|    May 25 Thu, 2017 10:02 pm
FLASH NEWS

വനിത ഗ്രാമപ്പഞ്ചായത്ത് അംഗത്തിനും ഭര്‍ത്താവിനും മര്‍ദ്ദനമേറ്റു

Published : 13th July 2016 | Posted By: SMR

വണ്ടിപ്പെരിയാര്‍: വനിത ഗ്രാമപ്പഞ്ചായത്ത് അംഗത്തെയും ഭര്‍ത്താവിനെയും ഒരു സംഘം ആക്രമിച്ചു.
വണ്ടിപ്പെരിയാര്‍ ഗ്രാമ പ്പഞ്ചായത്തിലെ 20ാം വാര്‍ഡ് പശുമല മെംബര്‍ വനിത ഗണേശന്‍(33), ഭര്‍ത്താവും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ഗണേശന്‍ (38) എന്നിവരെ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ പഞ്ചായത്ത് ഓഫിസില്‍ പോയി ഭര്‍ത്താവുമൊത്ത് തിരികെ വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നു ഗണേശന്‍ പറഞ്ഞു.
പശുമല വാര്‍ഡില്‍ കഴിഞ്ഞ ഗ്രാമസഭയില്‍ മഴ വെള്ള സംഭരണിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്ന ലിസ്റ്റിനെ ചൊല്ലിയുള്ള തര്‍ക്കമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പശുമല ഒന്നാം ഡിവിഷന്‍ സ്വദേശിയെ മെംബറുടെ ഭര്‍ത്താവും കോണ്‍ഗ്രസിന്റെ ഒരു വിഭാഗം ആളുകളും ചേര്‍ന്ന് ഫോണില്‍ ചീത്ത വിളിച്ച് ആക്ഷേപിച്ചതായി പോലിസില്‍ പരാതിയെത്തിയിരുന്നു.
ഈ കേസില്‍ ഇരു കൂട്ടരുടെയും പോലിസില്‍ പരാതി നില നില്‍ക്കെയാണ് മെംബര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച്ച വീട്ടിലേക്ക് പോവുന്നതിനു പശുമല കവലയില്‍ ജീപ്പില്‍ ഇരിക്കുമ്പോഴാണ് ഒരു സംഘം ആളുകള്‍ ആയുധങ്ങളുമായി എത്തി ആക്രമിച്ചതെന്നു ഇവര്‍ പറയുന്നു.
ഭര്‍ത്താവ് ഗണേശനെ ആക്രമിക്കുന്നത് തടയുന്നതിനിടയിലാണ് പഞ്ചായത്തംഗത്തിനു പരിക്കേറ്റത്. ഇരുവര്‍ക്കും കൈക്ക് ഒടിവും ശരീരത്തിനു മര്‍ദനവും ഏറ്റിട്ടുണ്ട്. പെരിയാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികില്‍സയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day