|    Jan 16 Mon, 2017 6:43 pm

വനിതാ ഡോക്ടര്‍ ഉള്‍പ്പെടെ 11ഓളം ജീവനക്കാരെ മുറികളില്‍ അടച്ചിട്ട് ഡിവൈഎഫ്‌ഐ സമരം

Published : 2nd October 2016 | Posted By: SMR

മാനന്തവാടി: വനിതാ ഡോക്ടര്‍ ഉള്‍പ്പെടെ 11ഓളം ജീവനക്കാരെ മൂന്നു മുറികളില്‍ അടച്ചിട്ട് ആരോഗ്യവകുപ്പിനെതിരേ ഡിവൈഎഫ്‌ഐ സമരം.
സംഭവത്തെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡോക്ടര്‍ പ്രിന്‍സി (28) ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പൊരുന്നന്നൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഒപി ടിക്കറ്റ് വര്‍ധന പിന്‍വലിക്കണമെന്നും കിടത്തിച്ചികില്‍സ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മുന്നറിയിപ്പില്ലാതെ ഇന്നലെ ഉച്ചയോടെ സമരം ആരംഭിച്ചത്. സമരം തുടങ്ങുമ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെയാണ് മുറികളില്‍ അടച്ചിട്ടത്. പിന്നീട് വൈകീട്ട് അഞ്ചോടെയാണ് സമരക്കാര്‍ക്കെതിരേ കേസെടുക്കില്ലെന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ വച്ച് ജീവനക്കാരെ പുറത്തിറക്കിയത്.
പോലിസുകാരുടെ സാന്നിധ്യത്തിലായിരുന്നു സ്ത്രീകളുള്‍പ്പെടെയുള്ള ജീവനക്കാരെ പ്രാഥമികാവശ്യങ്ങള്‍ക്കു പോലും പുറത്തുപോവാന്‍  അനുവദിക്കാതെ സമരം നടത്തിയത്. ആരോഗ്യകേന്ദ്രം എച്ച്എംസിയാണ് യോഗം ചേര്‍ന്ന് ഒപി ടിക്കറ്റ് ചാര്‍ജ് രണ്ടില്‍ നിന്ന് അഞ്ചു രൂപയാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചത്. 15 ദിവസം മുമ്പു തന്നെ, ഒക്ടോബര്‍ ഒന്നുമുതല്‍ വര്‍ധന നടപ്പാക്കുമെന്ന കാര്യം നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ആരോഗ്യകേന്ദ്രത്തില്‍ കഴിഞ്ഞ കുറേ മാസങ്ങളായി കിടത്തിച്ചികില്‍സ മുടങ്ങിയിരിക്കുകയുമായിരുന്നു.
ഈ രണ്ട് ആവശ്യങ്ങളുന്നയിച്ച് ജോലി ചെയ്യുന്ന ഡോക്ടറെയും ജീവനക്കാരെയും പൂട്ടിയിട്ട് സമരം ചെയ്തവര്‍ക്കെതിരേ കേസെടുക്കില്ലെന്ന് ഉറപ്പുനല്‍കിയതിനെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഒപി ടിക്കറ്റ് ചാര്‍ജ് വര്‍ധന പിന്‍വലിക്കുന്നതു സംബന്ധിച്ച് അടിയന്തര എച്ച്എംസി യോഗം തിങ്കളാഴ്ച ചേരാമെന്ന ഉറപ്പായിരുന്നു സമരക്കാര്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികള്‍ നല്‍കിയത്. എന്നാല്‍, ആരോഗ്യ വകുപ്പധികൃതര്‍ സ്ഥലത്തെത്തി രേഖാമൂലം ഉറപ്പു നല്‍കണമെന്നാവശ്യപ്പെട്ടാണ് ഉപരോധം വൈകീട്ടു വരെ നീണ്ടത്. ഇതനുസരിച്ച് സ്ഥലത്തെത്തിയ ഡെപ്യൂട്ടി ഡിഎംഒ സന്തോഷ്, സീനിയര്‍ സൂപ്രണ്ട് വിജയന്‍, സജയകുമാര്‍, ടി കെ അബ്ദുല്‍ ഗഫൂര്‍ എന്നിവരാണ് ഡിവൈഎഫ്‌ഐ നേതാക്കളായ കെ പി ഷിജു, കെ റഫീഖ്, മുഹമ്മദലി, രഞ്ജിത് മാനിയില്‍, ആഷിഖ് തുടങ്ങിവരുമായി ചര്‍ച്ച നടത്തിയത്. നവംബര്‍ ഒന്നു മുതല്‍ പൂര്‍ണ രീതിയില്‍ കിടത്തിച്ചികില്‍സ ആരംഭിക്കുമെന്നും ഒപി ടിക്കറ്റ് ചാര്‍ജ് കുറയ്ക്കാന്‍ എച്ച്എംസിയോട് ആവശ്യപ്പെടുമെന്നും ബന്ധപ്പെട്ടവര്‍ രേഖാമൂലം ഉറപ്പു നല്‍കി.
സംഭവവുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരേ നടപടിയെടുത്തില്ലെങ്കില്‍ ഇന്നു മുതല്‍ പൊരുന്നന്നൂര്‍ സിഎച്ച്‌സിയിലെ ഒപി ബഹിഷ്‌കരിക്കുമെന്നും നാളെ സമരം ശക്തിപ്പെടുത്തുമെന്നും കെജിഎംഒ ഭാരവാഹികള്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക