|    Nov 20 Tue, 2018 9:57 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വനിതാ മാധ്യമപ്രവര്‍ത്തകരെ അയക്കരുതെന്ന് ഹിന്ദു സംഘടനകള്‍

Published : 5th November 2018 | Posted By: kasim kzm

പത്തനംതിട്ട: ഇന്ന് ശബരിമല നട തുറക്കുന്ന സാഹചര്യത്തില്‍ വനിതാ മാധ്യമ പ്രവര്‍ത്തകരെ ഇവിടേക്ക് അയക്കരുതെന്ന നിര്‍ദേശവുമായി ഹിന്ദു സംഘടനകള്‍.
ശബരിമല കര്‍മസമിതിയാണ് ഈ നിര്‍ദേശം മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു. വിശ്വഹിന്ദു പരിഷത്ത് ഉള്‍പ്പെടെയുള്ള സംഘപരിവാര സംഘടനകളുടെ കൂട്ടായ്മയാണ് ശബരിമല കര്‍മസമിതി. സ്ത്രീ പ്രവേശനത്തിന് അനുമതി നല്‍കിയ സുപ്രിംകോടതി വിധിക്കു ശേഷം കഴിഞ്ഞതവണ തുലാമാസ പൂജയ്ക്കായി അഞ്ചുദിവസം നട തുറന്നപ്പോള്‍ ശബരിമലയില്‍ എത്തിയ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റമുണ്ടായിരുന്നു.
ദേശീയ മാധ്യമങ്ങളിലേതടക്കം വനിതാ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച് വാഹനങ്ങളും തകര്‍ത്തു. ചില വനിതാ മാധ്യമ പ്രവര്‍ത്തകര്‍ സന്നിധാനത്തേക്ക് കടക്കാന്‍ ശ്രമിച്ചതും സംഘര്‍ഷത്തിനു കാരണമായി. ഇവരില്‍ പലരും ഇപ്പോഴും പരിക്കില്‍ നിന്നു മോചിതരായിട്ടില്ല. റിപോര്‍ട്ടിങിനായി വനിതാ മാധ്യമപ്രവര്‍ത്തകര്‍ ശബരിമലയില്‍ എത്തുന്നത് സ്ഥിതിഗതികള്‍ വഷളാക്കുമെന്ന് മാധ്യമ സ്ഥാപനങ്ങളിലെ എഡിറ്റര്‍മാര്‍ക്ക് എഴുതിയ കത്തില്‍ ശബരിമല കര്‍മസമിതി വ്യക്തമാക്കുന്നു.
വിശ്വാസികളുടെ നിലപാടിനെ അനുകൂലിക്കാനും പ്രതികൂലിക്കാനുമുള്ള സ്വാതന്ത്ര്യം മാധ്യമങ്ങള്‍ക്ക് ഉണ്ടെന്നും എന്നാല്‍, പ്രകോപനപരമായ നിലപാടുകള്‍ കൈക്കൊള്ളില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും കത്തിലുണ്ട്. യുവതികള്‍ക്ക് പ്രവേശനം നല്‍കുന്ന കോടതി വിധി ഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ വിശ്വാസത്തിന് എതിരാണെന്നും ലോകത്തിന്റെ പലഭാഗത്ത് നിന്നുമുള്ള അയ്യപ്പഭക്തര്‍ സമരത്തിന്റെ പാതയിലാണെന്നും കര്‍മസമിതി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

 

 

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss