|    Nov 16 Fri, 2018 1:02 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വനിതാ ജയിലിലെ ആത്മഹത്യഗുരുതര വീഴ്ചയെന്ന് ജയില്‍ ഡിഐജിയുടെ റിപോര്‍ട്ട്

Published : 31st August 2018 | Posted By: kasim kzm

കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയെ കണ്ണൂര്‍ വനിതാ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ജയില്‍ജീവനക്കാരുടെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ചയുണ്ടായതായി ജയില്‍ ഡിഐജി എസ് സന്തോഷ് കുമാറിന്റെ റിപോര്‍ട്ട്. സംഭവത്തില്‍ വനിതാ ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെ ആറു പേരുടെ വീഴ്ച ചൂണ്ടിക്കാട്ടിയുള്ള റിപോര്‍ട്ട് ഇന്നു ജയില്‍ ഡിജിപിക്ക് കൈമാറും.
സൗമ്യ ആത്മഹത്യ ചെയ്ത ദിവസം ജയിലില്‍ സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ടും അവധിയിലായിരുന്നു. ഒരേ സമയം ഇരുവരും അവധിയെടുത്തതു ചട്ടലംഘനമാണെന്നു റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അന്നേ ദിവസം ജോലിയിലുണ്ടായിരുന്നതു നാല് അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍മാരാണ്. ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് സൂപ്രണ്ട് ജോലിക്കെത്തിയതാവട്ടെ രാവിലെ 11നാണ്. സൗമ്യയെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് രാവിലെ 9.30ഓടെയാണ്. സംഭവം കണ്ടപ്പോള്‍ ഉത്തരവാദപ്പെട്ടവര്‍ ആരും ജോലിയിലുണ്ടായിരുന്നില്ല. 20 തടവുകാരും 23 ജീവനക്കാരുമുള്ള ജയിലില്‍ സംഭവം നടക്കുമ്പോള്‍ നാലുപേര്‍ മാത്രമാണു ജോലിക്കെത്തിയത്. രണ്ടു തടവുകാരെ മറ്റൊരാവശ്യത്തിനായി കൊണ്ടുപോയപ്പോഴാണു സൗമ്യ ആത്മഹത്യ ചെയ്തത്. സൗമ്യ മരിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞാണു ജയില്‍ ജീവനക്കാര്‍ സംഭവം അറിഞ്ഞതെന്നും കഴിഞ്ഞദിവസം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
കഴിഞ്ഞ 24നു രാവിലെ 9.30ഓടെയാണു സൗമ്യയെ വനിതാ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പിതാവ്, മാതാവ്, മകള്‍ എന്നിവരെ എലിവിഷം നല്‍കി കൊലപ്പെടുത്തിയെന്ന കേസില്‍ വിചാരണത്തടവുകാരിയാണു സൗമ്യ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss