|    Jun 21 Thu, 2018 7:59 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വനിതാ പരാതിക്കാരെ എംഎല്‍എമാര്‍ തനിച്ച് കാണരുതെന്ന് ആംആദ്മി

Published : 11th July 2016 | Posted By: SMR

AAP

ന്യൂഡല്‍ഹി: പരാതികളുമായി തനിച്ച് വരുന്ന സ്ത്രീകള്‍ക്ക് കൂടിക്കാഴ്ചയനുവദിക്കരുതെന്ന് ഡല്‍ഹിയിലെ ആംആദ്മി എംഎല്‍മാര്‍ക്ക് പാര്‍ട്ടിയുടെ നിര്‍ദേശം. ഒരു മാസത്തിനിടെ രണ്ട് എംഎല്‍എമാര്‍ക്കെതിരേ സ്ത്രീകളുമായി ബന്ധപ്പെട്ട പരാതി ഉയര്‍ന്നിരുന്നു. നേതാക്കള്‍ക്കെതിരേ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ സാധ്യമായ നീക്കങ്ങളെല്ലാം നടത്തുന്നുവെന്ന ധാരണ പാര്‍ട്ടിക്കകത്ത് ശക്തമായതോടെയാണ് സ്ത്രീകളുമായുള്ള ഇടപാടുകളില്‍ സൂക്ഷ്മത പുലര്‍ത്താന്‍ എംഎല്‍എമാര്‍ക്ക് നിര്‍ദേശം നല്‍കിയത്.
സ്ത്രീയോട് മോശമായി പെരുമാറിയെന്നാരോപിച്ച് ദിയോളിയില്‍ നിന്നുള്ള പാര്‍ട്ടി എംഎല്‍എ പ്രകാശ് ജര്‍വലിനെതിരേ പോലിസ് കേസെടുത്തിരുന്നു. കഴിഞ്ഞമാസം സംഘം വിഹാറില്‍ നിന്നുള്ള എംഎല്‍എ ദിനേശ് മൊഹാനിയയേയും സമാന രീതിയില്‍ കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ, മറ്റ് കേസുകളിലും ആംആദ്മിയുടെ എംഎല്‍എമാര്‍ക്ക് പോലിസ് നടപടി നേരിടേണ്ടി വന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ തങ്ങള്‍ക്കെതിരേ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഇതില്‍ പല കേസുകളുമെന്നാണ് പാര്‍ട്ടി വാദം. കഴിഞ്ഞവര്‍ഷം കെജ്‌രിവാള്‍ രണ്ടാമത് മുഖ്യമന്ത്രിയായ ശേഷം അറസ്റ്റിലാവുന്ന എട്ടാമത്തെ പാര്‍ട്ടി എംഎല്‍എയാണ് മൊഹാനിയ.
ഗതാഗതം, ജലവിഭവം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട ചില കേസുകളില്‍ മന്ത്രിമാരായ ഗപാല്‍ റോയ്, കപില്‍ മിശ്ര എന്നിവര്‍ നിലവില്‍ അഴിമതിവിരുദ്ധ ബ്രാഞ്ചിന്റെ അന്വേഷണം നേരിടുന്നുണ്ട്. കൂടാതെ മറ്റു ചില എംഎല്‍എമാര്‍ക്കെതിരായ വ്യത്യസ്ത കേസുകളിലും വിചാരണ നടന്നു കൊണ്ടിരിക്കുകയാണ്. ഈ കേസുകള്‍ എല്ലാം തന്നെ തെളിവുകളുടെ പിന്തുണയില്ലാത്ത അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ മാത്രമാണെന്നാണ് പാര്‍ട്ടിയുടെ നിലപാട്.
കേസുകള്‍ കോടതിയില്‍ നടത്തുന്നതിന് പുറമെ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ തങ്ങളുടെ വോളന്റിയര്‍മാരിലൂടെ വ്യത്യസ്ത മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പാര്‍ട്ടിയുടെ ഡല്‍ഹി യൂനിറ്റ് കണ്‍വീനര്‍ ദിലീപ് പാണ്ഡെ പറഞ്ഞു.
തങ്ങള്‍ ജാഗ്രത പുലര്‍ത്തിയിട്ട് പോലും എംല്‍എമാരെ കള്ളക്കേസില്‍ കുടുക്കുകയാണെന്ന ഡല്‍ഹി സെക്രട്ടറിയും എംഎല്‍എയുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു. ജനപ്രതിനിധികള്‍ എന്ന നിലയില്‍ നൂറു കണക്കിനാളുകള്‍ ദിവസവും തങ്ങളെ കാണാന്‍ വരും. ജാഗ്രത പുലര്‍ത്തണമെന്ന് പാര്‍ട്ടി എംഎല്‍എമാരോട് പറഞ്ഞിട്ടുണ്ട്. സാധാരണ സമയങ്ങളിലല്ലാതെ തനിച്ച് വരുന്ന സ്ത്രീകളെയും ചെറിയ സംഘം സ്ത്രീകളെയും കാണില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, ഇക്കഴിഞ്ഞ രണ്ട് സംഭവങ്ങളും നോക്കിയാല്‍ അതില്‍ ഒരു പൊതു രീതിയുണ്ടെന്ന് കാണാനാവും.
പരാതിക്കാരുടെ സംഭവത്തെക്കുറിച്ചുള്ള വിശദീകരണവും ക്രമേണ മാറി. മോശമായി പെരുമാറിയെന്നത് പിന്നീട് ലൈംഗിക അതിക്രമമായി മാറി, ഭരദ്വാജ് പറഞ്ഞു. ഞങ്ങള്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. എന്നാല്‍, അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിക്കുമ്പോള്‍ ഞങ്ങള്‍ക്കെന്ത് ചെയ്യാനാവും? സ്ത്രീ സുരക്ഷയ്ക്ക് കൂട്ടിച്ചേര്‍ത്ത നിയമങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണ് – ആംആദ്മി നേതാവ് കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss