|    Jan 20 Fri, 2017 9:24 am
FLASH NEWS

വനിതാ കമ്മീഷന്‍ അദാലത്തില്‍ 24 കേസുകള്‍ തീര്‍പ്പാക്കി

Published : 30th September 2016 | Posted By: Abbasali tf

കോഴിക്കോട്: മനുഷ്യര്‍ തമ്മിലുള്ള ബന്ധം എങ്ങോട്ടുപോവുന്നു എന്നത് വിശകലനം ചെയ്യപ്പെടേണ്ടതാണെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. നൂര്‍ബിന റഷീദ്. ഇന്നലെ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ പലരും നിസ്സാര പ്രശ്‌നങ്ങള്‍ ഉന്നയിച്ചാണ് പരാതിയുമായി എത്തിയത്. ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് തീര്‍പ്പാക്കേണ്ടതാണ് മിക്കതും. സ്വത്ത് സംബന്ധിച്ച് ബന്ധുക്കളോട് നേരിട്ട് ചോദിക്കാന്‍ മടിച്ച് കമ്മീഷനില്‍ പരാതി നല്‍കി വിവരം അറിയാന്‍ ശ്രമിച്ചവരും ഇതില്‍പ്പെടുന്നു. മരണങ്ങള്‍ സംബന്ധിച്ച് പോലിസിന്റെ കേസന്വേഷണം ഫലപ്രദമല്ലെന്നു കാണിച്ച് ബന്ധുക്കളുടെ പരാതികളും ലഭിച്ചു. ഇതില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിങ് വിദ്യാര്‍ഥി ദുരൂഹസാഹചര്യത്തില്‍ മരിച്ചത് സംബന്ധിച്ച് കേസിന്റെ നിജസ്ഥിതി അറിയണമെന്ന് കാണിച്ച് കുട്ടിയുടെ അമ്മയും സഹോദരിയും കമ്മീഷന് മുമ്പിലെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് തങ്ങളുടെ കൈവശമുണ്ടായിരുന്ന എല്ലാ തെളിവുകളും മെഡിക്കല്‍ കോളജ് പോലിസിന് കൈമാറിയിരുന്നതായും എന്നാല്‍ പോലിസിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ ജൂലൈ 16 നാണ് ഉള്ള്യേരി കരിക്കാലില്‍ ഉണ്ണികൃഷ്ണന്റെ മകള്‍ ശ്രീലക്ഷ്മി (19) യെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വന്തം മുറിക്കുസമീപത്തുള്ള ഒഴിഞ്ഞ മുറിയിലായിരുന്നു മൃതദേഹം. മറ്റൊരു കേസ് അമ്മയുടെ പരാതിയാണ്. ഡോക്ടറായ മകന്‍ സഹായിക്കുന്നില്ലെന്ന് കാണിച്ച്. മകനെ പഠിപ്പിച്ച് ഡോക്ടര്‍ ആക്കിയിട്ട് ഇപ്പോള്‍ അമ്മയെ തിരിഞ്ഞ് നോക്കുന്നില്ല. പഠിപ്പിക്കാന്‍ ലോണെടുത്തതിനാല്‍ അമ്മ കടബാധ്യത ഏറ്റെടുക്കേണ്ട അവസ്ഥയിലാണ്. അമ്മമാര്‍ മക്കള്‍ക്കെതിരേ പരാതി നല്‍കേണ്ട അവസ്ഥയില്‍ വരെ കാര്യങ്ങള്‍ എത്തിയതായി അവര്‍ പറഞ്ഞു. ഗാര്‍ഹിക പീഡന കേസുകളും അയല്‍പക്കവുമായുള്ള വഴക്കുകളും കമ്മീഷനില്‍ ഇന്നലെ എത്തി. സൈബര്‍ ക്രൈം ആണ് കമ്മീഷന് മുന്നില്‍ എത്തിയിട്ടുള്ള മറ്റ് പരാതികള്‍.50 കേസുകളാണ് ഇന്നലെ കമ്മീഷനില്‍ എത്തിയത്. ഇതില്‍ 24 കേസുകള്‍ തീര്‍പ്പാക്കി. മൂന്ന് കേസുകള്‍ ഫുള്‍ കമ്മീഷനിലേക്ക് വച്ചപ്പോള്‍ മൂന്നു കേസുകളില്‍ കമ്മീഷന്‍ റിപോര്‍ട്ട് തേടി. 20 അദാലത്തുകള്‍ അടുത്ത കമ്മീഷനിലേക്ക് വച്ചതായും അവര്‍ അറിയിച്ചു. അദാലത്തില്‍ വനിതാകമ്മീഷന്‍ ഡയറക്ടര്‍ വി യു കുര്യാക്കോസ്, അഡ്വ. പി ജി മീനാ നായര്‍, അഡ്വ. ശ്രീല മേനോന്‍, വനിതാ സെല്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക