|    Jan 16 Tue, 2018 9:21 pm
FLASH NEWS

വനിതാ കൗണ്‍സിലര്‍മാരെ അക്രമിച്ച സംഭവം: കൗണ്‍സില്‍ യോഗത്തില്‍ ബഹളം

Published : 20th October 2016 | Posted By: SMR

തിരുവനന്തപുരം: ബിജെപി വനിത കൗണ്‍സിലര്‍മാരെ ആക്രമിച്ച സംഭവത്തില്‍ നഗരസഭാ കൗണ്‍സിലില്‍ യോഗത്തില്‍ അവതരിപ്പിച്ച അടിയന്തിര പ്രമേയം വാക്കേറ്റത്തിനും ബഹളത്തിനും ഇടയാക്കി. വിഷയത്തില്‍ നഗരസഭ ഇടപെടണമെന്നാവശ്യപ്പെടുന്ന പ്രമേയം വോട്ടിനിട്ട് ഭൂരിപക്ഷം കുറഞ്ഞതിനെ തുടര്‍ന്ന് തള്ളി. ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്ന് യുഡിഎഫ് അംഗങ്ങള്‍ വാക്കാല്‍ ആവശ്യപ്പെട്ടെങ്കിലും  ഇത് വോട്ടിനിട്ടപ്പോള്‍ തള്ളി. ഡിപിസി വിഷയത്തില്‍ ബിജെപിയെ കൂട്ടു പിടിച്ചതിന് കെപിസിസി ഇടപെട്ടടിനെ തുടര്‍ന്നാണ് പ്രത്യക്ഷമായി ബിജെപിയെ അനുകൂലിക്കാന്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ മടിച്ചത്. കൗണ്‍സില്‍ ആരംഭിച്ച് ഒരു മണിക്കൂറോളം പിന്നിട്ടപ്പോഴാണ് വനിതാ അംഗങ്ങളെ മര്‍ദിച്ചത് സംബന്ധിച്ച പ്രമേയം ചര്‍ച്ചക്കെടുക്കണമെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. ഗിരികുമാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഔദ്യോഗിക കാര്യങ്ങള്‍ക്കൊടുവില്‍ അടിയന്തര പ്രമേയങ്ങള്‍ ചര്‍ച്ചക്കെടുക്കുമ്പോള്‍ പരിഗണിക്കാം എന്നായിരുന്നു മേയറുടെ മറുപടി. തുടര്‍ന്ന് ബിജെപി അംഗങ്ങള്‍ ബഹളം വെക്കുകയും സീറ്റില്‍ നിന്ന് എഴുന്നേറ്റ് കൂട്ടം കൂടി നിന്ന് പ്രതിഷേധിക്കുകയും ചെയ്തു. ഔദ്യോഗിക കാര്യങ്ങളുമായി യോഗം മുന്നോട്ടുപോയെങ്കിലും ബിജെപി അംഗങ്ങള്‍ ഇത് ശ്രദ്ധിക്കാതെ തങ്ങളുടെ ആവശ്യം ഉന്നയിച്ചുകൊണ്ടിരുന്നു. എല്ലാവരും അവരവരുടെ ഇരിപ്പിടങ്ങളില്‍ ഇരിക്കണമെന്ന് മേയര്‍ ആവശ്യപ്പെട്ടിട്ടും ആരും അതിന് തയ്യാറായില്ല. തുടര്‍ന്ന് പ്രമേയം ചര്‍ച്ചക്കെടുക്കാന്‍ മേയര്‍ തയ്യാറായി. ശ്രീവരാഹം കൗണ്‍സിലര്‍ ആര്‍ മിനിക്കും മണക്കാട് കൗണ്‍സിലറും നികുതി-അപ്പീല്‍കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സനുമായ സിമി ജ്യോതിഷിനും കഴിഞ്ഞ 13ന് ശ്രീവരാഹത്ത് നടന്ന സിപിഎം- ബിജെപി സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. ഹര്‍ത്താലിനോടനുബന്ധിച്ച് നടന്ന സംഘര്‍ഷത്തിലാണ് ഇരുവര്‍ക്കും പരിക്കേറ്റത്. സിമി ജ്യോതിഷിന്റെ ഇടത് കൈ ഒടിഞ്ഞ് രണ്ട് ദിവസം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇരുവര്‍ക്കുമെതിരെ പോലിസ് കള്ളക്കേസെടുത്തിട്ടുണ്ടെന്നും ഇത് നഗരസഭ ഇടപെട്ട് പിന്‍വലിക്കണമെന്നുമാണ് പ്രമേയത്തില്‍ ആവശ്യപ്പെട്ടത്. കൗണ്‍സിലില്‍ ഉള്‍പ്പെട്ട രണ്ട് വനിതാ അംഗങ്ങള്‍ക്ക് പരിക്കേറ്റിട്ടും മേയര്‍ ഇതുവരെ ഇതേക്കുറിച്ച് അന്വേഷിക്കുകയോ അവരെ ഫോണിലെങ്കിലും വിളിച്ച് വിവരങ്ങള്‍ ആരായുകയോ ചെയ്യാതിരുന്നതില്‍ അവര്‍ അമര്‍ഷവും രേഖപ്പെടുത്തി. വിഷയത്തില്‍ നടന്ന ചര്‍ച്ച പിന്നീട് രാഷ്ട്രീയപരമായ തര്‍ക്കങ്ങളിലേക്കും ആരോപണങ്ങളിലേക്കും വഴിമാറി. കണ്ണൂര്‍ മോഡല്‍ അക്രമ രാഷ്ട്രീയം തലസ്ഥാനത്തും നടപ്പാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് അഡ്വ. ഗിരി കുമാര്‍ ആരോപിച്ചു. അക്രമികളെ സംരക്ഷിക്കുന്ന സര്‍ക്കാറിനെതിരെയാണ് ഈ പ്രമേയമെന്നും ഗിരി പറഞ്ഞു. എന്നാല്‍ അഞ്ച് സിപിഎം പ്രവര്‍ത്തകരെ വകവരുത്തിയ കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കള്‍ ഭീഷണിപ്പെടുത്തിയാല്‍ പേടിക്കുന്നവരല്ല തലസ്ഥാനത്തുള്ളവരെന്നായിരുന്നു ഇതിന് എല്‍ഡിഎഫ് കൗണ്‍സിലര്‍ കെ ശ്രീകുമാര്‍ നല്‍കിയ മറുപടി. ഇടതുപക്ഷ കേന്ദ്രങ്ങളില്‍ ബിജെപി നടത്തുന്ന മിന്നലാക്രമണം തിരുവനന്തപുരത്ത് വിലപ്പോകില്ല. സര്‍വക്ഷി യോഗത്തില്‍ ഉന്നയിക്കാതെ കൗണ്‍സിലില്‍ മാത്രം ഈ വിഷയം ഉന്നയിച്ചാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രമേയം തള്ളണമെന്നും ശ്രീകുമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ബിജെപി – സിപിഎം അക്രമ രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിക്കാനുള്ള ആയുധമായാണ് യുഡിഎഫ് ഈ അവസരത്തെ മുതലാക്കിയത്. വര്‍ഷങ്ങളായി വാളെടുത്ത് ജനങ്ങളെ പേടിപ്പിക്കുകയാണ് ഇരുകൂട്ടരും ഇനിയെങ്കിലും സമാധാന അന്തരീക്ഷം ഉണ്ടാക്കി മുന്നോട്ടുപോകണമെന്ന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡി അനില്‍ കുമാര്‍ പറഞ്ഞു. ബിജെപി ആയാലും സിപിഎം ആയാലും തല്ലുന്നതും തല്ലുകൊള്ളുന്നതും അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് മുസ്‌ലിം ലീഗ് അംഗം ബീമാപ്പള്ളി റഷീദ് പറഞ്ഞു. ഇക്കാര്യത്തില്‍ നീതിപൂര്‍വമായ അന്വേഷണമാണ് വേണ്ടത്. അക്രമ രാഷ്ട്രീയത്തിനെതിരാണെങ്കിലും വനിതാ കൗണ്‍സിലര്‍മാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ അപലപിക്കുന്നതായി ഇക്കാര്യത്തില്‍ നഗരസഭ ഇടപെട്ട് അവര്‍ക്കെതിരെയുള്ള കള്ളക്കേസ് പിന്‍വലിക്കണമെന്ന് യുഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.എന്നാല്‍, കുറ്റക്കാരെ കണ്ടെത്തേണ്ടത് കോടതിയും പോലിസുമാണ് നഗരസഭക്ക് ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല എന്നായിരുന്നു മേയറുടെ മറുപടി. അക്രമത്തെ അനുകൂലിക്കുന്നില്ല. എന്നാല്‍ ഇരുകക്ഷികളും തമ്മിലുള്ള വിഷയമാണ് സംഘര്‍ഷത്തില്‍ കാലാശിച്ചത്. ഇത് സംബന്ധിച്ച സത്യാവസ്ഥ പുറത്തുകൊണ്ടു വരേണ്ടത് നിയമ സംവിധാനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് പ്രമേയം വോട്ടിനിട്ടു. ബിജെപി അംഗങ്ങള്‍ മാത്രമാണ് പ്രമേയത്തെ അനുകൂലിച്ചത്. ഇതോടെ പ്രമേയം തള്ളിയതായി മേയര്‍ അറിയിച്ചു. മറ്റ് ഔദ്യോഗിക വിഷയങ്ങള്‍ അവതരിപ്പിച്ച് യോഗ നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day