|    Oct 24 Wed, 2018 2:26 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്കു ഭീഷണി

Published : 15th September 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന് ഭീഷണി. കമ്മീഷന്‍ ആസ്ഥാനത്തേക്കു കത്തുകളും മനുഷ്യവിസര്‍ജ്യവും അടക്കം തപാലില്‍ അയച്ചാണു ഭീഷണി. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പിസി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരേ കേസെടുത്ത ശേഷമാണ് തനിക്ക് ഇത്തരം ഭീഷണികള്‍ ലഭിച്ചതെന്നു ജോസഫൈന്‍ പ്രതികരിച്ചു. കത്തുകളില്‍ പി സി ജോര്‍ജിനെക്കുറിച്ചും നടിയെക്കുറിച്ചും പരാമര്‍ശമുണ്ടായിരുന്നു. അതിനാല്‍ എംഎല്‍എയ്‌ക്കെതിരേ കേസെടുത്തതാവാം ഭീഷണിക്കു കാരണമെന്നു കരുതുന്നതായും അവര്‍ വ്യക്തമാക്കി. ഭീഷണിക്കത്തുകള്‍ ഡിജിപിക്ക് കൈമാറും. കേസ് പിന്‍വലിക്കണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. കമ്മീഷന്‍ ഓഫിസിലേക്ക് തപാലില്‍ മനുഷ്യവിസര്‍ജ്യവും ഭീഷണിക്കത്തുകളും ലഭിച്ചിട്ടു കുറച്ച് ദിവസങ്ങളായി. ഭീഷണിയുടെ പേരില്‍ ചുമതലകളില്‍ നിന്നു പിന്‍മാറില്ല. കേസില്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോവുമെന്നും അവര്‍ പറഞ്ഞു. കേസെടുത്തപ്പോള്‍ എംഎല്‍എ കമ്മീഷനെതിരേ രംഗത്തെത്തിയിരുന്നു.  തങ്ങള്‍ കുറച്ച് വോട്ടര്‍മാരാണ് എന്ന് പരിചയപ്പെടുത്തി വരുന്ന കത്തുകളില്‍ എംഎല്‍എയ്ക്ക് അനുകൂലമായാണു നിലപാടുകള്‍. നടിക്കെതിരേ പൊതുസ്ഥലത്ത് പി സി ജോര്‍ജ് നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണു കേസെടുത്തത്. സ്ത്രീകള്‍ക്കെതിരേ നടക്കുന്ന ഏതു തരത്തിലുള്ള അതിക്രമങ്ങളിലും വനിതാ കമ്മീഷന്‍ എടുക്കുന്ന സ്വാഭാവിക നിലപാടു മാത്രമാണിത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കു നേരെയും ഭീഷണിയുണ്ട്. അവര്‍ തന്നെ ഇതു വെളിപ്പെടുത്തിയിട്ടുണ്ടെന്നും ജോസഫൈന്‍ പറഞ്ഞു.  അതേസമയം, വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്കു നേരെയുണ്ടായ ഭീഷണിയെക്കുറിച്ച് അനേ്വഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍  ഉത്തരവിട്ടു. സംസ്ഥാന പോലിസ് മേധാവി അനേ്വഷണം നടത്തി നാലാഴ്ചയ്ക്കകം റിപോര്‍ട്ട് ഫയല്‍ ചെയ്യണമെന്ന് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ആവശ്യപ്പെട്ടു. വനിതകള്‍ക്കെതിരേ അതിക്രമങ്ങളും പീഡനങ്ങളും വര്‍ധിക്കുമ്പോള്‍ പ്രതികരിക്കേണ്ട വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്കെതിരേ ഭീഷണിയുണ്ടാവുന്നതു ഗൗരവമായി കാണണമെന്ന് ആരോഗ്യ-നിയമസംരക്ഷണ പ്രതികരണ വേദി ചെയര്‍മാന്‍ പി കെ രാജു സമര്‍പ്പിച്ച പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss