|    Jul 28 Fri, 2017 4:42 am
FLASH NEWS
Home   >  Sports  >  Cricket  >  

വനിതാ ക്രിക്കറ്റ് ലോകകപ്പ്: ഇംഗ്ലണ്ട് – ദക്ഷിണാഫ്രിക്ക സെമി നാളെ (18-07-2017)

Published : 17th July 2017 | Posted By: ev sports

ലണ്ടന്‍: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ നാളെ (18-07-2017) നടക്കുന്ന ഒന്നാം സെമി ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഏറ്റുമുട്ടും. ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായി സെമി ബര്‍ത്തുറപ്പിച്ച ഇംഗ്ലണ്ടിനെ വീഴ്ത്താന്‍ നാലാം സ്ഥാനത്ത് സെമിപ്രവേശനം നേടിയ ദക്ഷിണാഫ്രിക്കയ്ക്ക് നന്നായി തന്നെ വിയര്‍ക്കേണ്ടി വരും.
ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോട് മാത്രമാണ് ഇംഗ്ലണ്ടിന് തോല്‍വി വഴങ്ങേണ്ടിവന്നത്. പാകിസ്താനും ശ്രീലങ്കയും ന്യൂസിലന്‍ഡും ആസ്‌ത്രേലിയയുമെല്ലാം ഇംഗ്ലണ്ടിന് മുന്നില്‍ മുട്ടുമടക്കിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 68 റണ്‍സിന്റെ ജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മല്‍സരത്തില്‍ വിന്‍ഡീസിനെ 92 റണ്‍സിന് തകര്‍ത്താണ് ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളത്തിലിറങ്ങുന്നത്.
അതേ സമയം നാലാം സ്ഥാനക്കാരായി സെമികളിക്കുന്ന ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ഘട്ടത്തില്‍ നാല് മല്‍സരങ്ങള്‍ വിജയിച്ചപ്പോള്‍ രണ്ട് മല്‍സരത്തില്‍ തോല്‍വിയും വഴങ്ങി. ന്യൂസിലന്‍ഡിനെതിരായ മല്‍സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തു. ആസ്‌ത്രേലിയയോടും ഇംഗ്ലണ്ടിനോടുമാണ് ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ഘട്ടത്തില്‍ പരാജയപ്പെട്ടത്. ഇരു ടീമുകളും മികവുറ്റ പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും സ്വന്തം മൈതാനത്തിന്റെ ആധിപത്യത്തില്‍ മുന്‍തൂക്കം ഇംഗ്ലണ്ടിനൊപ്പമാണ്. ബൗളിങ് കുന്തമുനയായുള്ള ദക്ഷിണാഫ്രിക്കന്‍ നിരയില്‍ വിക്കറ്റ് വേട്ടക്കാരില്‍   ഡെനി വാന്‍ നെയ്കര്‍ക്ക് 15 വിക്കറ്റുകളുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 12 വിക്കറ്റുകളുമായി മറിസണ്‍ കാപ്പ് രണ്ടാം സ്ഥാനത്തുമാണുള്ളത്. ദക്ഷിണാഫ്രിക്കയുടെ ബൗളിങ് കരുത്തിനെ വെല്ലാന്‍ ഇംഗ്ലണ്ടിന് ശക്തമായ ബാറ്റിങ് പടതന്നെയുണ്ട്. ടമി ബ്യൂമോണ്ട് 372 റണ്‍സുകളുമായി റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തും 333 റണ്‍സുമായി ഹെതര്‍ നൈറ്റ് അഞ്ചാം സ്ഥാനത്തുമാണുള്ളത്. 297 റണ്‍സുമായി സാറാ ടെയ്‌ലര്‍ ഒമ്പതാം സ്ഥാനത്തുമുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക