|    Sep 26 Wed, 2018 4:52 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വനിതാ ജയിലിലെ ആത്മഹത്യ; അധികൃതര്‍ക്കു വീഴ്ചയെന്ന് റിപോര്‍ട്ട്

Published : 28th August 2018 | Posted By: kasim kzm

കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസ് പ്രതി പടന്നക്കര വണ്ണത്താന്‍കണ്ടി സൗമ്യ കണ്ണൂര്‍ വനിതാ ജയിലില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ജയില്‍ അധികൃതര്‍ക്കു വീഴ്ച സംഭവിച്ചതായി റിപോര്‍ട്ട്. ജയില്‍ ഡിഐജിയുടെ നിര്‍ദേശപ്രകാരം റീജ്യനല്‍ വെല്‍ഫെയര്‍ ഓഫിസര്‍ കെ വി മുകേഷ് തയ്യാറാക്കിയ റിപോര്‍ട്ടിലാണ് അധികൃതരുടെ വീഴ്ച അക്കമിട്ടുനിരത്തുന്നത്. അന്തിമ റിപോര്‍ട്ട് തയ്യാറാക്കാനായി അന്വേഷണ ചുമതലയുള്ള ഉത്തര മേഖലാ ജയില്‍ ഡിഐജി എസ് സന്തോഷ് ഇന്ന് കണ്ണൂര്‍ വനിതാ ജയില്‍ സന്ദര്‍ശിക്കും. വനിതാ ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കു ഗുരുതര വീഴ്ച സംഭവിച്ചെന്നാണു കണ്ടെത്തല്‍.
റിമാന്‍ഡ് തടവുകാര്‍ക്കു ജയിലില്‍ ജോലികള്‍ നല്‍കാറില്ലെങ്കിലും സൗമ്യയുടെ നിരന്തരമായ അഭ്യര്‍ഥന മാനിച്ചാണു സൂപ്രണ്ട് ജോലി നല്‍കിയതെന്നാണു വിവരം. ആദ്യം കുടനിര്‍മാണമായിരുന്നു നല്‍കിയിരുന്നത്. പിന്നീടാണ് ഡയറി ഫാമില്‍ പശുവിനെ നോക്കുന്ന ജോലി നല്‍കിയത്. 20 തടവുകാര്‍ മാത്രമുള്ള ജയിലില്‍ ആകെ 23 ജീവനക്കാരാണുണ്ടായിരുന്നത്. ഇതില്‍ സംഭവദിവസം വെറും നാലുപേരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നതെന്നാണു കണ്ടെത്തല്‍. മാത്രമല്ല, തിരുവോണത്തലേന്നായതിനാല്‍ ജയില്‍ സൂപ്രണ്ടും അസി. സൂപ്രണ്ടും അവധിയായിരുന്നു. ഒരേ ദിവസം തന്നെ ഇരുവരും അവധിയെടുക്കുന്നത് ചട്ടവിരുദ്ധമാണ്.
സാധാരണയായി ചുരിദാര്‍ ധരിക്കുന്ന സൗമ്യക്ക് എവിടെ നിന്നാണ് സാരി കിട്ടിയത് എന്നതും അന്വേഷിക്കുന്നുണ്ട്. സഹതടവുകാരിയുടെ സാരിയാണ് ഉപയോഗിച്ചതെന്നാണു നിഗമനം.
മാനസികമായി തളര്‍ന്നിരുന്ന സൗമ്യയെ ജോലിക്കു വിടുമ്പോള്‍ ഉദ്യോഗസ്ഥര്‍ തീരെ ശ്രദ്ധിച്ചിരുന്നില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിഐജി എസ് സന്തോഷ് നേരിട്ടെത്തി അന്വേഷണം നടത്തി ഇന്ന് ഡിജിപിക്ക് അന്തിമ റിപോര്‍ട്ട് നല്‍കുമെന്നാണു സൂചന. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടിക്കും ശുപാര്‍ശ ചെയ്‌തേക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss