|    Aug 17 Fri, 2018 2:48 am
Home   >  Sports  >  Cricket  >  

വനിതാ ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യയുടെ പെണ്‍പട ആവേശ ജയത്തോടെ മുന്നോട്ട്‌

Published : 29th June 2017 | Posted By: ev sports

ലണ്ടന്‍: വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ വിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യക്ക് രണ്ടാം ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ പെണ്‍ താരങ്ങള്‍ വിജയം കൊയ്തത്. ആദ്യം ബാറ്റുചെയ്ത വിന്‍ഡീസ് 50 ഓവറില്‍ എട്ട് വിക്കറ്റുകള്‍ നഷ്ടത്തില്‍ പടുത്തുയര്‍ത്തിയ 183 റണ്‍സിനെ 42.3 ഓവറില്‍ മൂന്ന് വിക്കറ്റിന് 186 റണ്‍സ് നേടി ഇന്ത്യ മറികടന്നു. അപരാജിത സെഞ്ച്വറിയോടെ തകര്‍ത്തടിച്ചു കളിച്ച സ്മൃതി മന്ദനയുടെ (106) ബാറ്റിങ് പ്രകടനമാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്.

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ മിഥാലി രാജിന്റെ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്ന ബൗളിങ് പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ പുറത്തെടുത്തത്. തുടക്കം മുതലേ റണ്‍സ് വിട്ടുനല്‍കാന്‍ പിശുക്കുകാണിച്ചപ്പോള്‍ വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സ് കണ്ടെത്താനാവാതെ വലഞ്ഞു. ഓപണര്‍ ഹെയ്‌ലി മാത്യൂസ് (43) വിന്‍ഡീസ് നിരയില്‍ ടോപ് സ്‌കോററായി. മുന്‍നിരയിലും മധ്യനിരയിലും വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാര്‍ നിലതെറ്റി വീണപ്പോള്‍ ഒരു ഘട്ടത്തില്‍ ആറ് വിക്കറ്റിന് 91 റണ്‍സെന്ന ദുരന്ത മുഖത്തായിരുന്ന വിന്‍ഡീസുണ്ടായിരുന്നത്. എന്നാല്‍ വാലറ്റത്ത് ഷാനല്‍ ഡെലെ (33), ആഫി ഫ്‌ളെക്ചര്‍ (36) എന്നിവരുടെ ബാറ്റിങ് പ്രകടനമാണ് വിന്‍ഡീസിനെ 183 എന്ന സ്‌കോറിലേക്കെത്തിച്ചത്. ഇന്ത്യക്കുവേണ്ടി ദീപ്തി ശര്‍മ, പൂനം യാദവ്, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി.
വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് അക്കൗണ്ടില്‍ റണ്‍സ് ചേര്‍ക്കും മുമ്പേ പൂനം റൗത്തിനെ (0) നഷ്ടമായെങ്കിലും മന്ദനയുടേയും മിഥാലിയുടേയും (46) ബാറ്റിങ് പ്രകടനം ഇന്ത്യക്ക് രണ്ടാം വിജയം സമ്മാനിക്കുകയായിരുന്നു. 108 പന്തില്‍ 13 ഫോറും രണ്ട് സിക്‌സറും പറത്തിയാണ് മന്ദന സെഞ്ച്വറി നേടിയത്. ഇംഗ്ലണ്ടിനെതിരായ ഒന്നാം മല്‍സരത്തില്‍ മന്ദന 90 റണ്‍സെടുത്തിരുന്നു. മന്ദനയാണ് കളിയിലെ താരം.

ആസ്‌ത്രേലിയ്ക്ക് ജയം

വനിതാ ലോകകപ്പിലെ നിലവിലെ ചാംപ്യന്‍മാരായ ആസ്‌ത്രേലിയക്കും ജയം. ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ആസ്‌ത്രേലിയക്ക് ജയം ആഘോഷിച്ചത്. ശ്രീലങ്കയ്ക്കുവേണ്ടി ചമരി അട്ടപ്പട്ടു (178*) നേടിയ അപരാജിത സെഞ്ച്വറി പാഴായിപ്പോയി. ആസ്‌ത്രേലിയക്ക് വേണ്ടി ക്യാപ്റ്റന്‍ മെഗ് ലാനിങ് (152*) സെഞ്ച്വറി നേടി പുറത്താവാതെ നിന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss