|    Oct 22 Mon, 2018 4:24 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വനിതാ സംവരണം : പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷ പ്രധാനമന്ത്രിക്ക് കത്തയച്ചു

Published : 22nd September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ല് പാര്‍ലമെന്റില്‍ പാസാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കു പിന്തുണയുമായി കോണ്‍ഗ്രസ്. വനിതാ സംവരണബില്ലിലെ തടസ്സങ്ങള്‍ നീക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണനല്‍കുമെന്ന് വ്യക്തമാക്കിക്കൊണ്ട് പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തുനല്‍കി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടു നടന്ന എല്ലാ നീക്കങ്ങള്‍ക്കും കോണ്‍ഗ്രസ് എന്നും പിന്തുണ നല്‍കിയിട്ടുണ്ടെന്നും തുടര്‍ന്നും പിന്തുണയ്ക്കുമെന്നും സോണിയ കത്തില്‍ വ്യക്തമാക്കുന്നു. 2010 മാര്‍ച്ച് ഒമ്പതിന് രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് വനിതാ സംവരണബില്ല് രാജ്യസഭ പാസാക്കിയിരുന്നുവെന്നും സോണിയഗാന്ധി തന്റെ കത്തില്‍ സൂചിപ്പിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോക്‌സഭയില്‍ സര്‍ക്കാരിനു ഭൂരിപക്ഷമുള്ളതിനാല്‍ ഇത് പ്രയോജനപ്പെടുത്തി ബില്ല് പാസാക്കണമെന്ന് സോണിയ അഭ്യര്‍ഥിച്ചു. ഭരണഘടനാ ഭേദഗതിയിലൂടെ രാജീവ് ഗാന്ധി വനിതകള്‍ക്ക് പഞ്ചായത്തുകളിലും മുനിസിപ്പല്‍ കോര്‍പറേഷനുകളിലും അവസരം നല്‍കിയതിനെക്കുറിച്ചും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. 1989ല്‍ പ്രതിപക്ഷം ഇതിനെ തടയാന്‍ ശ്രമിച്ചെങ്കിലും 1993ല്‍ പ്രതിസന്ധികള്‍ അതിജീവിച്ച് കോണ്‍ഗ്രസ് ബില്ല് പാസാക്കിയെന്നും സോണിയ കത്തില്‍ പറയുന്നുണ്ട്. പാര്‍ലമെന്റുള്‍പ്പെടെയുള്ള നിയമനിര്‍മാണ സഭകളില്‍ സ്ത്രീകള്‍ക്കായി മൂന്നിലൊന്ന് സീറ്റുകള്‍ സംവരണം ചെയ്യുന്ന ബില്ലാണ് വനിതാ സംവരണ ബില്ല്. 2010ല്‍ രാജ്യസഭയില്‍ ബില്ല് പാസാക്കാന്‍ സാധിച്ചത് സോണിയഗാന്ധിയുടെ വിജയമാണെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടിരുന്നു. യുപിഎ സഖ്യകക്ഷികളായ സമാജ്‌വാദി പാര്‍ട്ടി, ആര്‍ജെഡി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പ് കാരണം ലോക്‌സഭയില്‍ ബില്ല് പാസാക്കിയെടുക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ബില്ല് നിയമമാവാതിരുന്നത്. ബില്ല് പാസാക്കുന്നതില്‍ കോണ്‍ഗ്രസ്സിലെ ഒരുവിഭാഗത്തിനും എതിര്‍പ്പുണ്ടായിരുന്നു. രാജ്യസഭയില്‍ പാസായ ബില്ല് ഇനി ലോക്‌സഭയും പാസാക്കിയാല്‍ നിയമമാവും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss