|    Nov 19 Sun, 2017 11:16 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വനിതാ സമ്മേളനവുമായി വീണ്ടും സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റി

Published : 2nd August 2017 | Posted By: fsq

 

കെ പി ഒ റഹ്്മത്തുല്ല

മലപ്പുറം: ചരിത്രം തിരുത്തി വനിതാ സമ്മേളനവുമായി വീണ്ടും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. മലപ്പുറം ജില്ലാ കമ്മിറ്റിക്കു കീഴിലുള്ള  വളാഞ്ചേരി മര്‍കസ് 30ാം വാര്‍ഷിക മെഗാ സമ്മേളനത്തിന്റെ ഭാഗമായാണ് ഈ വരുന്ന അഞ്ചിന്  വനിതാ സമ്മേളനം നടത്തുന്നത്. സ്ത്രീകള്‍ പൊതുരംഗത്ത് വരുന്നതിനെ ശക്തമായി എതിര്‍ത്തു വരുന്ന സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. ഏതാനും മാസം മുമ്പ് സംഘടനയുടെ മേല്‍ക്കൈയില്‍ പ്രവര്‍ത്തിക്കുന്ന പെരിന്തല്‍മണ്ണയ്ക്കടുത്ത പൂപ്പലത്തെ നൂരിയ യതീംഖാന കോളജ് വാര്‍ഷികത്തോടനുബന്ധിച്ചും വനിതാ സമ്മേളനം സംഘടിപ്പിച്ചിരുന്നു. പതിറ്റാണ്ടുകളായി സംഘടന തുടര്‍ന്നു പോരുന്ന നിലപാട് തിരുത്തുന്നതിന്റെ ഭാഗമായാണ് സ്ത്രീകള്‍ക്കു വേണ്ടി പ്രത്യേക സമ്മേളനം എന്നാണ് സൂചന. പൊതു സമൂഹത്തില്‍ നിന്നും  ഉയര്‍ന്നു വന്നേക്കാവുന്ന എല്ലാ വിവാദങ്ങളും മുന്‍കൂട്ടി കണ്ട് വളരെ ജാഗ്രതയോടു കൂടിയാണ് പണ്ഡിത സംഘടന സമ്മേളനം നടത്തുന്നത്. ഇപ്പോള്‍ വഫിയ എന്ന പേരില്‍ വളാഞ്ചേരി മര്‍കസ് ആസ്ഥാനമായി നൂറിലേറെ വനിതാ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വളാഞ്ചേരി കേന്ദ്ര സ്ഥാപനത്തില്‍ നിന്നും വഫിയ കോഴ്‌സ് പൂര്‍ത്തിയാക്കിയ 120 പേര്‍ക്കുള്ള സനദ് ദാനവും ഇതോടനുബന്ധിച്ച് നടക്കും. സമസ്ത മുശാവറയുടെ അനുമതിയോടു കൂടിയാണ് വനിതാ സമ്മേളനമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. സമസ്ത അനൗദ്യോഗികമായി പ്രാദേശിക തലങ്ങളില്‍ സ്ത്രീ കൂട്ടായ്മകള്‍ സംഘടിപ്പിച്ചു വരുന്നുണ്ട്. പ്രത്യക്ഷത്തില്‍ സംഘടനാ ബന്ധം തിരിച്ചറിയാത്ത വിധം സോഷ്യല്‍ സര്‍വീസ് മൂവ്‌മെന്റ് എന്ന പേരിലാണ് സ്ത്രീകളെ സംഘടിപ്പിക്കുന്നത്. സമസ്തയുമായി ആഭിമുഖ്യം പുലര്‍ത്തുന്ന സ്്ത്രീകള്‍ക്ക് ക്യാംപുകളും പ്രഭാഷണ പരിശീലനവും നടത്തുന്നു. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളുടെ ഭാര്യ സജ്‌ന ബീവിയാണ് സോഷ്യല്‍ സര്‍വീസ് മൂവ്‌മെന്റിന് നേതൃത്വം നല്‍കുന്നത്. വനിതാ സമ്മേളനത്തിലെ പ്രധാന പ്രഭാഷകര്‍  പാണക്കാട് തങ്ങള്‍ കുടുംബത്തിലെ അംഗങ്ങളാണെന്ന പ്രത്യേകതയുണ്ട്. ഹൈദരലി ശിഹാബ് തങ്ങളുടെ ഭാര്യ ഫാത്തിമ സുഹ്‌റ ബീവിയാണ് സനദ്്ദാനം നിര്‍വഹിക്കുന്നത്. ഉമറലി ശിഹാബ് തങ്ങളുടെ ഭാര്യ മുല്ല ബീവിയാണ് വനിതാ സമ്മേളന അധ്യക്ഷ. സാദിഖലി ശിഹാബ് തങ്ങളുടെ ഭാര്യ സുല്‍ഫത്ത് ബീവി, മുനവ്വറലി ശിഹാബ് തങ്ങളുടെ ഭാര്യ ഹനിയ്യ ബീവി, റഷീദലി തങ്ങളുടെ ഭാര്യ ഹനിയ്യ ഹസീന ബീവി, മുഈനലി ശിഹാബ് തങ്ങളുടെ ഭാര്യ ഷഹര്‍ബാന്‍ എന്നിവരെല്ലാം പങ്കെടുക്കുന്നുണ്ട്. എംഎസ്എഫ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്്‌ലിയയും പ്രഭാഷകരിലുള്‍പ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക