായതിനാല്‍ നമ്മുടെ ഭരണാധികാരികള്‍ക്കും ഇവരെ ആവശ്യമില്ല. വോട്ടവകാശം തമിഴ്‌നാട്ടിലായതിനാല്‍ കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ഇവരെ വേണ്ട.തമിഴ്‌നാടിന്റെ ആസൂത്രിത നീക്കംസംസ്ഥാന രൂപീകരണകാലത്ത് കേരളത്തോടൊപ്പം നിന്നെങ്കിലും പാലക്കാട് ജില്ല കേരളത്തിനു നല്‍കിയതിനു പകരമായി തമിഴ്‌നാടിനു കൈമാറ്റം ചെയ്യപ്പെട്ട ഗ്രാമവും ഗ്രാമീണരുമാണ് പാക്കണയിലുള്ളത്. 1921ലെ മലബാര്‍ സമരകാലത്ത് ബ്രിട്ടിഷുകാരുടെ അക്രമം ഭയന്നു രക്ഷപ്പെട്ട മലയാളികളുടെ പിന്‍ഗാമികളായ അറുനൂറോളം കുടുംബങ്ങളാണ് ഈ ചെറിയ പ്രദേശത്തുള്ളത്.


എല്ലാ അര്‍ഥത്തിലും തികഞ്ഞ മലയാളി ഗ്രാമമാണിത്. കേരളത്തോടു ചേരാന്‍ വളരെയധികം കൊതിക്കുന്നവരാണ് ഇവിടത്തെ ജനങ്ങള്‍.നൂറു ശതമാനവും മലയാളികള്‍ മാത്രമുള്ള നാടാണിത്.അതുകൊണ്ടുതന്നെ കടുവ സംരക്ഷണ പദ്ധതിക്കായി തമിഴ്‌നാട് സര്‍ക്കാര്‍ തിരഞ്ഞെടുത്ത പ്രധാനപ്രദേശവും പാക്കണയായി മാറി.


 

പട്ടയമുള്‍പ്പെടെ നിയമപരമായി എല്ലാവിധ രേഖകളുമുണ്ടായിട്ടും ക്രൂരമായ കുടിയൊഴിപ്പിക്കലിന്റെ ഭീതിയിലാണ് ഈ ഗ്രാമം. ആനയും കടുവയും പുലിയുമാണ് ഇവിടെ ഗ്രാമീണരെ കുടിയൊഴിപ്പിക്കാനെത്തുന്നത്. നിയമപ്രകാരമുള്ള കുടിയൊഴിപ്പിക്കലിന് നഷ്ടപരിഹാരം നല്‍കണമെങ്കില്‍ കാട്ടുമൃഗങ്ങളെ ഭയന്ന് നാടുവിട്ടുപോകുന്നവര്‍ക്ക് ഒന്നും നല്‍കേണ്ടതില്ല. ഇതിനു വേണ്ടി ക്രൂരവും കുടിലത നിറഞ്ഞതുമായ സമീപനമാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഇവിടത്തെ മലയാളികളോട് തുടങ്ങിയിട്ടുള്ളത്.

മുമ്പൊന്നുമില്ലാത്ത വിധത്തില്‍ ആനയും പുലിയും കടുവയും ഈ ചെറിയ പ്രദേശത്ത് എത്തുന്നതിനു പിന്നില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെയും വനം വകുപ്പിന്റെയും ഇടപെടലുണ്ടെന്നാണ് ഇവിടത്തെ ഗ്രാമീണര്‍ പറയുന്നത്.14 ആനകള്‍ വളഞ്ഞ വീട്ടിനുള്ളില്‍26 വര്‍ഷമായി പാക്കണയില്‍ താമസിക്കുന്ന കിലുക്കാംപാറ പാത്തുമ്മയെന്ന വൃദ്ധ പറയുന്നത് ഇത്രയും കാലമായി അനുഭവിക്കാത്ത വന്യമൃഗ ശല്യമാണ് കഴിഞ്ഞ മൂന്നു മാസമായി നേരിടേണ്ടി വരുന്നതെന്നാണ്. വെള്ളമെടുക്കാന്‍ വീടിനു സമീപമുള്ള ചോലയിലിറങ്ങാന്‍ ഇപ്പോള്‍ ഇവര്‍ക്കു ഭയമാണ്. ചോലയ്ക്കടുത്തുള്ള കുറ്റിക്കാട്ടില്‍ പലപ്പോഴും പുള്ളിപ്പുലിയെ കണ്ടിട്ടുണ്ട്. തൊട്ടപ്പുറമുള്ള ചായത്തോട്ടത്തിലൂടെ ഇറക്കമിറങ്ങി വന്ന കൊമ്പ            നാന പല പ്രാവശ്യം ചോലയും കടന്ന് പാത്തുമ്മയുടെ വീടിനുമുന്നിലേക്കെത്തിയിട്ടുണ്ട്.

പറമ്പിലുണ്ടായിരുന്ന 14 തെങ്ങുകളില്‍ മിക്കതും ആന കുത്തിമലര്‍ത്തി. അവശേഷിച്ച തെങ്ങുകള്‍ വീടിന്റെ മുകളിലേക്ക് ആന തള്ളിയിടുമെന്നു ഭയന്ന് വെട്ടിമാറ്റുകയും ചെയ്തു. നിറയെ ചക്ക കായ്ച്ചിരുന്ന പ്ലാവുകള്‍ ചക്ക തേടി ആനയെത്തുമെന്നതിനാല്‍ വെട്ടിയിട്ടു. പ്രായവും അസുഖവും കാരണം നടക്കാനാവാത്ത ഭര്‍ത്താവ് ഇവര്‍ക്കൊപ്പം വീട്ടിലുണ്ട്. മിക്ക രാത്രികളിലും ചായത്തോട്ടമിറങ്ങി വരുന്ന ആനക്കൂട്ടം ഇവരുടെ വീട്ടുമുറ്റത്തുകൂടിയാണ് മറ്റു കൃഷിയിടങ്ങളിലേക്കു പോകുന്നത്. aana chavitti konnayidamകലിയിളകിയ ഏതെങ്കിലുമൊരു കുട്ടിക്കൊമ്പന്‍ ഒന്നു തിരിഞ്ഞാല്‍ മതി ഇവരുടെ വീട് തകര്‍ന്നടിയാന്‍. അങ്ങനെ വന്നാല്‍ കിടപ്പിലായ ഭര്‍ത്താവിന്റെയും തന്റെയും അന്ത്യമായിരിക്കും സംഭവിക്കുകയെന്ന പാത്തുമ്മയുടെ വാക്കുകളില്‍ നിസ്സഹായാവസ്ഥയിലുള്ള ഒരു വീട്ടമ്മയുടെ എല്ലാ വേദനകളുമുണ്ട്. മാസങ്ങള്‍ക്കു മുമ്പുള്ള ഒരു രാത്രി ഭീകരതയുടേതായിരുന്നു. പാത്തുമ്മയുടെ വീടിനു ചുറ്റുമെത്തിയത് 14 ആനകള്‍ ഒന്നിച്ച്. മുറ്റത്തും പറമ്പിലുമെല്ലാം കാട്ടാനകള്‍. അതിനിടയിലാണ് അടുത്ത വീട്ടിലുള്ള മരുമകള്‍, കത്തിച്ച വിറകു കൊള്ളിയുമായി കരഞ്ഞുകൊണ്ട് ഓടി വന്നത്. ആനക്കൂട്ടം വീടു തകര്‍ക്കുമെന്നും രക്ഷിക്കണമെന്നും വിലപിച്ചാണ് കുഞ്ഞുമക്കളെ വീട്ടിലിരുത്തി ഇവര്‍ തറവാട്ടിലേക്ക് ഓടിയത്.

പാത്തുമ്മയുടെ വീടിനു ചുറ്റുമുള്ള കാട്ടാനകളെ കണ്ട് വീണ്ടും സ്വന്തം വീട്ടിലേക്കു തിരിഞ്ഞോടിയ മരുമകള്‍ ആനക്കൂട്ടത്തിനിടയില്‍ നിന്നു കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു.പാക്കണ അങ്ങാടിയിലെ ഹസന്‍ രാവിലെ കട തുറക്കുമ്പോള്‍ അങ്ങാടിയിലൂടെ കുതിച്ചെത്തിയ കൊമ്പനാന നേരെ കടയ്ക്കു മുന്നിലെത്തി നിന്നു. തൂക്കിയെടുക്കാന്‍ തുമ്പിക്കൈ നീട്ടിയെങ്കിലും പിടികൊടുക്കാതെ ഉള്ളിലേക്കു വലിഞ്ഞതിനാല്‍ ഹസന്‍ രക്ഷപ്പെട്ടു. കുറച്ചു നേരം ചിഹ്നംവിളിയുമായി കടയ്ക്കുമുന്നില്‍ നിന്ന ആന കടയില്‍ തൂക്കിയിട്ട വാഴക്കുലയുമായാണ് പോയത്. പാക്കണയിലെ ഓട്ടോ ഡ്രൈവര്‍മാരെല്ലാം പല പ്രാവശ്യം ആനയ്ക്കു മുന്നില്‍ അകപ്പെട്ടവരാണ്. ഗുരുതരാവസ്ഥയിലുള്ള ഗര്‍ഭിണിയേയുമായി ആശുപത്രിയിലേക്കു കുതിക്കുമ്പോഴാകും വഴിമുടക്കിയ ഒറ്റയാന്‍ രൗദ്രഭാവം പൂണ്ടുനില്‍ക്കുന്നത്. പിന്നെ മെല്ലെ വണ്ടിതിരിക്കുക മാത്രമേ രക്ഷയുള്ളൂ.

നേരമിരുട്ടുന്നതോടെ ആളൊഴിയുന്ന പാക്കണ അങ്ങാടിയിലെ വ്യാപാരസ്ഥാപനങ്ങളെല്ലാം പ്രതിസന്ധിയിലാണ്. ”രാത്രി പത്തുമണിവരെ ആള്‍ക്കാരുണ്ടായിരുന്ന അങ്ങാടി ഇപ്പോള്‍ ഏഴു മണിയോടെ വിജനമാകുമെന്ന് ചായക്കട നടത്തുന്ന എം.പി. ഇബ്രാഹീം പറഞ്ഞു.” -നാലു മാസമായി ഇതാണ് അവസ്ഥ. പകല്‍ സമയത്തു മാത്രമാണ് കച്ചവടം നടക്കുന്നത്. രാത്രിയായാല്‍ വീടണയാനാണ് എല്ലാവര്‍ക്കും താല്‍പ്പര്യം. മലയാളികളായതിന് ശിക്ഷിക്കപ്പെടുന്നവര്‍പാക്കണയ്ക്കു ചുറ്റും വലിയ കാടുകളൊന്നുമില്ല. പച്ചമല, വൃന്ദാവന്‍, രാക്കുഡ്, സസക്‌സ്, റൂബി എന്നീ എസ്റ്റേറ്റുകളിലെ ചെറിയ കാടുകളും ബണ്ണ വനപ്രദേശവുമാണ് ഇവിടെയുള്ളത്.5തമിഴ്‌നാട്ടിലെ മറ്റു വനങ്ങളില്‍നിന്നുള്ള ആനകളെ വനം വകുപ്പുതന്നെ പാക്കണയിലേക്ക് ആട്ടിയിറക്കുകയാണെന്ന ശക്തമായ സംശയമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്. പാക്കണയിലെ എസ്റ്റേറ്റുകളിലെ കുറഞ്ഞ വിസ്തീര്‍ണം മാത്രമുള്ള കാട്ടിലേക്കാണ് തമിഴ്‌നാട് വനംവകുപ്പ് പിടികൂടുന്ന പുലികളെ കൊണ്ടുവന്നിടുന്നത് എന്നതിന് വ്യക്തമായ തെളിവുകള്‍ നാട്ടുകാരുടെ പക്കലുണ്ട്. ജനവാസകേന്ദ്രങ്ങളിലുള്ള ഇത്തരം ചെറിയ കാടുകളിലാണ് ആനക്കൂട്ടവും പുലികളും പകല്‍ സമയങ്ങളില്‍ തങ്ങുന്നത്. റോഡരികിലും ചായത്തോട്ടത്തിലുമെല്ലാം പുലിയുടെ കാഷ്ഠവും കൊന്നിട്ട ജീവികളുടെ അവശിഷ്ടങ്ങളും കാണാറുണ്ട്. ചായത്തോട്ടത്തില്‍ മദമിളകിയെത്തിയ ആന കൊളുന്തുകയറ്റിയ ട്രാക്റ്ററിന്റെ ഡ്രൈവറെയടക്കം വലിച്ചു കൊണ്ടുപോയത് ആഴ്ചകള്‍ക്കു മുമ്പായിരുന്നു.പാക്കണ മാത്രമാണ് നൂറു ശതമാനവും മലയാളികള്‍ മാത്രം താമസിക്കുന്ന പ്രദേശമായി തമിഴ്‌നാട്ടിലുള്ളത്. അതുകൊണ്ടുതന്നെ ഇവിടെ കുടിയൊഴിപ്പിക്കല്‍ നടപ്പാക്കുന്നത് തമിഴ്‌നാട് സര്‍ക്കാരിന് ഏറെ താല്‍പ്പര്യമുള്ള വിഷയവുമാണ്. കടുവ സംരക്ഷണ കേന്ദ്രത്തിന്റെയും ഗ്രീന്‍ബെല്‍റ്റ് പദ്ധതിയുടെയും പേരില്‍ പാക്കണയില്‍ കടുത്ത നിയന്ത്രണങ്ങളാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. പട്ടയമുള്ള ഭൂമിയിലെ കെട്ടിടത്തിനായാലും വൈദ്യുതി കണക്ഷന്‍ നല്‍കേണ്ടെന്നാണ് പുതിയ നിലപാട്.

വീടിനു തറകീറി മണ്ണെടുക്കുന്നതിനും ഇവിടെ നിയന്ത്രണമുണ്ട്. വന്യമൃഗ ശല്യം സംബന്ധിച്ചു സര്‍ക്കാരിനോടു പരാതിപ്പെടാന്‍പോലും ഇവര്‍ക്കാവുന്നില്ല. തമിഴ്‌നാട്ടിലെ രണ്ടാംതരം പൗരന്‍മാരായ തങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരിന് ഒരു താല്‍പ്പര്യവുമില്ലെന്ന് പല അനുഭവങ്ങളിലായി പാക്കണയിലെ ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. കലിയിളകി വരുന്ന ആനകളെ കല്ലു കൊണ്ടുപോലും എറിയരുതെന്നാണ് വനംവകുപ്പ് നാട്ടുകാര്‍ക്കു നല്‍കിയിട്ടുള്ള നിര്‍ദേശം. സ്വന്തം വീട് കുത്തിമറിക്കാനെത്തുന്ന ആനയാണെങ്കില്‍പ്പോലും വെറുതെ വിടണം. അല്ലെങ്കില്‍ വന്യമൃഗ സംരക്ഷണ നിയമപ്രകാരം ജയിലില്‍ കിടക്കേണ്ടിവരും.രാഷ്ട്രീയകക്ഷികള്‍ കണ്ടിട്ടും കാണാതെഭരണകൂടവും രാഷ്ട്രീയപ്പാര്‍ട്ടികളും കൈയൊഴിഞ്ഞ പാക്കണയിലെ ജനങ്ങളുടെ അവസ്ഥ തമിഴ്‌നാട് നിയമസഭയില്‍ ഉയര്‍ത്തുന്നത് തമിഴ്‌നാട് മുസ്‌ലിം മുന്നേറ്റ കഴകത്തിന്റെ ജവാഹിറുല്ലാ ബാഖവിയുടെ നേതൃത്വത്തിലുള്ള രണ്ട് എം.എല്‍.എമാര്‍ മാത്രമാണ്. ഇവര്‍ പാക്കണയിലെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു.

കോണ്‍ഗ്രസ്, മുസ്‌ലിംലീഗ്, സി.പി.ഐ, സി.പി.എം. തുടങ്ങിയ പാര്‍ട്ടികളിലെ ഒരു നേതാവു പോലും തങ്ങള്‍ക്കുവേണ്ടി ശബ്ദിക്കുന്നില്ലെന്ന് പൊതുപ്രവര്‍ത്തകനായ മുഹമ്മദലി ആരോപിക്കുന്നു. ഭരണകക്ഷിയായ എ.ഐ.എ. ഡി.എം.കെയ്ക്കും പ്രതിപക്ഷമായ ഡി.എം.കെയ്ക്കും പാക്കണയിലെ മലയാളികളെ ആവശ്യമില്ല. ജന്മം കൊണ്ടും ജീവിതം കൊണ്ടും മലയാളികളാണെങ്കിലും തങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയാന്‍ കേരള സര്‍ക്കാരിനും താല്‍പ്പര്യമില്ലെന്നും ഇദ്ദേഹം പറയുന്നു.ആരും സംരക്ഷിക്കാനില്ലാതെ വന്യമൃഗങ്ങള്‍ക്കിടയില്‍ വീടും കൃഷിയും ജീവനും സംരക്ഷിക്കാന്‍ കഠിനശ്രമം നടത്തുകയാണ് പാക്കണയിലെ ജനങ്ങള്‍. വന്യമൃഗങ്ങളെ ചെറുക്കാന്‍ കിടങ്ങോ വൈദ്യുതവേലിയോ ഒന്നും ഇവിടെയില്ല. വീട്ടുമുറ്റത്തു കൂടെ സ്വതന്ത്രമായി ഓടിക്കളിക്കാന്‍പോലും ഭയക്കുന്ന കുട്ടികള്‍ പാക്കണയുടെ ദൈന്യമായ മുഖമാണ്. സന്ധ്യ മയങ്ങിയാല്‍ പാഠം ചൊല്ലിപ്പഠിക്കാനല്ല, വിളക്കണച്ച് ശബ്ദമുണ്ടാക്കാതെ കിടക്കാനാണ് അമ്മമാര്‍ കുട്ടികളോടു പറയുന്നത്. ജനലിലൂടെ നീണ്ടുവരുന്ന തുമ്പിക്കൈയും പുലിയുടെ അലര്‍ച്ചയും ടോര്‍ച്ചുവെളിച്ചം കണ്ടാല്‍ പോലും ഓടിയെത്തുന്ന ഒറ്റയാനെയും ഭയന്നു കഴിയുന്ന കുട്ടികളാണ് ഇവിടെയുള്ളത്.

ആനക്കലിയുടെ അടയാളങ്ങള്‍ പാക്കണയിലെമ്പാടും കാണാം. ആന തകര്‍ത്ത വീടുകള്‍, പൊളിച്ചിട്ട മതിലുകള്‍, തകര്‍ത്തെറിഞ്ഞ ഇരുമ്പുഗെയിറ്റുകള്‍, ചീന്തിയെറിഞ്ഞ തെങ്ങും കമുകും, ചവിട്ടിയമര്‍ത്തിയ വാഴത്തോട്ടം ഇവയെല്ലാം പാക്കണയിലെവിടെയുമുണ്ട്. പാക്കണ അങ്ങാടിയിലുള്ള വീട്ടില്‍ നിന്നാണ് ബാപ്പുട്ടിഹാജിയെ ആന തുമ്പിക്കൈയില്‍ തൂക്കിയെടുത്ത് ചവിട്ടിക്കൊന്നത്. ഇവിടെ ഒരു സ്ഥലവും സുരക്ഷിതമല്ല. angadiതെങ്ങുകള്‍ കുത്തിമലര്‍ത്താതിരിക്കാന്‍ തെങ്ങിനു ചുറ്റും ഇരുമ്പു പട്ടയില്‍ ആണി വെല്‍ഡ് ചെയ്തുണ്ടാക്കിയ ഫ്രെയിമുകള്‍ കെട്ടിയിട്ടുണ്ട്. വീടിനു ചുറ്റും മതിലുള്ള അപൂര്‍വം ചില വീട്ടുകാര്‍ മതിലിനോടു ചേര്‍ന്ന് വൈദ്യുതി പ്രവഹിക്കുന്ന കമ്പി കെട്ടി ആനക്കൂട്ടത്തിന്റെ ആക്രമണം ചെറുക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതെല്ലാം ധൈര്യത്തിനു വേണ്ടി ചെയ്യുന്നെന്നു മാത്രം. ഇരുപതോളം ആനകളാണ് പാക്കണയിലെ ചെറിയ കാടുകളിലുള്ളത്. ഏതാനും പുലികളും ഇവിടെയുണ്ട്. ഇവയ്ക്കിടയിലാണ് പാക്കണയിലെ ഓരോ ദിവസവും പുലരുന്നത്. ഭരണകൂടം തന്നെ കുടിയൊഴിപ്പിക്കലിന് വന്യമൃഗങ്ങളെ കൊണ്ടിടുമ്പോള്‍ പാക്കണയിലെ ജനങ്ങള്‍ നിലനില്‍പ്പിനു വേണ്ടി പൊരുതാന്‍പോലുമാവാതെ തളരുകയാണ്. റവന്യുരേഖകള്‍ പ്രകാരം പാക്കണയിലെ ജനങ്ങള്‍ തമിഴ്‌നാട്ടിലാണ്. പക്ഷേ, അവരിപ്പോഴും മലയാളികള്‍ തന്നെയാണ്. കേരളത്തെ പ്രതീക്ഷയോടെ നോക്കുന്ന അറുനൂറ് കുടുംബങ്ങളെ നമുക്കു കണ്ടില്ലെന്നു നടിക്കാനാവുമോ?

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 227 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക