|    Dec 10 Mon, 2018 12:43 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വനിതാ സംവരണം: മുഖ്യമന്ത്രിമാര്‍ക്ക് പട്‌നായിക്കിന്റെ കത്ത്

Published : 7th December 2018 | Posted By: kasim kzm

ഭുവനേശ്വര്‍: നിയമസഭകളിലും പാര്‍ലമെന്റിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പുവരുത്തുന്നതിന് സഹകരണമാവശ്യപ്പെട്ട് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെ—യും മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു. നേരത്തെ വനിതാ സംവരണ ബില്ല് പാസാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പട്‌നായിക് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രിമാര്‍ പിന്തുണയ്ക്കുകയാണെങ്കില്‍ സമൂഹത്തില്‍ വനിതകള്‍ക്ക് ശരിയായ സ്ഥാനം ലഭിക്കുമെന്നും ഇതിലൂടെ സ്ത്രീശാക്തീകരണം യാഥാര്‍ഥ്യമാവുെമന്നും മുഖ്യമന്ത്രിമാര്‍ക്ക് അയച്ച കത്തില്‍ പട്‌നായിക്ക് വ്യക്തമാക്കി. സമൂഹവും രാജ്യവും കെട്ടിപ്പടുക്കുന്നതില്‍ സ്ത്രീകള്‍ക്ക് പ്രധാന പങ്കുണ്ട്. സ്ത്രീ ശാക്തീകരണം രാജ്യത്തിന്റെ ശാക്തീകരണമാണ്. സ്ത്രീകളെ ശാക്തീകരിക്കാതെ ഒരു വീടോ, സമൂഹമോ, സംസ്ഥാനമോ, രാജ്യമോ മുന്നോട്ടുപോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വനിതാ സംവരണ ബില്ല് പാസാക്കുന്നതിനായി കോണ്‍ഗ്രസ്സും ബിജെപിയും ഉള്‍പ്പെടെ 22 പാര്‍ട്ടികളുമായി ഒഡീഷയിലെ ഭരണകക്ഷിയായ ബിജു ജനതാദള്‍ (ബിജെഡി) ചര്‍ച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഏഴു ദേശീയ പാര്‍ട്ടികളുമായും 15 പ്രാദേശിക പാര്‍ട്ടികളുമായും ചര്‍ച്ച നടത്തുമെന്ന് ബിജെഡി നേതാക്കള്‍ അറിയിച്ചു. 2010ല്‍ രാജ്യസഭയില്‍ വനിതാ സംവരണ ബില്ല് പാസാക്കിയിരുന്നു. എന്നാല്‍ ലോക്‌സഭയില്‍ പാസാക്കിയിട്ടില്ല. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്ലിനെ സംബന്ധിച്ച് ഒരു നിര്‍ദേശം സമര്‍പ്പിക്കാന്‍ ബിജെഡി തീരുമാനിച്ചു. ഈ മാസം രണ്ടാംവാരത്തിലാണ് സമ്മേളനം ആരംഭിക്കുന്നത്. വനിതാ സംവരണവുമായി ബന്ധപ്പെട്ട് ഞായറാഴ്ച മുഖ്യമന്ത്രി ബിജെഡി എംപിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാന നിയമസഭകളിലും പാര്‍ലമെന്റിലും സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണം ആവശ്യപ്പെടുന്ന പ്രമേയം നവംബര്‍ 20ന് ഒഡീഷ നിയമസഭ പാസാക്കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss