|    Jan 18 Wed, 2017 7:27 pm
FLASH NEWS

വനിതാ ഫ്‌ളോട്ടില്ല ഇസ്രായേല്‍ പിടിച്ചെടുത്തു

Published : 7th October 2016 | Posted By: SMR

ഗസാ സിറ്റി: ഗസാ മുനമ്പിന് മേല്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ പ്രതിഷേധിച്ചും ഫലസ്തീനികള്‍ക്കു പിന്തുണ പ്രഖ്യാപിച്ചും ഗസയിലേക്ക് പുറപ്പെട്ട വനിതകളുടെ ഫ്‌ളോട്ടില്ല ഇസ്രായേല്‍ നാവികസേന പിടിച്ചെടുത്തു.
സെയ്തൂന-ഒലിവ എന്ന കപ്പലാണ് ഇസ്രായേല്‍ തുറമുഖമായ അഷ്‌ഡോഡിനടുത്തു വച്ച് പിടിച്ചെടുത്തത്. ഇസ്രായേല്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. കപ്പല്‍ ഇസ്രായേല്‍ നാവികസേന പിടിച്ചെടുത്തതായി നാലാമത് ഫ്രീഡം ഫ്‌ളോട്ടില്ല അന്താരാഷ്ട്ര സഖ്യത്തിന്റെ വക്താവ് സോന്‍ഡോസ് ഫെര്‍വാന അനദൊലു വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. ഇസ്രായേല്‍ നാവികസേനയും വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. യാത്രക്കാരെ അപകടത്തില്‍പ്പെടുത്താതെ കപ്പല്‍ പിടിച്ചെടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു. സഞ്ചാരദിശ മാറ്റാനുള്ള നിര്‍ദേശം കപ്പല്‍ ലംഘിച്ചെന്നും ഗസാ മുനമ്പിലെ സമുദ്രാതിര്‍ത്തി ലംഘിച്ചതിനാലാണ് കപ്പല്‍ പിടിച്ചെടുത്തതെന്നും സൈന്യം കൂട്ടിച്ചേര്‍ത്തു.
ഇസ്രായേല്‍ അധിനിവേശത്തിന്റെ മറ്റൊരു തെളിവാണിതെന്ന് ഫെര്‍വാന ആരോപിച്ചു. 15 രാജ്യങ്ങളില്‍നിന്നുള്ള വനിതകളുമായാണ് സെയ്തൂന-ഒലിവ, അമല്‍ രണ്ട് എന്നീ കപ്പലുകള്‍ സ്‌പെയ്‌നിലെ ബാഴ്‌സിലോനയില്‍ നിന്നു പുറപ്പെട്ടത്.
നൊബേല്‍ പുരസ്‌കാരജേതാവായ അയര്‍ലന്‍ഡ് വനിത മെയ്‌റീഡ് മഗ്വിര്‍, സ്വീഡിഷ്, അല്‍ജീരിയന്‍, ന്യൂസിലന്‍ഡ് എംപിമാര്‍, ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഒളിംപിക് അത്‌ലറ്റ് ലെയ്-ആന്‍ നെയ്‌ഡോ എന്നിവരും കപ്പലിലുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക